നാല് പ്രധാന കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടുള്ള സർവീസ്; സന്ദർശകർക്കായി ഇലക്ട്രിക് അബ്റകളും വീണ്ടും ആരംഭിക്കും
ദുബൈ: ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസണിന് നാളെ തുടക്കമാകുന്നതോടെ സന്ദർശകർക്കായി പ്രത്യേക ബസ് സർവീസുകൾ പുനരാരംഭിക്കാൻ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) ഒരുങ്ങി. ഒക്ടോബർ 14 മുതൽ 2027 മെയ് വരെ സർവീസുകൾ തുടരും. സന്ദർശകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുക, ദുബൈയിലെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുക, പൊതുഗതാഗതത്തിന്റെ ഉപയോഗം വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബങ്ങൾക്കും വ്യക്തിഗത സന്ദർശകർക്കും ഗ്ലോബൽ വില്ലേജിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഈ സർവീസുകൾ സഹായിക്കും.
ഗ്ലോബൽ വില്ലേജിലേക്ക് നാല് പ്രധാന കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടുള്ള ബസ് സർവീസുകളാണ് ഒരുക്കിയിരിക്കുന്നത്. റൂട്ട് 102: അൽ റാശിദിയ ബസ് സ്റ്റേഷനിൽ നിന്ന് ഓരോ 60 മിനിറ്റിലും; റൂട്ട് 103: യൂനിയൻ ബസ് സ്റ്റേഷനിൽ നിന്ന് ഓരോ 40 മിനിറ്റിലും; റൂട്ട് 104: അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ഓരോ 60 മിനിറ്റിലും; റൂട്ട് 106: മാൾ ഓഫ് ദി എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് ഓരോ 60 മിനിറ്റിലും ബസുകൾ സർവീസ് നടത്തും. ഇതിലൂടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സന്ദർശകർക്ക് ഗ്ലോബൽ വില്ലേജിലെത്താൻ കൂടുതൽ സൗകര്യമൊരുങ്ങും.
ബസ് സർവീസുകൾക്ക് പുറമെ, ഗ്ലോബൽ വില്ലേജിലെ ജലാശയങ്ങളിൽ രണ്ട് പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് അബ്റകളുടെ സർവീസും ആർ.ടി.എ പുനരാരംഭിക്കും. ജലമാർഗത്തിലൂടെ സഞ്ചരിച്ച് ഗ്ലോബൽ വില്ലേജിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ സന്ദർശകർക്ക് ഇതിലൂടെ അവസരം ലഭിക്കും. സുസ്ഥിര ഗതാഗത മാർഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് അബ്റകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രാസൗകര്യവും വിനോദാനുഭവവും ഒരുമിപ്പിക്കുന്ന ഈ സംവിധാനങ്ങൾ പുതിയ സീസണിൽ എത്തുന്ന ലക്ഷക്കണക്കിന് സന്ദർശകർക്ക് കൂടുതൽ മികച്ച അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

No comments:
Post a Comment