തൊഴിൽനിയമത്തിലെ ആർട്ടിക്കിൾ 44 പ്രകാരം, അടിയന്തര പിരിച്ചുവിടലിന് കാരണമാകാവുന്ന 10 നിയമലംഘനങ്ങൾ
ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരെ ചില പ്രത്യേക സാഹചര്യങ്ങളിൽ മുൻകൂർ നോട്ടീസ് നൽകാതെ ജോലിയിൽനിന്ന് പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ട്. ഫെഡറൽ ഡിക്രി-ലോ നമ്പർ 33/2021-ലെ ആർട്ടിക്കിൾ 44 പ്രകാരം, ഇതിനായി ജീവനക്കാരനുമായി രേഖാമൂലമുള്ള അന്വേഷണം നടത്തണം. പിരിച്ചുവിടാനുള്ള തീരുമാനം കാരണങ്ങൾ വ്യക്തമാക്കിയുള്ള രേഖാമൂലമുള്ള ഉത്തരവായിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. വ്യാജരേഖകൾ സമർപ്പിക്കുന്നത് മുതൽ നിയമനടപടികൾ പാലിക്കാതെ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് വരെയുള്ള 10 സാഹചര്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
നോട്ടീസ് നൽകാതെ പിരിച്ചുവിടലിന് കാരണമാകാവുന്ന 10 സാഹചര്യങ്ങൾ:
* വ്യാജ തിരിച്ചറിയൽ രേഖകൾ: മറ്റൊരാളായി ആൾമാറാട്ടം നടത്തുകയോ വ്യാജ സർട്ടിഫിക്കറ്റുകളോ രേഖകളോ സമർപ്പിക്കുകയോ ചെയ്യുക.
* ഗുരുതര സാമ്പത്തിക നഷ്ടം: ജീവനക്കാരന്റെ പിഴവുമൂലം തൊഴിലുടമയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുകയോ തൊഴിലുടമയുടെ സ്വത്ത് മനഃപൂർവം നശിപ്പിച്ചതായി ജീവനക്കാരൻ സമ്മതിക്കുകയോ ചെയ്യുക. സാമ്പത്തിക നഷ്ടമുണ്ടായ സംഭവം അറിഞ്ഞ് ഏഴ് പ്രവൃത്തി ദിവസത്തിനകം മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തെ (MOHRE) അറിയിക്കേണ്ടതുണ്ട്.
* സുരക്ഷാ നിർദേശങ്ങൾ ലംഘിക്കൽ: രേഖപ്പെടുത്തിയതും ജോലിസ്ഥലത്ത് വ്യക്തമായി പ്രദർശിപ്പിച്ചതും ജീവനക്കാരനെ അറിയിച്ചതുമായ സുരക്ഷാ നിർദേശങ്ങൾ ലംഘിക്കുക.
* പ്രധാന ചുമതലകൾ നിർവഹിക്കാതിരിക്കൽ: രേഖാമൂലമുള്ള അന്വേഷണം നടത്തിയിട്ടും പിരിച്ചുവിടൽ സംബന്ധിച്ച് രണ്ട് മുന്നറിയിപ്പുകൾ നൽകിയിട്ടും തൊഴിൽകരാറിലെ അടിസ്ഥാന ചുമതലകൾ ആവർത്തിച്ച് നിർവഹിക്കാതിരിക്കുക.
* രഹസ്യവിവരങ്ങൾ ചോർത്തൽ: വ്യവസായ രഹസ്യങ്ങളോ ബൗദ്ധിക സ്വത്തുമായി ബന്ധപ്പെട്ട രഹസ്യങ്ങളോ വെളിപ്പെടുത്തി തൊഴിലുടമയ്ക്ക് നഷ്ടമുണ്ടാക്കുകയോ ബിസിനസ് അവസരങ്ങൾ നഷ്ടപ്പെടുത്തുകയോ വ്യക്തിപരമായ നേട്ടമുണ്ടാക്കുകയോ ചെയ്യുക.
* ലഹരിയുടെ സ്വാധീനത്തിൽ ജോലി ചെയ്യൽ: ജോലി സമയത്ത് മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സൈക്കോട്രോപിക് പദാർഥങ്ങളുടെയോ സ്വാധീനത്തിലായിരിക്കുക. ജോലിസ്ഥലത്ത് പൊതുസദാചാരത്തിന് വിരുദ്ധമായ പ്രവൃത്തി ചെയ്യുന്നതും ഈ വിഭാഗത്തിൽ ഉൾപ്പെടാം.
* ആക്രമണം: ജോലി സമയത്ത് തൊഴിലുടമയെയോ മാനേജരെയോ സൂപ്പർവൈസറെയോ സഹപ്രവർത്തകരെയോ വാക്കുകളിലൂടെയോ ശാരീരികമായോ മറ്റേതെങ്കിലും രീതിയിലോ ആക്രമിക്കുകയും ആ പ്രവൃത്തി യുഎഇ നിയമപ്രകാരം ശിക്ഷാർഹമാകുകയും ചെയ്യുക.
* അനുമതിയില്ലാത്ത ഹാജരാകാതിരിക്കൽ: ന്യായമായ കാരണമോ അംഗീകരിക്കാവുന്ന ഒഴിവുകാരണങ്ങളോ ഇല്ലാതെ ഒരു വർഷത്തിനിടെ തുടർച്ചയല്ലാത്ത 20 ദിവസത്തിലധികമോ തുടർച്ചയായി ഏഴ് ദിവസത്തിലധികമോ ജോലിയിൽ ഹാജരാകാതിരിക്കുക.
* പദവി ദുരുപയോഗം ചെയ്യൽ: വ്യക്തിപരമായ നേട്ടത്തിനായി ഔദ്യോഗിക പദവി നിയമവിരുദ്ധമായി ഉപയോഗിക്കുക.
* നിയമനടപടികൾ പാലിക്കാതെ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യൽ: ബാധകമായ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ മറ്റൊരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കുക.
ജീവനക്കാർ ശ്രദ്ധിക്കുക: ആർട്ടിക്കിൾ 44 പ്രകാരം, മുകളിൽ പറഞ്ഞ സാഹചര്യങ്ങളിൽ നടപടി സ്വീകരിക്കുമ്പോഴും നിയമത്തിലെ വ്യവസ്ഥകളും നടപടിക്രമങ്ങളും തൊഴിലുടമ പാലിക്കണം. നോട്ടീസ് കൂടാതെയുള്ള പിരിച്ചുവിടൽ എല്ലാ സാഹചര്യങ്ങളിലും സ്വമേധയാ നടത്താവുന്ന നടപടിയല്ല.

No comments:
Post a Comment