ദുബൈ : ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് എമിഗ്രേഷനിൽ സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാൻ യോഗ്യതയുണ്ടോ എന്ന് യാത്രയ്ക്ക് മുൻപുതന്നെ പരിശോധിക്കാം. സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാൻ അർഹതയുള്ളവർക്ക് എമിഗ്രേഷൻ കൗണ്ടറിലെ നീണ്ട ക്യൂ ഒഴിവാക്കി വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനാകും. വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ പ്രീ-ചെക്ക് സംവിധാനം ഒരുക്കിയത്.
മൊബൈൽ ഫോണിൽ dxb.pocketflights.com എന്ന വെബ്സൈറ്റ് തുറന്ന് പാസ്പോർട്ടിലെ ഫോട്ടോയും പേരും ഉൾപ്പെടുന്ന വിവരങ്ങളുള്ള പേജ് മൊബൈൽ ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്താൽ മതി. പാസ്പോർട്ട് ഉടമയ്ക്ക് സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാൻ കഴിയുമോ എന്ന വിവരം ഇതിലൂടെ അറിയാനാകും. ഇതിനായി പ്രത്യേക ആപ്പോ മറ്റേതെങ്കിലും സോഫ്റ്റ്‌വെയറോ ഡൗൺലോഡ് ചെയ്യേണ്ടതില്ല.
ദുബൈ വിമാനത്താവളം വഴി യുഎഇയിൽ നിന്ന് പുറപ്പെടുന്നവർക്കും രാജ്യത്തേക്ക് എത്തുന്നവർക്കും എമിഗ്രേഷൻ ഗേറ്റിലെ ക്യൂ ഒഴിവാക്കി യാത്ര നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഈ സൗകര്യം സഹായിക്കും. ഈ വർഷം ആദ്യ ആറുമാസത്തിനിടെ മാത്രം 90 ലക്ഷം യാത്രക്കാർ ദുബൈ വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്തിയെന്നാണ് കണക്ക്.
No comments:
Post a Comment