രക്തത്തിലെ പഞ്ചസാരയും ഉപ്പിന്റെ അമിത ഉപയോഗവും ആരോഗ്യരംഗത്ത് ആശങ്ക ഉയർത്തുന്നു; ദേശീയ ആരോഗ്യ സർവേ റിപ്പോർട്ട് പുറത്ത്
ദുബൈ: യുഎഇയിലെ മുതിർന്നവരിൽ 54.2 ശതമാനം പേർക്കും ഉയർന്ന കൊളസ്ട്രോൾ ഉള്ളതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയത്തിന്റെ ദേശീയ ആരോഗ്യ സർവേ റിപ്പോർട്ട്. രാജ്യത്തെ 9,997 വീടുകളെ ഉൾപ്പെടുത്തി നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. മുൻ സർവേയെ അപേക്ഷിച്ച് പൊണ്ണത്തടി, പുകവലി, ഉയർന്ന രക്തസമ്മർദം എന്നിവ കുറഞ്ഞെങ്കിലും കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവ വർധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉയർന്ന കൊളസ്ട്രോൾ ഉള്ളവരുടെ നിരക്ക് 43.7 ശതമാനത്തിൽ നിന്ന് 54.2 ശതമാനമായാണ് ഉയർന്നത്. പ്രായം കൂടുന്നതിനനുസരിച്ച് കൊളസ്ട്രോൾ നിരക്കും വർധിക്കുന്നു. കൊളസ്ട്രോൾ ഉള്ളവരിൽ 23 ശതമാനം പേർ ഇതുവരെ പരിശോധന നടത്തിയിട്ടില്ല. ഫാസ്റ്റിംഗ് ഗ്ലൂക്കോസ് ഉയർന്നവരുടെ നിരക്ക് 11.8ൽ നിന്ന് 12.5 ശതമാനമായി ഉയർന്നപ്പോൾ, ഉയർന്ന രക്തസമ്മർദമുള്ളവരുടെ നിരക്ക് 28.8ൽ നിന്ന് 25.9 ശതമാനമായി കുറഞ്ഞു.
പൊണ്ണത്തടിയുള്ള മുതിർന്നവരുടെ നിരക്ക് 27.8ൽ നിന്ന് 22.4 ശതമാനമായി കുറഞ്ഞത് ആരോഗ്യരംഗത്തെ നേട്ടമായി വിലയിരുത്തുന്നു. എന്നാൽ 66.7 ശതമാനം മുതിർന്നവരും ഇപ്പോഴും അമിതഭാരമുള്ളവരാണ്. സ്ത്രീകളിലാണ് പൊണ്ണത്തടി കൂടുതലായി കാണപ്പെട്ടത്. ശാരീരിക വ്യായാമം ചെയ്യാത്തവരുടെ നിരക്ക് 70.8ൽ നിന്ന് 59.1 ശതമാനമായി കുറഞ്ഞതോടെ 2030-ലേക്ക് നിശ്ചയിച്ചിരുന്ന ശാരീരിക പ്രവർത്തന ലക്ഷ്യം യുഎഇ നേരത്തേ തന്നെ കൈവരിച്ചു. പുകവലി നിരക്കും 9.1ൽ നിന്ന് 8.7 ശതമാനമായി കുറഞ്ഞു. 18 മുതൽ 29 വയസ്സ് വരെയുള്ള യുവാക്കളിലാണ് പുകവലി കൂടുതലായി കാണുന്നത്. ഇ-സിഗരറ്റിന്റെയും മിദ്വാഖിന്റെയും ഉപയോഗം യുവാക്കൾക്കിടയിൽ വർധിക്കുന്നത് പുതിയ ആരോഗ്യ വെല്ലുവിളിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മുതിർന്നവർ ദിവസവും ശരാശരി 10 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നതായി സർവേ കണ്ടെത്തി. ഇത് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന അളവിന്റെ ഇരട്ടിയിലധികമാണ്. അമിതമായ ഉപ്പ് ഉപയോഗം ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. നേരത്തെയുള്ള കാൻസർ പരിശോധനകളിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും ഇപ്പോഴും കുറവാണ്. സർവേയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ആരോഗ്യപ്രശ്നങ്ങളെ നേരിടാൻ പുതിയ ദേശീയ ആരോഗ്യ പദ്ധതികൾ തയ്യാറാക്കുമെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

No comments:
Post a Comment