ദുബൈയിൽ 60 ഫാൻസി നമ്പറുകൾ ലേലത്തിന്

ഒക്ടോബർ 24ന് തുറന്ന ലേലം; രജിസ്ട്രേഷൻ ഒക്ടോബർ 19 മുതൽ, സെക്യൂരിറ്റി ഡെപ്പോസിറ്റ് 25,000 ദിർഹം

ദുബൈ: ആകർഷകമായ വാഹന നമ്പറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) 60 നമ്പറുകൾ ലേലത്തിന് വെക്കുന്നു. ഒക്ടോബർ 24ന് അൽ ഹബ്‌തൂർ സിറ്റിയിലെ ഹിൽട്ടൺ ഹോട്ടലിലാണ് തുറന്ന ലേലം നടക്കുക.

രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള നമ്പറുകളാണ് ലേലത്തിലുള്ളത്. AA, BB, CC, H, U, V, W, X, Y, Z എന്നീ കോഡുകളിലുള്ള നമ്പറുകളും ഇതിൽ ഉൾപ്പെടുന്നു. BB 80, BB 18, CC 44 തുടങ്ങിയ രണ്ട് അക്ക നമ്പറുകളാണ് പ്രധാന ആകർഷണം. താൽപര്യമുള്ളവർക്ക് ഒക്ടോബർ 19 മുതൽ ആർ.ടി.എ വെബ്‌സൈറ്റ് വഴിയോ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴിയോ രജിസ്റ്റർ ചെയ്യാം.

ദുബൈയിൽ ട്രാഫിക് ഫയലുള്ളവർക്ക് 25,000 ദിർഹം സെക്യൂരിറ്റി ഡെപ്പോസിറ്റും 120 ദിർഹം രജിസ്ട്രേഷൻ ഫീസും അടച്ച് പങ്കെടുക്കാം. ലേലത്തിൽ വിജയിക്കുന്നവർ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ തുക അടയ്ക്കണം. ലേലത്തുകയ്ക്ക് അഞ്ച് ശതമാനം മൂല്യവർധിത നികുതിയും (VAT) ബാധകമാണ്.

 

No comments:

Post a Comment