ദുബൈ ജീവിതത്തിന് ഏഴ് തത്വങ്ങൾ പങ്കുവെച്ച് ശൈഖ് മുഹമ്മദ്

ഉയർന്ന കെട്ടിടങ്ങളല്ല, മികച്ച മൂല്യങ്ങളാണ് സമൂഹത്തിന്റെ യഥാർഥ ശക്തിയെന്ന് ദുബൈ ഭരണാധികാരി

ദുബൈ:പൗരന്മാരും താമസക്കാരും സന്ദർശകരും ജീവിതത്തിൽ പിന്തുടരേണ്ട ഏഴ് പ്രധാന മൂല്യങ്ങൾ പങ്കുവെച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. ദുബൈയുടെ വളർച്ചയും പൈതൃകവും വരും തലമുറകളിലേക്കും കൈമാറുന്നതിനായി ‘ദുബൈ സമൂഹത്തിനായുള്ള കത്ത്’ എന്ന സന്ദേശത്തിലാണ് അദ്ദേഹം ഈ തത്വങ്ങൾ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ദി ലെറ്റേഴ്സിലാണ് സന്ദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. ജീവിതം ഉത്തരവാദിത്തമാണെന്നും ആ ഉത്തരവാദിത്തബോധമാണ് ജീവിതത്തിന് അർഥം നൽകുന്നതെന്നും അദ്ദേഹം പറയുന്നു. ഓരോ ജീവനക്കാരനും നേതാവും രക്ഷിതാവും സമൂഹത്തോട് പ്രതിബദ്ധത പുലർത്തണം. മനുഷ്യന്റെ അന്തസ്സിനെയും മൂല്യങ്ങളെയും മാനിക്കുകയും പരസ്പരം ആദരിക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തെ തത്വം. സംസ്കാരം, മതവിശ്വാസം, വികാരങ്ങൾ എന്നിവയെ ബഹുമാനിക്കുമ്പോഴാണ് യഥാർഥ സഹവർത്തിത്വം സാധ്യമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്നാമത്തെ തത്വം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കൃത്യതയും മികവും ഉറപ്പാക്കുക എന്നതാണ്. ജോലിയോടുള്ള ആത്മാർഥതയും സമർപ്പണവുമാണ് ഒരു നാടിന്റെ പുരോഗതിക്ക് ശക്തിയാകുന്നത്. വിനയം ജീവിതത്തിലെ നാലാമത്തെ പ്രധാന മൂല്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ദുബൈ വളർന്നതെന്നും അതിനാൽ അറിവിനോടും മനുഷ്യരോടും എപ്പോഴും വിനയത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷയും ശുഭാപ്തിവിശ്വാസവുമാണ് അഞ്ചാമത്തെ തത്വം. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാനും അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ സാധ്യമാക്കാനും ഉറച്ച മനസ്സും ആത്മവിശ്വാസവും വേണം.

നന്മ ചെയ്യുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നതാണ് ആറാമത്തെ തത്വം. ഒരു പുഞ്ചിരി, നല്ലൊരു വാക്ക്, മറ്റൊരാളുടെ വഴിയിലെ ഒരു തടസ്സം നീക്കിക്കൊടുക്കൽ എന്നിവ പോലും വലിയ നന്മകളാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. സ്വന്തം നാടിനോടും രാജ്യത്തോടുമുള്ള കൂറും ആത്മാർഥതയുമാണ് ഏഴാമത്തെയും അവസാനത്തെയും തത്വം. നമ്മെ ചേർത്തുപിടിക്കുന്ന രാജ്യത്തോട് വിശ്വസ്തരായിരിക്കണം. നിയമങ്ങൾ പാലിക്കുകയും രാജ്യത്തിന്റെ നേട്ടങ്ങളെയും പതാകയെയും അഭിമാനത്തോടെ നെഞ്ചേറ്റുകയും ചെയ്യണമെന്ന് അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.



No comments:

Post a Comment