ദുബൈയിൽ കസ്റ്റംസ് തീരുവ സസ്പെൻഷൻ 180 ദിവസമായി; 60 ദിവസം കൂടി ഇളവ്

വ്യാപാരികൾക്ക് ആശ്വാസം; പുനർകയറ്റുമതി, താൽക്കാലിക പ്രവേശനം, ട്രാൻസിറ്റ് ചരക്കുകൾക്ക് അധിക സമയം

ദുബൈ : വ്യാപാര മേഖലയിലെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി നിർദിഷ്ട കസ്റ്റംസ് ഡിക്ലറേഷനുകളുടെ തീരുവ സസ്പെൻഷൻ കാലാവധി ദുബൈ കസ്റ്റംസ് വീണ്ടും നീട്ടി. 60 ദിവസം കൂടി അനുവദിച്ചതോടെ ആകെ സസ്പെൻഷൻ കാലാവധി 180 ദിവസമായി.

2026 ഫെബ്രുവരി 27ന് ശേഷം ഒക്ടോബർ 31 വരെ സസ്പെൻഷൻ കാലാവധി അവസാനിക്കുന്ന നടപടികൾക്കാണ് പുതിയ ഇളവ് ബാധകമാകുന്നത്. പുനർകയറ്റുമതിക്കായുള്ള ഇറക്കുമതി, താൽക്കാലിക പ്രവേശനം, എല്ലാ തരത്തിലുള്ള ട്രാൻസിറ്റ് ചരക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടും. നിലവിലെ സസ്പെൻഷൻ കാലാവധി അവസാനിക്കുന്ന തീയതി മുതലാണ് അധിക 60 ദിവസം കണക്കാക്കുക.

ആഗോള വ്യാപാര മേഖലയിലെ നിലവിലെ സാഹചര്യത്തിൽ സപ്ലൈ ചെയിൻ പ്രവർത്തനങ്ങൾ സുഗമമായി തുടരാനും വ്യാപാരികൾക്ക് കൂടുതൽ സൗകര്യം നൽകാനുമാണ് നടപടി. ജൂൺ 18ലെ കസ്റ്റംസ് അറിയിപ്പ് നമ്പർ 12/2026 പ്രകാരം സസ്പെൻഷൻ കാലാവധി നേരത്തെ 120 ദിവസമാക്കിയിരുന്നു. പുതിയ അറിയിപ്പ് നമ്പർ 17/2026, സെപ്റ്റംബർ 23ന് പുറപ്പെടുവിച്ചതോടെയാണ് ഇത് 180 ദിവസമാക്കിയത്. അംഗീകൃത ചട്ടങ്ങൾ പ്രകാരം കാലാവധി വീണ്ടും നീട്ടാനും ദുബൈ കസ്റ്റംസിന് അധികാരമുണ്ട്.



No comments:

Post a Comment