അൽ മക്തൂം വിമാനത്താവളത്തിലേക്കും ഇത്തിഹാദ് റെയിലിലേക്കും നേരിട്ടുള്ള കണക്‌ഷൻ; 80 കി.മീ പുതിയ ഗതാഗത ഇടനാഴി

അബൂദബി–ഷാർജ ബന്ധം ദുബൈ വഴി കൂടുതൽ വേഗത്തിലാകും; യാത്രാസമയം 60% വരെ കുറയും

ദുബൈ: അബൂദബിയെയും ഷാർജയെയും ദുബൈ വഴി നേരിട്ട് ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ നീളമുള്ള പുതിയ നാലാം ഗതാഗത ഇടനാഴി ഒരുങ്ങുന്നു. അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി. സാമ്പത്തിക വളർച്ചയുടെ പ്രധാന ഘടകമായും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അടിത്തറയായും അടിസ്ഥാന സൗകര്യ വികസനം മാറുകയാണെന്ന് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു. ഭാവിയിലെ ആവശ്യങ്ങൾ നേരിടാൻ ദുബൈയെ കൂടുതൽ സജ്ജമാക്കുന്നതിലെ പ്രധാന നാഴികക്കല്ലായിരിക്കും പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

അബൂദബിയിലെ അൽ ഫായ റോഡിൽ നിന്ന് ഷാർജയിലെ അൽ ഷനൂഫ് റോഡ് വരെയാണ് പുതിയ റോഡ് ഇടനാഴി. ഇരുവശങ്ങളിലുമായി ആകെ 12 വരികളുള്ള റോഡിൽ 72 പാലങ്ങളും 17 അടിപ്പാതകളും ഉൾപ്പെടും. പദ്ധതി പൂർത്തിയാകുന്നതോടെ യാത്രാസമയം 60 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ. 31 ലക്ഷത്തിലധികം പേർക്ക് പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കും. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെയും ദേശീയ ഇത്തിഹാദ് റെയിൽ ശൃംഖലയെയും പുതിയ റോഡ് നേരിട്ട് ബന്ധിപ്പിക്കും.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഷാർജയിലെ അൽ ഷനൂഫ് റോഡിൽ നിന്ന് ദുബൈ–അൽ ഐൻ റോഡ് വരെയുള്ള ഭാഗമാണ് വികസിപ്പിക്കുന്നത്. ഇതിനായി 350 കോടി ദിർഹം ചെലവഴിക്കാനാണ് പദ്ധതിയിടുന്നത്. വർധിച്ചുവരുന്ന ജനസംഖ്യയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും അനുസരിച്ച് ദുബൈയുടെ ഗതാഗത ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ദീർഘവീക്ഷണമുള്ള നിക്ഷേപങ്ങളുടെ ഭാഗമായാണ് പുതിയ ഇടനാഴി ഒരുക്കുന്നത്.



No comments:

Post a Comment