പേപ്പർ ടിക്കറ്റുകൾ വേണ്ട; ഇനി മൊബൈൽ ഫോൺ ഉപയോഗിച്ച് യാത്ര ചെയ്യാം
ദുബൈ: ദുബൈയിലെ മെട്രോ, ട്രാം, പൊതു ബസ് സർവീസുകളിൽ യാത്ര ചെയ്യാൻ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ടിക്കറ്റ് സംവിധാനം അവതരിപ്പിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പുതിയ സംവിധാനത്തിലൂടെ പേപ്പർ ടിക്കറ്റുകൾ വാങ്ങാതെ സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് യാത്രക്കാർക്ക് എളുപ്പത്തിൽ യാത്ര ചെയ്യാം.
നോൽ പേ (nol Pay), സാഹൈൽ (S’hail) എന്നീ ആപ്പുകൾ വഴിയാണ് ഡിജിറ്റൽ നോൽ ടിക്കറ്റുകൾ വാങ്ങാൻ കഴിയുക. മെട്രോ സ്റ്റേഷനുകളിലെ നീല എൻട്രി ഗേറ്റുകളിൽ മൊബൈലിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് പ്രവേശിക്കാം. ബസുകളിൽ പ്രവേശന കവാടത്തിന് സമീപമുള്ള ചുവന്ന നോൽ റീഡറുകളിൽ ഫോൺ കാണിച്ച് ടിക്കറ്റ് സാധൂകരിക്കാം. ടിക്കറ്റ് വാങ്ങാൻ ആപ്പിൽ സിംഗിൾ ട്രിപ്പ് ടിക്കറ്റോ വൺ-ഡേ പാസോ തിരഞ്ഞെടുത്ത് യാത്രാ സോണും ലക്ഷ്യസ്ഥാനവും നൽകി പണമടച്ചാൽ മതി. തുടർന്ന് ക്യുആർ കോഡ് ടിക്കറ്റ് ആപ്പിൽ ലഭിക്കും.
ഉപയോഗിക്കാത്ത ഡിജിറ്റൽ ക്യുആർ ടിക്കറ്റുകൾ വാങ്ങിയ തീയതി മുതൽ 90 ദിവസം വരെ സാധുതയോടെ സൂക്ഷിക്കാം. എന്നാൽ വൺ-ഡേ പാസ് ഒരിക്കൽ ഉപയോഗിച്ച് സജീവമാക്കിയാൽ അന്ന് അർധരാത്രി വരെ മാത്രമേ സാധുതയുണ്ടാകൂ. യാത്രക്കാർ പരിശോധനയ്ക്കായി ടിക്കറ്റ് മൊബൈലിൽ എളുപ്പത്തിൽ ലഭിക്കുന്ന വിധത്തിൽ സൂക്ഷിക്കണമെന്നും പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും കൃത്യമായി സ്കാൻ ചെയ്യണമെന്നും ആർടിഎ നിർദേശിച്ചു.

No comments:
Post a Comment