യുഎഇയിൽ ഫോൺപേയ്ക്ക് സെൻട്രൽ ബാങ്കിന്റെ പ്രാഥമിക അനുമതി

പേയ്മെന്റ് സേവനങ്ങളുമായി യുഎഇ വിപണിയിലേക്ക് എത്താൻ ഒരുങ്ങുന്നു; രണ്ട് ലൈസൻസുകൾക്ക് ആദ്യഘട്ട അംഗീകാരം

ദുബൈ: ഇന്ത്യൻ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്‌ഫോമായ ഫോൺപേയ്ക്ക് യുഎഇയിൽ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനുള്ള രണ്ട് ലൈസൻസുകൾക്ക് സെൻട്രൽ ബാങ്കിന്റെ പ്രാഥമിക തത്വത്തിലുള്ള അംഗീകാരം ലഭിച്ചു. റീട്ടെയിൽ പേയ്മെന്റ് സേവനങ്ങൾ, കാർഡ് സ്കീമുകൾ, സ്റ്റോർഡ് വാല്യു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾക്കാണ് ആദ്യഘട്ട അനുമതി ലഭിച്ചതെന്ന് കമ്പനി ചൊവ്വാഴ്ച അറിയിച്ചു.

ആദ്യഘട്ട നിയന്ത്രണ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ഈ പ്രാഥമിക അംഗീകാരം ലഭിച്ചത്. എന്നാൽ യുഎഇയിൽ വാണിജ്യാടിസ്ഥാനത്തിൽ സേവനങ്ങൾ ആരംഭിക്കുന്നതിന് സെൻട്രൽ ബാങ്കിന്റെ അന്തിമ അനുമതി കൂടി ആവശ്യമാണ്. അന്തിമ അംഗീകാരം ലഭിച്ചാൽ പ്രാദേശിക ബാങ്കുകൾ, അംഗീകൃത പേയ്മെന്റ് സേവനദാതാക്കൾ, സാങ്കേതിക വിതരണക്കാർ എന്നിവരുമായി സഹകരിച്ച് പ്രവർത്തനം വിപുലീകരിക്കാനാണ് ഫോൺപേയുടെ പദ്ധതി.

2016-ൽ പ്രവർത്തനം ആരംഭിച്ച ഫോൺപേ, ഇന്ത്യയുടെ യുപിഐ സംവിധാനത്തിലൂടെ പണമിടപാടുകൾ, ബിൽ പേയ്മെന്റുകൾ, റീചാർജ് തുടങ്ങിയ സേവനങ്ങൾ നൽകുന്ന പ്രമുഖ ഫിൻടെക് പ്ലാറ്റ്‌ഫോമാണ്. അമേരിക്കൻ റീട്ടെയിൽ ഭീമനായ വാൾമാർട്ടിന്റെ പിന്തുണയുള്ള കമ്പനിയുടെ യുഎഇ പ്രവേശനം ഇന്ത്യ–യുഎഇ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾക്ക് കൂടുതൽ സാധ്യതകൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. വിപണിയിലെ ചാഞ്ചാട്ടത്തെ തുടർന്ന് നേരത്തെ മാറ്റിവച്ചിരുന്ന ഓഹരി വിൽപ്പന വിപണി സ്ഥിരത കൈവരിച്ച ശേഷം പുനരാരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.



No comments:

Post a Comment