വേതന സംരക്ഷണ സംവിധാനത്തിൽ (WPS) നടപടിക്രമങ്ങൾ കൂടുതൽ വ്യക്തവും ഏകീകൃതവുമാക്കി
ദുബായ്/അബുദാബി: ജീവനക്കാരുടെ ശമ്പളവിതരണത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ യുഎഇ കൂടുതൽ ക്രമബദ്ധമായ നിരീക്ഷണ സംവിധാനം നടപ്പാക്കുന്നു. WPS വഴിയുള്ള ശമ്പളവിതരണ വിവരങ്ങൾ പരിശോധിച്ച് വൈകലുണ്ടെന്ന് കണ്ടെത്തിയാൽ സ്ഥാപനത്തിന് ആദ്യം ഇലക്ട്രോണിക് അറിയിപ്പ് നൽകും. അനുവദിച്ച സമയത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മാത്രമായിരിക്കും തുടർനടപടി.
നിലവിലുള്ള നിയമങ്ങളും ശമ്പളവിതരണ മാനദണ്ഡങ്ങളും തന്നെയാണ് തുടർന്നും ബാധകമാകുന്നത്. എന്നാൽ നിയമലംഘനം കണ്ടെത്തുന്നതിൽനിന്ന് നടപടിയിലേക്ക് എത്തുന്ന ഘട്ടങ്ങൾ കൂടുതൽ വ്യക്തമായി ക്രമീകരിക്കുകയാണ് മന്ത്രാലയം. തൊഴിലാളികളുടെ എണ്ണം കൂടുതലുള്ള നിർമാണം, ഗതാഗതം, സുരക്ഷ, ശുചീകരണം തുടങ്ങിയ മേഖലകളിൽ തൊഴിൽവിപണിയിലെ റിസ്ക് കണക്കിലെടുത്ത് പരിശോധനകൾക്ക് മുൻഗണന നൽകും.
യുഎഇയിലെ WPS സംവിധാനത്തിലൂടെ ഓരോ മാസവും 3,700 കോടി ദിർഹത്തിലധികം വേതനം കൈമാറുന്നുണ്ട്. ശമ്പളം മുടങ്ങുന്ന സാഹചര്യത്തിൽ സ്ഥാപനങ്ങൾക്ക് പ്രശ്നം നേരത്തെ തിരിച്ചറിഞ്ഞ് തിരുത്താനുള്ള അവസരം നൽകുന്നതാണ് പുതിയ രീതിയുടെ പ്രധാന ലക്ഷ്യം. അതേസമയം, സമയബന്ധിതമായി വേതനം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

No comments:
Post a Comment