ടിക് ടോകിലും സ്നാപ്ചാറ്റിലും വീഡിയോ പങ്കുവെച്ച സംഭവം; സാമ്പത്തിക നഷ്ടത്തിന് തെളിവില്ലാത്തതിനാൽ ഉയർന്ന നഷ്ടപരിഹാര ആവശ്യം തള്ളി
അബുദബി: അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിലൂടെ സ്വകാര്യതയും വ്യക്തിമാനവും ലംഘിച്ച സംഭവത്തിൽ 20,000 ദിർഹം നഷ്ടപരിഹാരം നൽകാൻ യുവാവിനോട് അബുദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് അപ്പീൽ കോടതി ഉത്തരവിട്ടു. ടിക് ടോക്, സ്നാപ്ചാറ്റ് അക്കൗണ്ടുകളിലൂടെ വീഡിയോ അധിക്ഷേപകരമായ കമന്റുകളോടെ പ്രചരിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് വിധി. സാമ്പത്തിക നഷ്ടവും മാനസിക പ്രയാസങ്ങളും ചൂണ്ടിക്കാട്ടി 4.5 ലക്ഷം ദിർഹം നഷ്ടപരിഹാരവും അഞ്ച് ശതമാനം പലിശയും കോടതി ചെലവുകളും ആവശ്യപ്പെട്ട് ഇൻഫ്ലുവൻസർ നൽകിയ ഹർജിയിലാണ് നടപടി.
അനുമതിയില്ലാതെ ചിത്രീകരിച്ച വീഡിയോ പ്രചരിപ്പിച്ചത് തന്റെ വ്യക്തിജീവിതത്തെയും കുടുംബത്തെയും പരസ്യ ബിസിനസിനെയും വരുമാനത്തെയും പ്രതികൂലമായി ബാധിച്ചെന്നായിരുന്നു ഹർജിക്കാരന്റെ വാദം. സംഭവത്തിൽ യുവാവിന് നേരത്തെ ക്രിമിനൽ കോടതി 50,000 ദിർഹം പിഴ ചുമത്തുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ക്രിമിനൽ കോടതിയുടെ കണ്ടെത്തലുകൾ സിവിൽ കോടതിക്കും ബാധകമാണെന്ന് വിലയിരുത്തിയ അപ്പീൽ കോടതി കുറ്റം നടന്നതായി സ്ഥിരീകരിച്ചു.
എന്നാൽ, വീഡിയോ പ്രചരിപ്പിച്ചതിലൂടെ സാമ്പത്തിക നഷ്ടമോ ബിസിനസ് അവസരങ്ങളുടെ കുറവോ ഉണ്ടായെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ഹർജിക്കാരന് സാധിച്ചില്ല. ഇതോടെ 4.5 ലക്ഷം ദിർഹത്തിന്റെ നഷ്ടപരിഹാര ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം, അനുമതിയില്ലാത്ത വീഡിയോ ചിത്രീകരണവും പ്രചാരണവും സ്വകാര്യതയെയും അഭിമാനത്തെയും ബാധിക്കുകയും മാനസിക പ്രയാസങ്ങൾ സൃഷ്ടിക്കുകയും ചെയ്തതായി നിരീക്ഷിച്ച കോടതി, ഇതിന് പരിഹാരമായി 20,000 ദിർഹം നഷ്ടപരിഹാരവും കേസിന്റെ ചെലവുകളും നൽകാൻ പ്രതിയോട് ഉത്തരവിട്ടു.

No comments:
Post a Comment