സെപ്റ്റംബർ 28 മുതൽ മൂന്ന് ദിവസം ബാങ്ക് സേവനങ്ങളിൽ തടസ്സത്തിന് സാധ്യത
ദുബൈ: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാർ സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ, നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ ഇടപാടുകൾ നേരത്തെ പൂർത്തിയാക്കുന്നത് പരിഗണിക്കണമെന്ന് മുന്നറിയിപ്പ്. സമരം മൂലം എല്ലാ ബാങ്കിങ് സേവനങ്ങളും നിലയ്ക്കില്ലെങ്കിലും, ശാഖകളിലെ ജീവനക്കാരുടെ നേരിട്ടുള്ള സേവനം ആവശ്യമായ ഇടപാടുകൾക്കും ചെക്ക് ക്ലിയറൻസ് ഉൾപ്പെടെയുള്ള നടപടികൾക്കും കാലതാമസം നേരിടാൻ സാധ്യതയുണ്ട്.
സമരദിവസങ്ങളിലെ സേവനതടസ്സം പരമാവധി കുറയ്ക്കുന്നതിനായി പൊതുമേഖലാ ബാങ്കുകൾക്കും ഗ്രാമീണ ബാങ്കുകൾക്കും സെപ്റ്റംബർ 27 ഞായറാഴ്ച അധിക പ്രവൃത്തിദിനമായി അനുവദിച്ചിട്ടുണ്ട്. അതേസമയം, യു.എ.ഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് അയക്കുന്ന പണമിടപാടുകൾ പൂർണമായി നിലയ്ക്കുമെന്നല്ല; എന്നാൽ ഇടപാടിന്റെ സ്വഭാവമനുസരിച്ച് പണം അക്കൗണ്ടിലെത്തുന്നതിനോ ബാങ്ക് നടപടികൾ പൂർത്തിയാകുന്നതിനോ അധിക സമയം വേണ്ടിവരാം.
സമരകാലത്ത് ഉപഭോക്താക്കൾക്ക് പണം പിൻവലിക്കുന്നതിൽ ബുദ്ധിമുട്ട് കുറയ്ക്കാൻ, മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകൾ ഉപയോഗിക്കുമ്പോൾ ഈടാക്കുന്ന അധിക ചാർജുകൾ പല പൊതുമേഖലാ ബാങ്കുകളും താൽക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. യു.പി.ഐ, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ സാധാരണ നിലയിൽ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. അതിനാൽ അടിയന്തരമായി നാട്ടിലേക്ക് പണമയക്കേണ്ടവർ സാധ്യമെങ്കിൽ സമരത്തിന് മുമ്പ് ഇടപാട് പൂർത്തിയാക്കുന്നത് പരിഗണിക്കാം.

No comments:
Post a Comment