കുട്ടികളുടെ സ്ക്രീൻ സമയം നിയന്ത്രിക്കണം; ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നു

ഉറക്കക്കുറവും ഏകാഗ്രതയില്ലായ്മയും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ; രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ

അബുദാബി: കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ, ടാബ്ലറ്റ്, മറ്റ് ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം ഉറക്കക്കുറവ്, ഏകാഗ്രതയില്ലായ്മ, സ്വഭാവത്തിലെ മാറ്റങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി യുഎഇയിലെ ആരോഗ്യ, വിദ്യാഭ്യാസ വിദഗ്ധർ മുന്നറിയിപ്പ് നൽകി. സ്കൂളുകളിൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മാത്രം മതിയാകില്ലെന്നും കുട്ടികളുടെ ഡിജിറ്റൽ ശീലങ്ങളിൽ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ഡോക്ടർമാർ വ്യക്തമാക്കി.

സ്ക്രീൻ സമയം കൂടുമ്പോൾ പഠനത്തെയും ബാധിക്കുന്നു: വിനോദത്തിനായുള്ള സ്ക്രീൻ ഉപയോഗം ദിവസവും രണ്ട് മണിക്കൂറിൽ താഴെയായി പരിമിതപ്പെടുത്തിയ കുട്ടികൾ, നാല് മണിക്കൂറിലധികം സ്ക്രീൻ ഉപയോഗിക്കുന്ന കുട്ടികളെ അപേക്ഷിച്ച് ശ്രദ്ധയും ഓർമശക്തിയും പരിശോധിക്കുന്ന ടെസ്റ്റുകളിൽ 20 മുതൽ 25 ശതമാനം വരെ മികച്ച പ്രകടനം കാഴ്ചവെച്ചതായി ദുബൈ ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരത്തോടെ നടന്ന പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദിവസവും നാല് മണിക്കൂറിലധികം സ്ക്രീൻ ഉപയോഗിക്കുന്ന 6 മുതൽ 12 വയസ്സുവരെയുള്ള 66.7 ശതമാനം കുട്ടികൾക്കും ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ, ഒരു മണിക്കൂറിൽ താഴെ മാത്രം സ്ക്രീൻ ഉപയോഗിക്കുന്ന കുട്ടികളിൽ ഇത് 9.5 ശതമാനം മാത്രമാണ്. കാഴ്ചവൈകല്യമുള്ള വിദ്യാർഥികളിൽ 33.7 ശതമാനം പേർക്ക് മോശം ഉറക്കശീലങ്ങളുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പഠനത്തിനും വിനോദത്തിനും സാങ്കേതികവിദ്യ ആവശ്യമാണ്. എന്നാൽ, ഉറക്കം, കളി, ശാരീരിക പ്രവർത്തനം, കുടുംബസമയം തുടങ്ങിയ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ കാര്യങ്ങളെ സ്ക്രീൻ ഉപയോഗം മാറ്റിനിർത്തുന്നുണ്ടോ എന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കണം.

വീട്ടിലും വ്യക്തമായ നിയന്ത്രണങ്ങൾ വേണം: കുട്ടികളുടെ കിടപ്പുമുറിയിൽ മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും വയ്ക്കാതിരിക്കുക എന്നതാണ് പ്രധാന നിർദേശം. ഉറങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് ഉപകരണങ്ങൾ പൊതുവായ സ്ഥലത്ത് ചാർജ് ചെയ്യാൻ വയ്ക്കുന്നതും ഭക്ഷണസമയത്ത് സ്ക്രീൻ പൂർണമായി ഒഴിവാക്കുന്നതും നല്ല ശീലങ്ങളാണ്. സ്ക്രീൻ സമയം അവസാനിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തർക്കങ്ങൾ കുറയ്ക്കാൻ സമയം മുൻകൂട്ടി അറിയിക്കുക, ടൈമർ ഉപയോഗിക്കുക, സ്ക്രീൻ സമയം കഴിഞ്ഞാൽ കുട്ടികൾക്ക് പുറത്തുപോയി കളിക്കാനും മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അവസരം നൽകുക തുടങ്ങിയ മാർഗങ്ങളും വിദഗ്ധർ നിർദേശിക്കുന്നു.



No comments:

Post a Comment