ജനൽ ഗ്രില്ലുകൾ സ്ഥാപിച്ചാൽ 30,000 ദിർഹം വരെ പിഴ

അടിയന്തര രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്ന ഇരുമ്പ് ബാറുകൾ അനുവദിക്കില്ലെന്ന് അബൂദബി സിവിൽ ഡിഫൻസ്

അബൂദബി: കെട്ടിടങ്ങളുടെ മുകളിലെ നിലകളിലെ ജനലുകളിൽ അഗ്നിശമന സേനയുടെയും രക്ഷാപ്രവർത്തകരുടെയും പ്രവേശനത്തിന് തടസ്സമാകുന്ന രീതിയിൽ ഇരുമ്പ് ഗ്രില്ലുകളോ ബാറുകളോ സ്ഥാപിച്ചാൽ 30,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു. തീപിടിത്തം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം വേഗത്തിൽ നടത്തുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഗ്രൗണ്ട് ഫ്‌ളോറിന് മുകളിലുള്ള നിലകളിലെ ജനലുകൾ അടിയന്തര ഘട്ടത്തിൽ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർക്ക് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത തരത്തിൽ ഇരുമ്പ് ബാറുകൾ ഉപയോഗിച്ച് അടച്ചിടുന്നത് നിയമവിരുദ്ധമാണ്. പാരമ്പര്യ രീതിയിൽ നിർമിച്ച കെട്ടിടങ്ങൾക്കും പ്രീ-ഫാബ്രിക്കേറ്റഡ് കെട്ടിടങ്ങൾക്കും ഉൾപ്പെടെ നിലവിലുള്ള എല്ലാ കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്.

എന്നാൽ, സ്വകാര്യ വില്ലകളും താമസ വീടുകളും ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തകർക്ക് തടസ്സമില്ലാതെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്നത് ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ നിർണായകമാണെന്ന് അബൂദബി സിവിൽ ഡിഫൻസ് വ്യക്തമാക്കി.



No comments:

Post a Comment