യു.എ.ഇ എമിറേറ്റ്സ് ഐ.ഡി ഉള്ളവർക്ക് 5 ദിർഹം; വിദേശികൾക്ക് 10 ദിർഹം — പ്രാർഥനയ്‌ക്കെത്തുന്നവർക്ക് ഫീസ് ഇല്ല
അബൂദബി: അബൂദബിയിലെ പ്രശസ്തമായ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിൽ സന്ദർശകർക്ക് ഇനി പ്രവേശന ഫീസ്. യു.എ.ഇ എമിറേറ്റ്സ് ഐ.ഡി ഉള്ളവർക്ക് 5 ദിർഹവും വിദേശ വിനോദസഞ്ചാരികൾക്ക് 10 ദിർഹവുമാണ് ഫീസ്. എന്നാൽ പ്രാർഥനയ്ക്കായി എത്തുന്നവർക്ക് പ്രവേശനം സൗജന്യമാണ്. 60 വയസ്സിന് മുകളിലുള്ളവർ, മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്കും ഫീസ് ബാധകമല്ല. സന്ദർശകർക്ക് ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒരു മാസം മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.
ശനി മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ രാത്രി 8.30 വരെയാണ് സന്ദർശന സമയം. വെള്ളിയാഴ്ച രാവിലെ 9 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.30 മുതൽ രാത്രി 8.30 വരെയും പ്രവേശനം അനുവദിക്കും. സന്ദർശകർക്കായി 30 മുതൽ 45 മിനിറ്റ് വരെ ദൈർഘ്യമുള്ള പ്രത്യേക സാംസ്കാരിക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. മോസ്‌കിന്റെ നിർമാണ ചരിത്രത്തിനൊപ്പം സഹിഷ്ണുത, സഹവർത്തിത്വം തുടങ്ങിയ സന്ദേശങ്ങളും പ്രദർശനത്തിലൂടെ പരിചയപ്പെടുത്തും. 2026ലെ ആദ്യ ആറുമാസത്തിനിടെ 31.2 ലക്ഷം പേരാണ് മോസ്‌ക് സന്ദർശിച്ചത്. ഇതിൽ 18 ലക്ഷത്തിലധികം പേർ പ്രാർഥനയ്ക്കും 12 ലക്ഷത്തോളം പേർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുമായിരുന്നു. സന്ദർശകരിൽ 52 ശതമാനവും ഏഷ്യയിൽ നിന്നുള്ളവരാണ്. ഇതിൽ 21 ശതമാനവുമായി ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ.
യു.എ.ഇയിലെ ഏറ്റവും വലിയ മസ്ജിദായ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് രാഷ്ട്രപിതാവായ അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ ദർശനത്തിന്റെ ഭാഗമായി നിർമിച്ചതാണ്. 82 വെള്ള മാർബിൾ ഗോളാകാര മിനാരങ്ങൾ, ആയിരത്തിലധികം തൂണുകൾ, വലിയ ക്രിസ്റ്റൽ ചാൻഡിലിയറുകൾ, ലോകത്തിലെ ഏറ്റവും വലിയ കൈകൊണ്ട് നെയ്ത പരവതാനി എന്നിവയാണ് മോസ്‌കിന്റെ പ്രധാന ആകർഷണങ്ങൾ.

No comments:
Post a Comment