പാസ്പോർട്ട് കാത്തിരിക്കുന്നവർക്ക് പകരം കേന്ദ്രങ്ങൾ നിശ്ചയിച്ചു; സേവനസമയവും അപ്പോയിന്റ്മെന്റ് വിവരങ്ങളും അറിയാം
ദുബായ്/അബുദാബി: യുഎഇയിൽ അടച്ചുപൂട്ടിയ നാല് ഇന്ത്യൻ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽനിന്ന് രേഖകൾ കൈപ്പറ്റാൻ കാത്തിരിക്കുന്നവർ ഇനി പകരം കേന്ദ്രങ്ങളെ സമീപിക്കണം. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് (DIP), ഷാർജ അൽ മജാസ് എന്നിവിടങ്ങളിൽനിന്ന് പാസ്പോർട്ട് കൈപ്പറ്റേണ്ടവർ ബർദുബായിലെ യു.ഡബ്ല്യു. മാളിലേക്കും അബുദാബിയിലെ മുസഫ, അൽ റീം കേന്ദ്രങ്ങളിൽനിന്ന് രേഖകൾ ലഭിക്കേണ്ടവർ അൽ ദാന സെന്ററിലേക്കുമാണ് പോകേണ്ടത്.
നാല് കേന്ദ്രങ്ങളും സ്ഥിരമായി അടച്ചതോടെ യുഎഇയിലെ ഇന്ത്യൻ വീസ, പാസ്പോർട്ട് സേവന കേന്ദ്രങ്ങളുടെ എണ്ണം 12 ആയി കുറഞ്ഞു. തത്കാൽ പാസ്പോർട്ട് അപേക്ഷകൾ, നവജാതശിശുക്കൾക്കുള്ള അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റ് അപേക്ഷകൾ, 60 വയസ്സും അതിൽ കൂടുതലുമുള്ളവരുടെ അപേക്ഷകൾ എന്നിവ 12 കേന്ദ്രങ്ങളിലും മുൻകൂർ അപ്പോയിന്റ്മെന്റില്ലാതെ സ്വീകരിക്കും. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും സേവനം.
എല്ലാ കേന്ദ്രങ്ങളും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. നിശ്ചയിച്ച അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ അപേക്ഷകർക്ക് അകത്ത് പ്രവേശിക്കാനാകൂ. consularsevainuae.com വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. പുതിയ ബുക്കിങ്ങുകൾ ദിവസവും രാവിലെ 9നും രാത്രി 9നും ലഭ്യമാക്കും.

No comments:
Post a Comment