ഭിന്നശേഷിക്കാർക്ക് യാത്ര കൂടുതൽ എളുപ്പമാക്കാൻ ദുബായ് ആർടിഎ; പുതിയ സൗകര്യങ്ങൾ ഒരുക്കുന്നു

പാർക്കിങ് ദുരുപയോഗം തടയാൻ സ്മാർട്ട് നിരീക്ഷണം; കാഴ്ചപരിമിതർക്കായി പ്രത്യേക മാപ്പുകളും ഓട്ടിസം ബാധിതർക്കായി സെൻസറി മുറികളും

ദുബൈ: ഭിന്നശേഷിക്കാർക്ക് പൊതുഗതാഗതം കൂടുതൽ സുഗമമായും സ്വതന്ത്രമായും ഉപയോഗിക്കാൻ പുതിയ സംവിധാനങ്ങളുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ഭിന്നശേഷിക്കാർക്കായി നീക്കിവച്ച പാർക്കിങ് ഇടങ്ങളുടെ ദുരുപയോഗം തടയാനുള്ള സ്മാർട്ട് നിരീക്ഷണം, കാഴ്ചപരിമിതർക്കുള്ള മാപ്പുകൾ, ശബ്ദസഹായത്തോടെയുള്ള യാത്രാ ആസൂത്രണം എന്നിവയാണ് പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നത്.

ദുബായിലെ 1,800-ലേറെ ഭിന്നശേഷി പാർക്കിങ് ഇടങ്ങളിൽ 250 എണ്ണത്തിൽ സ്മാർട്ട് നിരീക്ഷണം ഏർപ്പെടുത്തിയതായി ആർടിഎ പ്രതിനിധി അഹമ്മദ് അൽ മസൂദ് അറിയിച്ചു. ബസ്, മെട്രോ, ടാക്സി എന്നിവ ഉപയോഗിച്ചുള്ള യാത്ര ആസൂത്രണം ചെയ്യാനും ചെലവും മറ്റ് വിവരങ്ങളും അറിയാനും ആർടിഎയുടെ സഹൈൽ ആപ്പ് സഹായിക്കും. മെട്രോ, ബസ് സ്റ്റേഷനുകളിലെ സൗകര്യങ്ങൾ തിരിച്ചറിയാൻ കാഴ്ചപരിമിതർക്കായി പ്രത്യേക മാപ്പുകളും ഒരുക്കിയിട്ടുണ്ട്.

പൊതുസ്ഥലങ്ങളിലെ ശബ്ദവും തിരക്കും മൂലമുണ്ടാകുന്ന സമ്മർദം കുറയ്ക്കാൻ ഓട്ടിസം ബാധിതർക്കായി സെൻസറി മുറികളും വിവിധ കേന്ദ്രങ്ങളിൽ വീൽചെയർ ലഭ്യമാക്കാനുള്ള സംവിധാനങ്ങളും അവതരിപ്പിച്ചു. ആക്‌സസ് എബിലിറ്റീസ് എക്‌സ്‌പോയിൽ പരിചയപ്പെടുത്തിയ ഈ പദ്ധതികൾ ഭിന്നശേഷിക്കാർക്ക് കൂടുതൽ സ്വതന്ത്രമായി യാത്ര ചെയ്യാനും മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറയ്ക്കാനും ലക്ഷ്യമിടുന്നു.



No comments:

Post a Comment