കാണുന്നതും കേൾക്കുന്നതും എല്ലാം സത്യമാകണമെന്നില്ല; യുഎഇയിൽ എഐ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

വ്യാജ ശബ്ദങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാൻ ശ്രമം

ദുബായ്: നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് യഥാർഥമെന്ന് തോന്നിക്കുന്ന ചിത്രങ്ങളും ശബ്ദരേഖകളും സൃഷ്ടിച്ച് നടത്തുന്ന തട്ടിപ്പുകൾക്കെതിരെ യുഎഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. കണ്ണുകൊണ്ട് കാണുന്നതോ കാതുകൊണ്ട് കേൾക്കുന്നതോ മാത്രം അടിസ്ഥാനമാക്കി വിവരങ്ങൾ വിശ്വസിക്കരുതെന്നും, സംശയകരമായ ഉള്ളടക്കങ്ങൾ ലഭിച്ചാൽ സൂക്ഷ്മത പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയത്തെയോ അതിലെ ഉദ്യോഗസ്ഥരെയോ ജീവനക്കാരെയോ അനുകരിക്കുന്ന തരത്തിൽ വ്യാജ സന്ദേശങ്ങളും ചിത്രങ്ങളും ശബ്ദങ്ങളും തയ്യാറാക്കിയാണ് തട്ടിപ്പുകാർ ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിലൂടെ വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കാനും പണം തട്ടിയെടുക്കാനും ലക്ഷ്യമിടുന്നതായി മന്ത്രാലയം അറിയിച്ചു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇത്തരം തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ബോധവൽക്കരണ പ്രചാരണത്തിനും മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്. ‘നിങ്ങൾ കാണുന്നത് യഥാർഥമായിരിക്കണമെന്നില്ല; കബളിപ്പിക്കപ്പെടാതിരിക്കുക’ എന്നാണ് പ്രചാരണത്തിലൂടെ നൽകുന്ന പ്രധാന മുന്നറിയിപ്പ്.



No comments:

Post a Comment