ദുബായ് അല്‍ മക്തൂം പാലത്തില്‍ ടോള്‍ ഫീസ് ഇല്ലാതെയും സഞ്ചരിക്കാം

ദുബായ്: പുതിയ വാരാന്ത്യത്തെ തുടര്‍ന്ന് ദുബായിലെ പ്രധാന പാലത്തിലെ ടോള്‍ ഫീസ് ഒഴിവാക്കി. ദുബായ് അല്‍ മക്തൂം പാലത്തില്‍ നിന്നുള്ള ഞായറാഴ്ചകളിലെ സാലിക് ടോള്‍ ഫീസാണ് ഒഴിവാക്കിയത്. അതേസമയം, വെള്ളിയാഴ്ചകളില്‍ പാലം കടന്നുപോകുന്നവരില്‍ നിന്ന് സാലിക് ഈടാക്കുമെന്നും ആര്‍.ടി.എ അറിയിച്ചു. ഫ്‌ലോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്ന സമയത്താണ് ടോളില്ലാതെ യാത്ര ചെയ്യാന്‍ കഴിയുക. ഫ്‌ലോട്ടിങ് ബ്രിഡ്ജ് അടക്കുന്ന സമയവും പുനര്‍ നിര്‍ണയിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി പത്ത് മുതല്‍ പുലര്‍ച്ച ആറ് വരെയാണ് പാലം അടക്കുക. ശനിയാഴ്ച രാത്രി പത്തിന് അടക്കുന്ന പാലം തിങ്കളാഴ്ച പുലര്‍ച്ച ആറിനാണ് തുറക്കുന്നത്. നേരത്തെ വ്യാഴാഴ്ച രാത്രി മുതല്‍ ശനിയാഴ്ച പുലര്‍ച്ച വരെയായിരുന്നു പാലം അടച്ചിരുന്നത്. ഓട്ടോമാറ്റിക്കായി ടോള്‍ ഈടാക്കുന്ന സംവിധാനമാണ് സാലിക്. ഓരോ തവണ വാഹനം ഇതുവഴി കടന്നുപോകുമ്പോഴും നാല് ദിര്‍ഹം വീതം ഈടാക്കും. എന്നാല്‍ വെള്ളിയാഴ്ചകളിലെ സൗജന്യ പാര്‍ക്കിങ് പഴയ നിലയില്‍ തുടരും. മക്തൂം പാലം ഒഴികെയുള്ള എല്ല സാലിക് ഗേറ്റുകളിലും എല്ലാ ദിവസവും ടോള്‍ ഈടാക്കും.

No comments:

Post a Comment