ദുബായ്: താമസ മേഖലകളിലെ അനധികൃത കൂട്ടത്താമസത്തിനെതിരെ ദുബായ് മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കി. 2026ന്റെ തുടക്കം മുതൽ നടത്തിയ 16,000ത്തിലേറെ പരിശോധനകളിൽ 2,395 നിയമലംഘനങ്ങൾ കണ്ടെത്തി. അനുമതിയില്ലാത്ത മേഖലകളിൽ ബാച്‌ലർമാരെ താമസിപ്പിക്കുന്നതും അനുവദനീയമല്ലാത്ത രീതിയിൽ ഒരേ യൂണിറ്റിൽ ഒന്നിലേറെ കുടുംബങ്ങളെ പാർപ്പിക്കുന്നതും പ്രധാന നിയമലംഘനങ്ങളിൽപ്പെടുന്നു.
അനുമതിയില്ലാതെ മുറികൾ വിഭജിക്കുകയോ കെട്ടിടത്തിൽ നിർമാണമാറ്റങ്ങൾ വരുത്തുകയോ ചെയ്യരുത്. താമസ ശേഷിയിൽ കവിഞ്ഞ് ആളുകളെ പാർപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. ഷെയറിങ് താമസ സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് ആവശ്യമായ അനുമതികളും നിശ്ചിത സുരക്ഷാ, താമസ മാനദണ്ഡങ്ങളും പാലിക്കണം. നിയമലംഘനങ്ങൾക്ക് 500 മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ചുമത്താം; ഒരു വർഷത്തിനുള്ളിൽ ആവർത്തിച്ചാൽ പിഴ ഇരട്ടിയാകാം.
നിലവിൽ പ്രവർത്തിക്കുന്ന ഷെയറിങ് താമസ സൗകര്യങ്ങൾ പുതിയ ചട്ടങ്ങൾക്കനുസരിച്ച് ക്രമീകരിക്കാൻ 2026 ഓഗസ്റ്റ് 26 മുതൽ ഒരു വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. അതേസമയം, ഷെയറിങ് താമസം പൂർണമായി നിരോധിച്ചിട്ടില്ല; അനുമതിയും നിശ്ചിത മാനദണ്ഡങ്ങളും പാലിച്ചുള്ള താമസ സംവിധാനമാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.

No comments:
Post a Comment