മറ്റൊരാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചാൽ ഏഴ് വർഷം വരെ തടവ്

യുഎഇയിൽ ആത്മഹത്യാശ്രമം ഇനി ക്രിമിനൽ കുറ്റമല്ല; പുതിയ നിയമഭേദഗതി പ്രഖ്യാപിച്ചു

അബൂദബി: മറ്റൊരാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയോ അതിന് സഹായം നൽകുകയോ ചെയ്യുന്നവർക്ക് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന നിയമഭേദഗതി യുഎഇ പ്രഖ്യാപിച്ചു. രാജ്യത്തെ കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമത്തിലാണ് വ്യാഴാഴ്ച പുതിയ മാറ്റങ്ങൾ വരുത്തിയത്. കുറ്റത്തിന്റെ ഗൗരവവും അതിന്റെ ഫലങ്ങളും പരിഗണിച്ച് ശിക്ഷ നിശ്ചയിക്കും. പ്രേരണയോ സഹായമോ മൂലം ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരണം സംഭവിച്ചില്ലെങ്കിൽ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. ശ്രമത്തെ തുടർന്ന് സ്ഥിരമായ വൈകല്യം, രോഗം, അല്ലെങ്കിൽ 20 ദിവസത്തിലധികം സ്വന്തം കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത അവസ്ഥ എന്നിവ ഉണ്ടായാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കും. ആത്മഹത്യയെ തുടർന്ന് മരണം സംഭവിച്ചാൽ കുറ്റവാളിക്ക് അഞ്ച് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കും. ശിക്ഷ പൂർത്തിയാക്കിയ ശേഷം വിദേശികളായ കുറ്റവാളികളെ നാടുകടത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു.

അതേസമയം, ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന വ്യക്തിയെ ഇനി ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കില്ലെന്നതാണ് പുതിയ നിയമത്തിലെ പ്രധാന മാറ്റം. കടുത്ത മാനസിക സമ്മർദമോ പ്രതിസന്ധിയോ നേരിടുന്നവർക്ക് നിയമനടപടികളെ ഭയപ്പെടാതെ വൈദ്യസഹായവും കൗൺസിലിങ്ങും തേടാൻ അവസരമൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. എന്നാൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വ്യക്തി 18 വയസ്സിൽ താഴെയുള്ളയാളോ സ്വന്തം തീരുമാനങ്ങൾ എടുക്കാൻ ശേഷിയില്ലാത്തയാളോ ആണെങ്കിൽ, കേസിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് കുറ്റവാളിക്കെതിരെ കൊലപാതകത്തിനോ കൊലപാതകശ്രമത്തിനോ ബാധകമായ പരമാവധി ശിക്ഷ വരെ ചുമത്താം.

ആത്മഹത്യാശ്രമം പൂർത്തിയാകുന്നതിന് മുമ്പ് ഇടപെട്ട് വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ സ്വമേധയാ ശ്രമിക്കുന്നവർക്ക് കോടതി ശിക്ഷയിൽ ഇളവ് നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ രക്ഷപ്പെട്ട വ്യക്തിക്ക് ഗുരുതരമായ സ്ഥിരവൈകല്യം സംഭവിച്ചിട്ടുണ്ടെങ്കിൽ ഈ ഇളവ് ലഭിക്കില്ല. ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതും അതിന് സഹായം നൽകുന്നതും ഗൗരവകരമായ കുറ്റമായി കണക്കാക്കുന്നതിനൊപ്പം, ആത്മഹത്യാശ്രമം നടത്തുന്നവർക്ക് ശിക്ഷയ്ക്ക് പകരം ആവശ്യമായ ചികിത്സയും മാനസികാരോഗ്യ പിന്തുണയും ലഭ്യമാക്കുക എന്നതാണ് പുതിയ ഭേദഗതിയുടെ പ്രധാന ലക്ഷ്യം.



No comments:

Post a Comment