അൽ ഐൻ വിമാനത്താവളത്തിന് ഇനി ‘തഹ്‌നൂൻ അന്താരാഷ്ട്ര വിമാനത്താവളം’

അന്തരിച്ച ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദിനോടുള്ള ആദരസൂചകമായി പേര് മാറ്റി

അൽ ഐൻ: അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ‘തഹ്‌നൂൻ അന്താരാഷ്ട്ര വിമാനത്താവളം’ എന്നാക്കി മാറ്റാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു. ഉത്തരവ് പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. രാജ്യത്തിനായി ദീർഘകാലം സേവനം അനുഷ്ഠിച്ച അന്തരിച്ച ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദിനോടുള്ള ആദരസൂചകമായാണ് വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. 1971-ൽ യു.എ.ഇ രൂപീകരിക്കപ്പെട്ടതു മുതൽ 2024-ൽ മരിക്കുന്നതുവരെ അബൂദബിയുടെ കിഴക്കൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

അബൂദബി എമിറേറ്റിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ തഹ്‌നൂൻ അന്താരാഷ്ട്ര വിമാനത്താവളം അൽ ഐൻ നഗരത്തിൽനിന്ന് ഏകദേശം 18 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ രണ്ട് എയർലൈനുകളാണ് ഇവിടെ സർവീസ് നടത്തുന്നത്. പ്രതിവർഷം ഒരു ലക്ഷത്തിലധികം യാത്രക്കാർ ഈ വിമാനത്താവളം ഉപയോഗിക്കുന്നുണ്ട്. പാകിസ്താൻ ഇന്റർനാഷനൽ എയർലൈൻസിന്റെ പി.കെ144 സർവീസ് ഇസ്ലാമാബാദിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ്336 സർവീസ് കോഴിക്കോട്ടുനിന്നുമാണ് വിമാനത്താവളത്തിലെത്തുന്ന പ്രധാന സർവീസുകൾ.

യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനോടുള്ള ആദരസൂചകമായി അബൂദബിയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ‘സായിദ് അന്താരാഷ്ട്ര വിമാനത്താവളം’ എന്നാക്കി മാറ്റിയിരുന്നു. ഈ പേര് മാറ്റത്തിന് രണ്ട് വർഷത്തിന് ശേഷമാണ് അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും പേര് പുനർനാമകരണം ചെയ്യുന്നത്.



No comments:

Post a Comment