രണ്ട് വർഷത്തിന് ശേഷം ദുബായിൽ സ്കൂൾ പരിശോധന വീണ്ടും

കെഎച്ച്ഡിഎ പരിശോധനയ്ക്ക് ഇനി 24 മണിക്കൂർ മുൻപ് മാത്രം അറിയിപ്പ്; അധ്യാപന നിലവാരം തുടർച്ചയായി വിലയിരുത്തും

ദുബായ്: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുബായിലെ സ്വകാര്യ സ്കൂളുകളിൽ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) നടത്തുന്ന ഗുണനിലവാര പരിശോധനകൾ വീണ്ടും ആരംഭിക്കുന്നു. ഇനി പരിശോധനയ്ക്ക് എത്തുന്നതിന് 24 മണിക്കൂർ മുൻപ് മാത്രമായിരിക്കും സ്കൂളുകൾക്ക് അറിയിപ്പ് നൽകുക. അവസാന നിമിഷത്തെ പ്രത്യേക ഒരുക്കങ്ങൾ ഒഴിവാക്കി, അധ്യയന വർഷം മുഴുവൻ മികച്ച അധ്യാപനവും കാര്യക്ഷമമായ ഭരണസംവിധാനവും നിലനിർത്താൻ സ്കൂളുകളെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ രീതിയുടെ ലക്ഷ്യം.

2026-27 അധ്യയന വർഷം മുതൽ കൂടുതൽ വഴക്കമുള്ളതും വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമായ പരിശോധനാ സംവിധാനമാണ് കെഎച്ച്ഡിഎ നടപ്പാക്കുന്നത്. നേരത്തെ പരിശോധനയ്ക്ക് ഏകദേശം ഒരാഴ്ച മുൻപ് സ്കൂളുകൾക്ക് അറിയിപ്പ് നൽകിയിരുന്നു. പുതിയ സംവിധാനം വഴി സ്കൂളുകളിലെ പതിവ് പഠനരീതികളും അധ്യാപന നിലവാരവും കൂടുതൽ യഥാർഥമായി വിലയിരുത്താൻ പരിശോധനാ സംഘത്തിന് സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

അതേസമയം, സ്കൂൾ സ്വയംവിലയിരുത്തൽ ഫോം (SEF) സമർപ്പിക്കുന്ന രീതിയിലും മാറ്റമുണ്ടാകും. ഇനി ഇത് ഒരിക്കൽ മാത്രം സമർപ്പിക്കുന്ന രേഖയായിരിക്കില്ല. പകരം, സ്കൂളിന്റെ പ്രവർത്തനങ്ങളും നിലവാരവും അനുസരിച്ച് തുടർച്ചയായി പുതുക്കുന്ന രേഖയായി SEF മാറും. ഇതിലൂടെ സ്കൂളുകളുടെ നിലവാരം വർഷം മുഴുവൻ നിരീക്ഷിക്കാനും ആവശ്യമായ മേഖലകളിൽ മെച്ചപ്പെടുത്തൽ ഉറപ്പാക്കാനും സാധിക്കും.



No comments:

Post a Comment