നോട്ടിസ് നൽകാതെ പിരിച്ചുവിട്ടു; ജീവനക്കാരന് 90,750 ദിർഹം നഷ്ടപരിഹാരം

ശമ്പള കുടിശ്ശികയും നോട്ടിസ് പേയും നൽകാൻ അബുദബി തൊഴിൽ കോടതി ഉത്തരവ്

അബുദബി: മുൻകൂർ അറിയിപ്പില്ലാതെ ജോലിയിൽനിന്ന് പിരിച്ചുവിട്ട ജീവനക്കാരന് ശമ്പള കുടിശ്ശികയും നോട്ടിസ് കാലയളവിലെ നഷ്ടപരിഹാരവും ഉൾപ്പെടെ 90,750 ദിർഹം നൽകാൻ അബുദബി ലേബർ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ഉത്തരവിട്ടു. മൂന്ന് മാസവും 26 ദിവസവും ഉൾപ്പെടുന്ന ശമ്പള കുടിശ്ശികയായ 74,250 ദിർഹവും ഒരു മാസത്തെ നോട്ടിസ് പേയായി 16,500 ദിർഹവുമാണ് കോടതി അനുവദിച്ചത്. ജീവനക്കാരൻ ശമ്പളമില്ലാത്ത അവധിയിലായിരുന്നുവെന്ന കമ്പനിയുടെ വാദം, അവധി അപേക്ഷയിൽ ജീവനക്കാരന്റെ ഒപ്പില്ലെന്നും അവധിക്ക് ഇരുകക്ഷികളും സമ്മതം നൽകിയതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടി കോടതി തള്ളി.

ഇരുവരും ഒപ്പുവെച്ച തൊഴിൽ കരാർ പ്രകാരം ജീവനക്കാരന്റെ പ്രതിമാസ ശമ്പളം 16,500 ദിർഹമാണെന്ന് കോടതി സ്ഥിരീകരിച്ചു. നിശ്ചിത സമയത്ത് വേതനം നൽകേണ്ടത് തൊഴിലുടമയുടെ നിയമപരമായ ബാധ്യതയാണെന്നും കുടിശ്ശിക നൽകിയതായി തെളിയിക്കുന്ന രേഖകൾ കമ്പനി ഹാജരാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ജീവനക്കാരന്റെ ഒപ്പില്ലാത്ത അവധി രേഖ കമ്പനി ഏകപക്ഷീയമായി തയ്യാറാക്കിയതാണെന്നും അതിന്റെ അടിസ്ഥാനത്തിൽ ശമ്പളം തടഞ്ഞുവയ്ക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിന് മുമ്പ് നിയമപ്രകാരം രേഖാമൂലം നോട്ടിസ് നൽകണമെന്നും നോട്ടിസ് കാലയളവ് 30 മുതൽ 90 ദിവസം വരെയായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. നോട്ടിസ് കാലയളവിൽ ജീവനക്കാരന് മുഴുവൻ ശമ്പളത്തിനും അർഹതയുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ട സാഹചര്യത്തിൽ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ 16,500 ദിർഹം കൂടി നൽകാൻ ഉത്തരവിട്ട കോടതി, കേസിന്റെ ചെലവുകളും കമ്പനി വഹിക്കണമെന്നും വിധിച്ചു.



No comments:

Post a Comment