യുഎഇ: ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ പുതിയ ഡിജിറ്റൽ വായ്പാ സേവനവുമായി ബോട്ടിം ബിസിനസ്. അർഹരായ സ്ഥാപനങ്ങൾക്ക് 10,000 ദിർഹം മുതൽ പരമാവധി 5 ലക്ഷം ദിർഹം വരെ വായ്പ ലഭിക്കും. ജീവനക്കാരുടെ ശമ്പളം, ദൈനംദിന പ്രവർത്തനച്ചെലവുകൾ, ഉപകരണങ്ങൾ വാങ്ങൽ, ബിസിനസ് വികസനം തുടങ്ങിയ ആവശ്യങ്ങൾക്ക് തുക വിനിയോഗിക്കാം. വായ്പ തിരിച്ചടയ്ക്കാൻ 12 മാസം വരെ സമയം അനുവദിക്കും.
ഫിൻടെക്, പേയ്മെന്റ് സേവനദാതാക്കളായ ഗീഡിയയുമായി സഹകരിച്ചാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഗീഡിയയുടെയും പങ്കാളികളുടെയും ശൃംഖലയിലൂടെ 30,000-ത്തിലധികം വ്യാപാരികളിലേക്ക് സേവനം എത്തിക്കാനാണ് ലക്ഷ്യം. പരിമിത ബാധ്യതാ കമ്പനികൾക്കും (LLC) ഏക ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കും (Sole Proprietorship) നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാൽ അപേക്ഷിക്കാം. ഇടപാടുകളുടെ വിവരങ്ങൾ, പണമൊഴുക്ക്, ക്രെഡിറ്റ് പെരുമാറ്റം തുടങ്ങിയവ നിർമിതബുദ്ധി (AI) ഉപയോഗിച്ച് വിലയിരുത്തിയാണ് വായ്പാ യോഗ്യതയും അനുവദിക്കാവുന്ന തുകയും നിർണയിക്കുന്നത്. എന്നാൽ വായ്പ ലഭിക്കുന്നത് പരിശോധനയ്ക്കും നിബന്ധനകൾക്കും വിധേയമായിരിക്കും.
യുഎഇയിലെ ആകെ ബിസിനസ് സ്ഥാപനങ്ങളിൽ ഏകദേശം 94 ശതമാനവും ചെറുകിട, ഇടത്തരം സംരംഭങ്ങളാണെന്നും രാജ്യത്തിന്റെ എണ്ണയിതര ജിഡിപിയിൽ ഇവയുടെ സംഭാവന 60 ശതമാനത്തിലധികമാണെന്നും ബോട്ടിം അറിയിച്ചു. ഈ മേഖലയിലെ സ്ഥാപനങ്ങൾക്ക് സമയബന്ധിതമായി പ്രവർത്തന മൂലധനം ലഭ്യമാക്കുകയാണ് പുതിയ സേവനത്തിന്റെ ലക്ഷ്യം. 2030-ഓടെ രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണം 10 ലക്ഷമായി ഉയർത്താനുള്ള യുഎഇയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതായും ബോട്ടിം സിഇഒ ഡോ. താരിഖ് ബിൻ ഹിന്ദിയും ഗീഡിയ യുഎഇ സിഇഒ പങ്കജ് കുന്ദ്രയും വ്യക്തമാക്കി.

No comments:
Post a Comment