ദുബായ്: നഗരത്തിലെ ഇ-ബൈക്ക് ഡെലിവറി സേവനം ഏഴ് പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ നാല് മേഖലകളിൽ നടത്തിയ പരീക്ഷണ പദ്ധതി വിജയകരമായതിനെ തുടർന്നാണ് സേവനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചത്.
അൽ ത്വാർ 1, അൽ ത്വാർ 2, അൽ ഖുസൈസ് 1, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡ്, ദുബായ് മീഡിയ സിറ്റി, ജുമൈറ ലേക്ക്‌സ് ടവേഴ്‌സ്, ദുബായ് മറീന എന്നിവിടങ്ങളിലാണ് പുതിയതായി സേവനം ആരംഭിച്ചത്. നേരത്തെ അൽ കറാമ, അൽ ഹംറിയ, ഉമ്മു ഹുറൈർ, അൽ മൻഖൂൽ എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കിയിരുന്നു. പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുകയും സുസ്ഥിര ഡെലിവറി സംവിധാനം ഉറപ്പാക്കുകയുമാണ് പദ്ധതിയിലൂടെ ആർ.ടി.എ ലക്ഷ്യമിടുന്നത്.
പ്രത്യേക കാൽനട, സൈക്കിൾ ട്രാക്കുകളുടെ ലഭ്യത, റെസ്റ്റോറന്റുകളുടെയും കടകളുടെയും സാമീപ്യം, ജനസാന്ദ്രത തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പുതിയ മേഖലകൾ തിരഞ്ഞെടുത്തത്. സ്വകാര്യ പങ്കാളികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഡെലിവറി റൈഡർമാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ കർശന മാർഗനിർദേശങ്ങളും ആർ.ടി.എ ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷണ ഘട്ടത്തിൽ 99 ശതമാനം ഉപഭോക്താക്കളും 90 ശതമാനത്തിലധികം ഡെലിവറി റൈഡർമാരും സംതൃപ്തി രേഖപ്പെടുത്തിയതായും ആർ.ടി.എ വ്യക്തമാക്കി.
No comments:
Post a Comment