എയർ ഇന്ത്യ–ഫ്ലൈ ദുബൈ സഹകരണം; ഇന്ത്യക്കാർക്ക് കൂടുതൽ അന്താരാഷ്ട്ര യാത്രാ സൗകര്യം

ഒറ്റ ടിക്കറ്റിൽ കൂടുതൽ നഗരങ്ങളിലേക്ക് യാത്ര; ദുബൈ, ഡൽഹി, മുംബൈ പ്രധാന ട്രാൻസിറ്റ് കേന്ദ്രങ്ങൾ

ദുബൈ: യു.എ.ഇയ്ക്കും ഇന്ത്യക്കുമിടയിലെ യാത്രക്കാർക്ക് കൂടുതൽ കണക്റ്റിവിറ്റി ഒരുക്കാൻ എയർ ഇന്ത്യയും ഫ്ലൈ ദുബൈയും പുതിയ ഇന്റർലൈൻ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ദുബൈ, ഡൽഹി, മുംബൈ എന്നിവയെ പ്രധാന ട്രാൻസിറ്റ് കേന്ദ്രങ്ങളാക്കി ഇരു വിമാനക്കമ്പനികളുടെയും സർവീസുകൾ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. കരാർ പ്രാബല്യത്തിൽ വരുന്നതോടെ എയർ ഇന്ത്യ യാത്രക്കാർക്ക് ദുബൈ വഴി ഫ്ലൈ ദുബൈയുടെ നെറ്റ്‌വർക്കിലെ 52 അധിക നഗരങ്ങളിലേക്ക് യാത്ര ചെയ്യാം. ഇതിൽ യൂറോപ്പിലെ 23 നഗരങ്ങളും പശ്ചിമേഷ്യയിലെ 21 കേന്ദ്രങ്ങളും ആഫ്രിക്കയിലെ ആറ് നഗരങ്ങളും ഉൾപ്പെടുന്നു.

അതേസമയം, ഫ്ലൈ ദുബൈ യാത്രക്കാർക്ക് ഡൽഹി, മുംബൈ എന്നിവ വഴി എയർ ഇന്ത്യയുടെ നെറ്റ്‌വർക്കിലെ 69 നഗരങ്ങളിലേക്കും യാത്രാ സൗകര്യം ലഭിക്കും. ബെംഗളൂരു, ചെന്നൈ, ചണ്ഡീഗഡ്, ഗോവ, ജയ്പൂർ, പുണെ, വാരണാസി തുടങ്ങിയ ഇന്ത്യൻ നഗരങ്ങൾക്കൊപ്പം മെൽബൺ, സിഡ്‌നി, സിംഗപ്പൂർ, ടോക്കിയോ, ക്വാലാലംപൂർ, ബാലി, സിയോൾ തുടങ്ങിയ അന്താരാഷ്ട്ര നഗരങ്ങളിലേക്കും കണക്റ്റിവിറ്റി ലഭ്യമാകും. രണ്ട് വിമാനക്കമ്പനികളുടെയും സർവീസുകൾ ഉൾപ്പെടുത്തി ഒറ്റ ടിക്കറ്റിൽ യാത്ര ബുക്ക് ചെയ്യാമെന്നതാണ് പ്രധാന നേട്ടം. കൂടാതെ, ലഗേജ് നേരിട്ട് അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യവും ലഭിക്കും. ഇതോടെ പ്രത്യേകം ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടിവരുന്നതും കണക്ഷൻ യാത്രകളിലെ ബുദ്ധിമുട്ടുകളും കുറയും. കുടുംബ സന്ദർശനങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന ഗൾഫ് പ്രവാസികൾക്ക് പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടും.

അതേസമയം, വരാനിരിക്കുന്ന ശീതകാല യാത്രാ സീസണിൽ യു.എ.ഇക്കും ഇന്ത്യക്കുമിടയിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ചേർന്ന് ആഴ്ചയിൽ 272 സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ ഗൾഫ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റീജിയണൽ മാനേജർ പി.പി. സിങ് അറിയിച്ചു. ഒക്ടോബർ 26 മുതൽ മാർച്ച് അവസാനം വരെയാണ് വിന്റർ ഷെഡ്യൂൾ.



No comments:

Post a Comment