ബോധവത്കരണ ക്ലാസുകൾ മുതൽ കായിക മത്സരങ്ങളും അന്താരാഷ്ട്ര കോൺഫറൻസും വരെ; യു എ ഇയിലുടനീളം വിപുലമായ പരിപാടികൾ
ദുബൈ:ഒക്ടോബർ മാനസികാരോഗ്യ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി യു എ ഇയിലുടനീളം 40 ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എമിറേറ്റ്സ് ഹെൽത്ത് സർവീസസ് അറിയിച്ചു. ഫെഡറൽ, പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ചാണ് ‘ഒരുമിച്ച് കരുത്തോടെ; പിന്തുണയ്ക്കുന്ന ബോധവത്കരണവും ചേർത്തുപിടിക്കുന്ന സമൂഹവും’ എന്ന പ്രമേയത്തിൽ പരിപാടികൾ നടത്തുന്നത്. വിവിധ ആരോഗ്യകേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുവേദികൾ എന്നിവിടങ്ങളിൽ ബോധവത്കരണ ക്ലാസുകൾ, ശിൽപശാലകൾ, പ്രദർശനങ്ങൾ, കായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.
സമൂഹത്തിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മുൻവിധികളും തെറ്റിദ്ധാരണകളും കുറയ്ക്കുകയും ഇത്തരം വിഷയങ്ങളിൽ തുറന്ന ചർച്ചകൾക്ക് അവസരം ഒരുക്കുകയുമാണ് പരിപാടികളുടെ പ്രധാന ലക്ഷ്യമെന്ന് എമിറേറ്റ്സ് ഹെൽത്ത് സർവീസസിലെ മാനസികാരോഗ്യ വിഭാഗം ഡയറക്ടർ ഡോ. നൂർ അൽ മുഹൈരി പറഞ്ഞു. സാങ്കേതികവിദ്യയുടെ സാധ്യതകളും പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷാർജ കുവൈത്ത് ഹോസ്പിറ്റലിൽ ‘മനോരോഗ ചികിത്സയിൽ നിർമിത ബുദ്ധി’ എന്ന സംരംഭവും എക്സ്പോ വേദിയിൽ എ.ഐ ഉപയോഗിച്ചുള്ള ഓട്ടിസം കണ്ടെത്തൽ സാങ്കേതികവിദ്യയുടെ പ്രദർശനവും നടക്കും.
പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതി
നായി ഖോർഫക്കാൻ കോർണിഷിൽ ‘എല്ലാവർക്കും മാനസികാരോഗ്യം’ എന്ന പേരിൽ മാരത്തോണും വനിതാ കായിക ടൂർണമെന്റും സംഘടിപ്പിക്കും. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനൊപ്പം സമൂഹത്തിന്റെ സജീവ പങ്കാളിത്തവും ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നു. മാസാവസാനം വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കുന്ന അന്താരാഷ്ട്ര മാനസികാരോഗ്യ കോൺഫറൻസോടെയാണ് ഈ വർഷത്തെ പരിപാടികൾക്ക് സമാപനമാകുക.

No comments:
Post a Comment