തൊഴിൽ നിയമം ലംഘിച്ചാൽ കമ്പനികൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ!

വർക്ക് പെർമിറ്റിലെ ക്രമക്കേടുകൾ ഉൾപ്പെടെ അഞ്ച് പ്രധാന നിയമലംഘനങ്ങളിൽ കർശന നടപടി

അബൂദബി: യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം (MoHRE) മുന്നറിയിപ്പ് നൽകി. സാധുവായ വർക്ക് പെർമിറ്റില്ലാതെ തൊഴിലാളികളെ നിയമിക്കുക, റിക്രൂട്ട് ചെയ്തവർക്ക് യഥാർഥ ജോലിയും ചുമതലകളും നൽകാതിരിക്കുക, അനുവദിച്ച ആവശ്യത്തിനല്ലാതെ പെർമിറ്റുകൾ ഉപയോഗിക്കുക, തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങളും ആനുകൂല്യങ്ങളും തീർപ്പാക്കാതെ സ്ഥാപനം അടച്ചുപൂട്ടുക, നിയമവിരുദ്ധമായി പ്രായപൂർത്തിയാകാത്തവരെ ജോലിക്കെടുക്കുക എന്നിവയാണ് മന്ത്രാലയം ചൂണ്ടിക്കാട്ടിയ പ്രധാന ലംഘനങ്ങൾ.

തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് വിവിധ വിഭാഗങ്ങളിലായി 12 തരത്തിലുള്ള വർക്ക് പെർമിറ്റുകളും മന്ത്രാലയം വിശദീകരിച്ചു. വിദേശത്തുനിന്നുള്ള റിക്രൂട്ട്‌മെന്റ്, സ്ഥാപനങ്ങൾക്കിടയിലെ ട്രാൻസ്ഫർ, കുടുംബ വീസയിലുള്ളവരുടെ നിയമനം, താൽക്കാലിക ജോലി, മിഷൻ ജോലി, പാർട്ട് ടൈം ജോലി, ജുവനൈൽ പെർമിറ്റ്, വിദ്യാർഥി പരിശീലനം, യുഎഇ-ജി.സി.സി പൗരന്മാർക്കുള്ള പെർമിറ്റ്, ഗോൾഡൻ വീസ ഉടമകൾക്കുള്ള പെർമിറ്റ്, ട്രെയിനി പെർമിറ്റ്, സ്വകാര്യ ട്യൂഷൻ പെർമിറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

തൊഴിലിന്റെ സ്വഭാവത്തിനും നിയമപരമായ ആവശ്യങ്ങൾക്കും അനുയോജ്യമായ വർക്ക് പെർമിറ്റ് തിരഞ്ഞെടുക്കുകയും നിബന്ധനകൾ പാലിക്കുകയും ചെയ്യേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്തമാണ്. തൊഴിൽ നിയമങ്ങൾ പാലിക്കുന്നത് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ വിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനും നിർണായകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.



No comments:

Post a Comment