ഇനി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഖത്തറില്‍ പ്രൊബേഷന്‍ പീരിയഡ് 9 മാസം

ദോഹ: ഗാര്‍ഹിക തൊഴിലാളികളുടെ പ്രൊബേഷന്‍ കാലാവധി നിലവില്‍ വന്നു. മൂന്ന് മാസത്തില്‍ നിന്ന് ഒമ്പത് മാസമായാണ് നീട്ടിയിരിക്കുന്നത്. പുതിയ തീരുമാനം ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

2005 ലെ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് വീട്ടുജോലിക്കാരുടെ പ്രൊബേഷന്‍ മൂന്നില്‍ നിന്നും ഒമ്പത് മാസമാക്കി ഉയര്‍ത്തിയത്. കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു ഇതു സംബന്ധിച്ച നിയമഭേദഗതി മന്ത്രാലയം നിര്‍ദേശിച്ചത്.

വിദേശത്ത് നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ മറ്റുള്ളവര്‍ക്ക് റിക്രൂട്ട് ചെയ്യുന്നതിന് ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും നിയന്ത്രിക്കുന്നതും തൊഴിലുടമയ്ക്കും തൊഴിലാളികള്‍ക്കും അവകാശ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിലുമാണ് നിയമഭേദഗതി. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴിലുടമയില്‍ നിന്ന് ഒമ്പത് മാസത്തെ പ്രൊബേഷണറി കാലയളവ് ഉറപ്പ് നല്‍കാന്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വിശദീകരിച്ചു.

ആദ്യ മൂന്ന് മാസങ്ങളില്‍ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാനും റിക്രൂട്ട്‌മെന്റ് ഓഫിസിലേക്ക് അടച്ച മുഴുവന്‍ തുകയും വീണ്ടെടുക്കാനും തൊഴിലുടമയ്ക്ക് അവകാശമുണ്ട്. തുടര്‍ന്നുള്ള ആറ് മാസ പ്രൊബേഷന്‍ കാലയളവിനുള്ളിലാണ് കരാര്‍ റദ്ദാക്കുന്നതെങ്കില്‍ തൊഴിലുടമയില്‍ നിന്നും കൈപ്പറ്റിയ ആകെ തുകയുടെ 15 ശതമാനം കുറച്ച് തിരികെ നല്‍കാന്‍ ഏജന്‍സി ബാധ്യസ്ഥരാണ്. സര്‍ക്കാര്‍ ഫീസ് ഉള്‍പ്പെടെ ചെലവായ തുകയും തൊഴിലുടമയ്ക്ക് ഈടാക്കാവുന്നതാണ്.

പുതിയ ആറ് മാസത്തെ പ്രൊബേഷന്‍ കാലയളവിനുള്ളില്‍ തൊഴിലാളി ഓടിപ്പോകുകയോ ജോലി ചെയ്യാന്‍ താത്പര്യപ്പെടാതിരിക്കുകയോ രോഗബാധിതനാകുകയോ ചെയ്താല്‍ പോലും തൊഴില്‍ ഉടമയ്ക്ക് കരാര്‍ റദ്ദാക്കാവുന്നതാണ്. അതേസമയം, തൊഴിലുടമ തൊഴിലാളിയെ ആക്രമിക്കുകയും തൊഴിലാളിയുമായുള്ള കരാറിലെ ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കുകയും ചെയ്താല്‍ തൊഴിലുടമയുടെ അവകാശവും നഷ്ടപ്പെടും.

റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ അവകാശങ്ങള്‍, ഗാര്‍ഹിക തൊഴിലാളികളോടുള്ള തൊഴിലുടമകളുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കല്‍, വ്യവസ്ഥകളും അത് നടപ്പിലാക്കുന്നതിനുള്ള ശരിയായ സംവിധാനങ്ങളും പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ കാലയളവില്‍ തൊഴില്‍ വകുപ്പ് റിക്രൂട്ട്‌മെന്റ് ഏജന്‍സികളുമായി നിരവധി കണ്‍സള്‍ട്ടേറ്റീവ് മീറ്റിംഗുകള്‍ സംഘടിപ്പിച്ചിരുന്നതായി മന്ത്രാലയം അടിവരയിട്ടു.

2005 ലെ എട്ടാം നമ്പര്‍ തീരുമാനത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് 2021 ലെ 21ാം നമ്പര്‍ തീരുമാനത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ക്കായുള്ള പുതിയ മാതൃകകള്‍ തയ്യാറാക്കിയതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. തൊഴിലുടമകളും റിക്രൂട്ട്‌മെന്റ് ഓഫിസുകളും തമ്മിലുള്ള കരാറുകളുടെ രൂപം മാതൃകാപരമായിരിക്കുന്നതിനായി പുതിയ മോഡലുകള്‍ റിക്രൂട്ട്‌മെന്റ് ഓഫിസുകളില്‍ വിതരണം ചെയ്തിട്ടുണ്ട്.

No comments:

Post a Comment