ദുബായ്: നഗരത്തിന്റെ സൗന്ദര്യവും സാംസ്കാരിക തനിമയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഔട്ട്ഡോർ പരസ്യങ്ങൾക്കായി പുതിയ ഉള്ളടക്ക മാർഗനിർദേശങ്ങൾ പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി. പരസ്യങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും നഗരത്തിന്റെ ദൃശ്യഭംഗി നിലനിർത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
പരസ്യങ്ങളിലെ എഴുത്തുകൾ, ചിത്രങ്ങൾ, ലോഗോകൾ, ആനിമേഷനുകൾ, പ്രമോഷണൽ ഡിസ്പ്ലേകൾ, സംവേദനാത്മക ഘടകങ്ങൾ എന്നിവയുടെ രൂപകൽപനയും ഉള്ളടക്കവും പുതിയ മാർഗനിർദേശങ്ങളുടെ പരിധിയിൽ വരും. ഡിജിറ്റൽ സാങ്കേതികവിദ്യകളും നിർമിതബുദ്ധിയും ഉപയോഗിച്ചുള്ള പരസ്യങ്ങൾക്കും ഈ മാനദണ്ഡങ്ങൾ ബാധകമാകും.
പരസ്യ ഏജൻസികൾക്കും ബ്രാൻഡുകൾക്കും ഡിസൈനർമാർക്കും പരസ്യങ്ങൾ തയ്യാറാക്കുന്ന ആദ്യഘട്ടം മുതൽ ഔദ്യോഗിക മാനദണ്ഡങ്ങൾ പാലിക്കാൻ പുതിയ മാർഗനിർദേശങ്ങൾ സഹായിക്കും. പരസ്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം പൊതുസുരക്ഷ, ഉപഭോക്തൃ സംരക്ഷണം, പ്രാദേശിക സാംസ്കാരിക മൂല്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകാനും റോഡ് യാത്രക്കാരുടെ ശ്രദ്ധ തെറ്റിക്കുന്ന പരസ്യങ്ങൾ മൂലമുള്ള അപകടസാധ്യതകൾ കുറയ്ക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

No comments:
Post a Comment