മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്ന് കൂടുതൽ സർവീസുകൾ; ദുബൈ സ്റ്റേഷൻ സെപ്റ്റംബറിൽ തുറക്കും
അബൂദബി: മുഹമ്മദ് ബിൻ സായിദ് സിറ്റി ട്രെയിൻ സ്റ്റേഷനിൽ നിന്ന് മെയിൻ, അൽ സഹ്യ ബസ് സ്റ്റേഷനുകളിലേക്ക് പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചു. യാത്രക്കാർക്ക് ഇത്തിഹാദ് റെയിൽ സർവീസുകൾ കൂടുതൽ എളുപ്പത്തിൽ പ്രയോജനപ്പെടുത്തുന്നതിനായി MR1, MR2 എന്നീ രണ്ട് പുതിയ ബസ് സർവീസുകളാണ് സർക്കാരും ഗതാഗത വകുപ്പും ചേർന്ന് നടപ്പിലാക്കിയിരിക്കുന്നത്. ഇരുദിശകളിലേക്കും സർവീസുകൾ ലഭ്യമാണ്.
യാത്രക്കാരുടെ സൗകര്യാർത്ഥം ട്രെയിൻ വരുന്ന സമയവും പുറപ്പെടുന്ന സമയവും കൃത്യമായി കണക്കാക്കിയാണ് ബസ്, ടാക്സി സർവീസുകൾ ഏകോപിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ, അബൂദബിയിലെ പ്രധാന കേന്ദ്രങ്ങളായ കോർണിഷ് റോഡ് വെസ്റ്റിലെ അഡ്നോക് ആസ്ഥാനം, അഡ്നിക് സെന്റർ, റീം മാൾ എന്നിവയെ ബന്ധിപ്പിച്ച് പ്രത്യേക ഷട്ടിൽ ബസുകളും സർവീസ് നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാണ്.
വിവിധ എമിറേറ്റുകളിൽ പുതിയ ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ ഗതാഗത ക്രമീകരണങ്ങൾ. സെപ്റ്റംബറോടെ ദുബൈയിലെ സ്റ്റേഷനും തുറന്നുനൽകും. നിലവിൽ അബൂദബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചാണ് ആദ്യഘട്ട റൂട്ട് പ്രവർത്തിക്കുന്നത്. ഈ റൂട്ടിൽ ദിവസേന ഇരുദിശകളിലേക്കുമായി 3 വീതം ട്രെയിൻ സർവീസുകളാണ് ഇപ്പോൾ ഉള്ളത്.
No comments:
Post a Comment