ഷാർജയിൽ നിന്ന് ഇത്തിഹാദ് റെയിലിലേക്ക് ഇനി കൂടുതൽ എളുപ്പത്തിൽ; അൽ ദൈദ് സ്റ്റേഷനിലേക്ക് 3 പുതിയ ബസ് റൂട്ടുകൾ

ഷാർജ: ഇത്തിഹാദ് റെയിലിന്റെ അൽ ദൈദ് സ്റ്റേഷനിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ എത്തുന്നതിനായി മൂന്ന് പുതിയ ബസ് സർവീസുകളുടെ റൂട്ടുകളും സമയക്രമവും ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) പ്രഖ്യാപിച്ചു. അൽ മദാം, അൽ സജാ, ഷാർജയിലെ അൽ ജുബൈൽ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.

ER1 സർവീസ് അൽ മദാമിൽ നിന്ന് അൽ ദൈദിലെത്താൻ ഏകദേശം ഒരു മണിക്കൂറും ER2 സർവീസ് അൽ സജായിൽ നിന്ന് ഏകദേശം 43 മിനിറ്റും എടുക്കും. അൽ ജുബൈലിൽ നിന്ന് പുറപ്പെടുന്ന ER3 സർവീസിന് ഏകദേശം ഒരു മണിക്കൂർ 42 മിനിറ്റാണ് യാത്രാസമയം. അൽ ദൈദ് റെയിൽ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്ക് പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്നവർക്ക് ഈ സർവീസുകൾ കൂടുതൽ പ്രയോജനകരമാകും.

സർവീസ് സമയങ്ങൾ: അൽ ദൈദ് സ്റ്റേഷനിൽ നിന്ന് ER1 ബസുകൾ രാവിലെ 6:40 മുതൽ രാത്രി 10:50 വരെയും ER2 ബസുകൾ രാവിലെ 6:40 മുതൽ രാത്രി 8:55 വരെയും ER3 ബസുകൾ രാവിലെ 6:40, 9:50, ഉച്ചയ്ക്ക് 12:30, 2:50, വൈകിട്ട് 5:50, രാത്രി 8:00 എന്നീ സമയങ്ങളിലുമാണ് പുറപ്പെടുന്നതെന്ന് നൽകിയ സമയക്രമത്തിൽ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ സമയവിവരങ്ങൾക്കും മാറ്റങ്ങൾക്കും SRTAയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ 600 52 52 52 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.



No comments:

Post a Comment