ജോലിക്ക് എത്താതിരുന്നാൽ ഉടൻ റിപ്പോർട്ട് ചെയ്യണം; ഒളിച്ചോടാൻ സഹായിച്ചാൽ 2 ലക്ഷം ദിർഹം വരെ പിഴ
അബുദാബി: ന്യായമായ കാരണമില്ലാതെ ഗാർഹിക തൊഴിലാളി ജോലിക്ക് എത്താതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതിരിക്കുകയും ചെയ്താൽ തൊഴിലുടമ അഞ്ച് ദിവസത്തിനകം മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തെ (MOHRE) അറിയിക്കണം. mohre.gov.ae വെബ്സൈറ്റ് വഴിയോ MOHRE UAE സ്മാർട്ട് ആപ്പ് വഴിയോ പരാതി നൽകാം. അതേസമയം, തൊഴിലുടമയുടെ അറിവോ അനുമതിയോ ഇല്ലാതെ ജോലി ഉപേക്ഷിക്കുന്ന ഗാർഹിക തൊഴിലാളി രണ്ട് ദിവസത്തിനകം മന്ത്രാലയത്തെ വിവരം അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്.
ന്യായമായ കാരണമില്ലാതെ കരാർ കാലയളവിൽ തുടർച്ചയായി 10 ദിവസമോ ഇടവിട്ട് 15 ദിവസമോ ജോലിക്ക് ഹാജരാകാതിരുന്നാൽ തൊഴിൽ കരാർ അവസാനിപ്പിക്കാം. തൊഴിലുടമയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ തൊഴിലാളി ഒളിച്ചോടിയതായി സ്ഥിരീകരിച്ചാൽ, രാജ്യം വിട്ട തീയതി മുതൽ ഒരു വർഷത്തേക്ക് പുതിയ ഗാർഹിക തൊഴിൽ പെർമിറ്റ് അനുവദിക്കില്ല. അതിനാൽ തൊഴിലുടമകളും തൊഴിലാളികളും നിയമത്തിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം.
ഗാർഹിക തൊഴിലാളിയെ ജോലി ഉപേക്ഷിക്കാൻ സഹായിക്കുകയോ ചൂഷണത്തിനോ അനധികൃത ജോലിക്കോ വേണ്ടി അഭയം നൽകുകയോ ചെയ്യുന്നവർക്ക് 50,000 മുതൽ 2,00,000 ദിർഹം വരെ പിഴ ലഭിക്കാം. കൂടാതെ, താമസവീസയുടെ കാലാവധി കഴിഞ്ഞ് അനുവദിച്ച ഇളവുകാലവും പിന്നിട്ട് യുഎഇയിൽ നിയമലംഘകരായി തുടരുന്നവർക്ക് ഓരോ ദിവസവും 50 ദിർഹം വീതം പിഴ ചുമത്തും.

No comments:
Post a Comment