സ്വകാര്യ സന്ദേശങ്ങൾ കാണാതെ തന്നെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാം; പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്
അബുദബി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് 15 വയസ്സ് പ്രായപരിധി നിശ്ചയിക്കാനുള്ള യു.എ.ഇയുടെ നീക്കങ്ങൾക്കിടെ, കൗമാരക്കാരുടെ ഓൺലൈൻ സുരക്ഷ ശക്തിപ്പെടുത്താൻ വാട്സ്ആപ്പിൽ പുതിയ രക്ഷാകർതൃ നിയന്ത്രണ സംവിധാനങ്ങൾ അവതരിപ്പിക്കുന്നു. കുട്ടികളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് അവരുടെ ഡിജിറ്റൽ പ്രവർത്തനങ്ങളിൽ സുരക്ഷ ഉറപ്പാക്കാനും അപകടസാധ്യതകൾ തിരിച്ചറിയാനും മാതാപിതാക്കളെ സഹായിക്കുന്നതാണ് പുതിയ ഫീച്ചറുകൾ. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിലനിർത്തുന്നതിനാൽ കുട്ടികളുടെ സ്വകാര്യ സന്ദേശങ്ങളോ കോളുകളോ മാതാപിതാക്കൾക്ക് നേരിട്ട് പരിശോധിക്കാനാവില്ല.
ആറക്ക രക്ഷാകർതൃ പിൻ ഉപയോഗിച്ച് കുട്ടികളുടെ അക്കൗണ്ടിലെ പ്രധാന സ്വകാര്യതാ ക്രമീകരണങ്ങൾ നിയന്ത്രിക്കാം. പ്രൊഫൈൽ ചിത്രം, ലാസ്റ്റ് സീൻ, ഗ്രൂപ്പുകളിൽ ചേർക്കൽ തുടങ്ങിയ ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്നത് നിയന്ത്രിക്കാനും കുട്ടികൾ പുതിയ ഗ്രൂപ്പുകളിൽ ചേരുമ്പോഴോ പുറത്തുപോകുമ്പോഴോ പുതിയ കോൺടാക്റ്റുകൾ ചേർക്കുമ്പോഴോ മുന്നറിയിപ്പുകൾ ലഭിക്കാനും സംവിധാനമുണ്ട്. ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർധനയുണ്ടായാലും അറിയിപ്പ് ലഭിക്കും. സ്റ്റാറ്റസ് അപ്ഡേറ്റുകൾ ആരൊക്കെ കാണണം, കുട്ടികൾക്ക് ആരുടെ സ്റ്റാറ്റസ് കാണാം, വാട്സ്ആപ്പ് ചാനലുകളുടെ ഉപയോഗം എന്നിവയും നിയന്ത്രിക്കാനാകും.
മെറ്റാ എ.ഐ ഉപയോഗത്തിനും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സൗകര്യമുണ്ട്. ഉള്ളടക്കം പരിമിതപ്പെടുത്തുന്ന 'ലിമിറ്റഡ് കണ്ടന്റ്' മോഡ് തിരഞ്ഞെടുക്കുന്നതിലൂടെ എ.ഐയുമായി ബന്ധപ്പെട്ട ചില ഇടപെടലുകൾ നിയന്ത്രിക്കാം. എന്നാൽ ഈ സംവിധാനങ്ങൾ സ്വമേധയാ പ്രവർത്തനക്ഷമമാകുന്നതല്ല; ലഭ്യതയ്ക്കനുസരിച്ച് മാതാപിതാക്കൾ ക്രമീകരണങ്ങൾ സജ്ജീകരിക്കണം. കുട്ടികളുടെ ഓരോ പ്രവർത്തനവും നിരീക്ഷിക്കുന്നതിനുപകരം സുരക്ഷിതമായ ഓൺലൈൻ ശീലങ്ങൾ വളർത്തിയെടുക്കാൻ ഇത്തരം സംവിധാനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ മറ്റ് പ്ലാറ്റ്ഫോമുകളിലും സമാനമായ സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

No comments:
Post a Comment