റസ്റ്ററന്റിന് മുന്നിൽ ഔട്ട്ഡോർ ഇരിപ്പിടങ്ങളുണ്ടോ? പുതിയ നിബന്ധനകളുമായി അബുദാബി നഗരസഭ
അനുമതിയില്ലാതെ നടപ്പാതയിൽ മേശയും കസേരയും സ്ഥാപിക്കരുത്; കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കാനും പാടില്ല
അബുദാബി: റസ്റ്ററന്റുകൾക്കും കഫേകൾക്കും കടകൾക്കും മുന്നിൽ തുറസ്സായ സ്ഥലത്ത് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് കർശന നിബന്ധനകൾ ഓർമിപ്പിച്ച് അബുദാബി നഗരസഭ. അധികൃതരുടെ അനുമതിയില്ലാതെ നടപ്പാതകളിൽ മേശകളും കസേരകളും സ്ഥാപിക്കാൻ അനുവദിക്കില്ല. അനുവദിച്ചിട്ടുള്ള സ്ഥലത്തിന്റെ പരിധി മറികടന്നും ഇരിപ്പിടങ്ങൾ ഒരുക്കാൻ പാടില്ല. ഇതുസംബന്ധിച്ച് സ്ഥാപന ഉടമകളെ ബോധവൽക്കരിക്കുന്നതിനായി നഗരസഭ ക്യാംപെയ്ൻ നടത്തി.
കടയുടെ മുൻവശത്തെ നടപ്പാതയിൽ മാത്രമേ ഔട്ട്ഡോർ ഇരിപ്പിടങ്ങൾ ഒരുക്കാൻ പാടുള്ളൂ. കൂടാതെ, ഇരിപ്പിടങ്ങളുടെ നീളം സ്ഥാപനത്തിന്റെ മുൻവശത്തിന്റെ നീളത്തിൽ കൂടുതലാകരുത്. കാൽനടയാത്രക്കാർക്ക് സുഗമമായി നടക്കാൻ ആവശ്യമായ സ്ഥലം ഉറപ്പാക്കുകയും വേണം.
കെട്ടിടങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങൾ, പാർക്കിങ് പ്രവേശന കവാടങ്ങൾ, അടിയന്തര വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള വഴികൾ എന്നിവിടങ്ങളിൽ തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ മേശകളും കസേരകളും സ്ഥാപിക്കരുതെന്നും നഗരസഭ വ്യക്തമാക്കി. ഔട്ട്ഡോർ ഇരിപ്പിടങ്ങൾ ഒരുക്കുന്ന എല്ലാ സ്ഥാപനങ്ങളും നിശ്ചിത നിയമങ്ങളും സ്ഥലപരിധികളും കൃത്യമായി പാലിക്കണം.

No comments:
Post a Comment