ഷാർജയിൽ 2.12 മീറ്റർ ഉയരമുള്ള സ്വർണ അത്ഭുതം

ഗിന്നസ് റെക്കോർഡ് നേടിയ ഭീമൻ സ്വർണക്കട്ടി കാണാൻ എക്സ്പോ സെന്ററിൽ തിരക്ക്

ഷാർജ: 2.12 മീറ്റർ ഉയരമുള്ള ഭീമൻ സ്വർണക്കട്ടി സന്ദർശകരുടെ ശ്രദ്ധനേടി. ഷാർജ എക്സ്പോ സെന്ററിൽ ആരംഭിച്ച 58-ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയിലാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ച ഈ സ്വർണനിർമിതി പ്രദർശിപ്പിച്ചിരിക്കുന്നത്. ബുളിയൻ ട്രേഡിങ് കമ്പനി (BTC) ആണ് ഇത് അവതരിപ്പിച്ചത്. 6 അടി 11.5 ഇഞ്ചാണ് ഇതിന്റെ ഉയരം.

വ്യത്യസ്തമായ അനുഭവമാണ് സന്ദർശകർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്വർണത്തിന്റെ അളവുകോൽ മാതൃകയിലാണ് നിർമിതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന് മുന്നിൽ നിന്നുകൊണ്ട് സ്വന്തം ഉയരം സ്വർണത്തിന്റെ അളവിൽ എത്രയെന്ന് നോക്കാൻ സാധിക്കും. ‘നിങ്ങളുടെ ഉയരം സ്വർണത്തിൽ അളക്കൂ’ എന്ന ആശയത്തിലുള്ള ഈ സംവിധാനത്തിനരികെ ഫോട്ടോ എടുക്കാനും നിരവധി പേരാണ് എത്തുന്നത്.

ഒക്ടോബർ 4 വരെയാണ് ഷോ നടക്കുന്നത്. ഇന്ത്യ, ഇറ്റലി, സിംഗപ്പൂർ ഉൾപ്പെടെ 19 രാജ്യങ്ങളിൽ നിന്നുള്ള 500-ലേറെ ബ്രാൻഡുകൾ പ്രദർശനത്തിന്റെ ഭാഗമായിട്ടുണ്ട്. സ്വർണാഭരണങ്ങളുടെയും മറ്റ് ജ്വല്ലറി ഉൽപന്നങ്ങളുടെയും വിപുലമായ പ്രദർശനത്തിനിടയിലാണ് ഭീമൻ സ്വർണക്കട്ടിയും പ്രധാന ആകർഷണമായി മാറിയത്.



No comments:

Post a Comment