Showing posts with label Kuwait news. Show all posts
Showing posts with label Kuwait news. Show all posts

കുവൈത്തിലെ മിന അൽ അഹമ്മദി റിഫൈനറി തീപിടിത്തം : മരണപ്പെട്ട ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു.


കുവൈത്ത് : കുവൈത്തിലെ മിന അൽ അഹമ്മദി റിഫൈനറിയിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് ഇന്ത്യക്കാർ മരണപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ അഹമ്മദി റിഫൈനറിയിലെ ഗ്യാസ് ലിക്വിഫാക്ഷൻ ഫാക്ടറിയുടെ 32-ാം നമ്പർ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്‌നാട് സ്വദേശി സിക്കന്തൂർ കസാലി മരൈകയാർ, ഒഡീസ സ്വദേശി ഹരി ചന്ദ്ര റെഡ്ഡി കോണ എന്നിവരാണ് മരിച്ചത്. ഇവിടത്തെ കരാർ തൊഴിലാളികളാണ് ഇവർ. പൊള്ളലേറ്റ പത്തോളം പേരെ അൽ അദാൻ ആശുപത്രിയിലേക്കും ഗുരുതരമായി പൊള്ളലേറ്റവരെ അൽ ബാബ്റ്റൈൻ ബേൺ ഹോസ്പിറ്റലിലേക്കുമാണ് മാറ്റിയത്. തീപിടിത്തത്തിൽ മരിച്ച ഇന്ത്യൻ പൗരന്മാരുടെ മരണത്തിൽ ഇന്ത്യൻ അംബാസഡർ എച്ച്ഇ സിബി ജോർജ് അനുശോചനം രേഖപ്പെടുത്തി. കുവൈത്ത് ഉപപ്രധാനമന്ത്രിയും എണ്ണ-വൈദ്യുതി വകുപ്പ് മന്ത്രിയുമായ ഡോ.മുഹമ്മദ് അബ്ദുല്‍ അലതേഫ് അല്‍-ഫാരിസും ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും അല്‍ ബാബ്‌ടൈന്‍ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. അഹമ്മദി റിഫൈനറിയിലെ അഗ്നിബാധയെ കുറിച്ച് പഠിക്കാനും വിലയിരുത്താനും പരിചയസമ്പന്നരും വിദഗ്ധരുമായ ഉന്നതതല അന്വേഷണ സമിതി രൂപീകരിക്കാൻ ഉപപ്രധാന മന്ത്രി മുഹമ്മദ് അൽ ഫാരിസ് നിർദേശം നൽകിയിട്ടുണ്ട്. 

പ്രവാസികളെ പിരിച്ചുവിടല്‍; നാലു വര്‍ഷത്തേക്ക് തീരുമാനം നടപ്പിലാക്കാനാവില്ലെന്ന് കുവൈറ്റ് യൂനിവേഴ്‌സിറ്റി


കുവൈറ്റ്: സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കണമെന്ന വ്യവസ്ഥ നാലു വര്‍ഷത്തേക്ക് നടപ്പിലാക്കാനാവില്ലെന്ന് സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുവൈറ്റ് യൂനിവേഴ്‌സിറ്റി വ്യക്തമാക്കി. അക്കാദമിക താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് യൂനിവേഴ്‌സിറ്റി അധികൃതര്‍ സിവില്‍ സര്‍വീസ് കമ്മീഷനെ അറിയിച്ചു. 2017ല്‍ ആരംഭിച്ച സ്വദേശിവല്‍ക്കരണം നയത്തിന് വിരുദ്ധമായാണ് യൂനിവേഴ്‌സിറ്റി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 2017 മുതല്‍ ഓരോ വര്‍ഷവും രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിശ്ചിത തോതില്‍വിദേശി ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും പകരം സ്വദേശികളെ നിയമിക്കുകയും ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ വ്യവസ്ഥ പാലിക്കാനാവില്ലെന്നാണ് യൂനിവേഴ്‌സിറ്റിയുടെ ഭാഷ്യം.

നിലവില്‍ കുവൈറ്റ് യൂനിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്ന പ്രവാസികളെ പിരിച്ചുവിടുന്നത് സ്ഥാപനത്തിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍ രാജ്യത്തെ ഔദ്യോഗിക എംപ്ലോയ്‌മെന്റ് ഏജന്‍സിയായ കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷനെ അറിയിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ആധിക്യം കാരണം പഴയ ക്യാംപസില്‍ നിന്ന് യൂനിവേഴ്‌സിറ്റി പുതിയ ക്യാംപസിലേക്ക് മാറ്റുകയാണെന്നും അതിനാല്‍ കൂടുതല്‍ ജീവനക്കാരെ ആവശ്യമുണ്ടെന്നും അധികൃതര്‍ അറിയിച്ചതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അതോടൊപ്പം വിദ്യാര്‍ഥികളുടെ വര്‍ധനവിന് അനുസരിച്ച് കൂടുതല്‍ ജീവനക്കാരെ നിയമിക്കേണ്ടതുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ നിലവിലെ വിദേശികളായ ജീവനക്കാരെ പിരിച്ചുവിടുന്നത് യൂനിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങളെയും പഠന നിലവാരത്തെയും ബാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പുതിയ അക്കാദമിക വര്‍ഷത്തേക്ക് അഡ്മിഷന്‍ എടുത്ത വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് നാലു വര്‍ഷം എടുക്കും. അതുവരെ നിലവിലെ ജീവനക്കാരെ തുടരാന്‍ അനുവദിക്കണമെന്നും അതിനു മുമ്പ് അവരെ പിരിച്ചുവിട്ട് പകരക്കാരെ നിയോഗിക്കാനാവില്ലെന്നുമാണ് യൂണിവേഴ്‌സിറ്റിയുടെ നിലപാട്. അക്കാദമിക കാര്യങ്ങളിലും ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലും സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ യൂനിവേഴ്‌സിറ്റിക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള അധികാരമുണ്ടെന്നും ഇക്കാര്യത്തില്‍ ഇടപെടാന്‍ സിവില്‍ സര്‍വീസ് കമ്മീഷന് നിയമപരമായ അവകാശമില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടിയതായും അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് സിവില്‍ സര്‍വീസ് കമ്മീഷന്റെ നേതൃത്വത്തില്‍ 2017 മുതല്‍ നടപ്പിലാക്കി വരുന്ന സ്വദേശിവല്‍ക്കരണ വ്യവസ്ഥ പ്രകാരം കുവൈറ്റ് യൂനിവേഴ്‌സിറ്റിയിലെ 534 വിദേശ ജീവനക്കാരില്‍ 391 പേരെ ഈ വര്‍ഷം ആകുമ്പോഴേക്ക് പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കണമെന്നാണ് നിയമം. ഓരോ വര്‍ഷത്തെയും സ്വദേശിവല്‍ക്കരണത്തിന്റെ തോത് പാലിക്കുന്നതിന്റെ ഭാഗമായാണിത്. യൂനിവേഴ്‌സിറ്റിയിലെ വിദേശി ജീവനക്കാരില്‍ കൂടുതല്‍ പേരും അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ഇവരെ നാലു വര്‍ഷത്തേക്ക് പിരിച്ചുവിടാനാവില്ലെന്ന നിലപാടിലാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍. നാലു വര്‍ഷം കഴിഞ്ഞ് മാത്രമേ സ്വദേശിവല്‍ക്കരണത്തിന്റെ ഈ തോത് കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അധികൃതര്‍ സിവില്‍ സര്‍വീസ് കമ്മീഷനെ അറിയിച്ചു. എന്നാല്‍ ഇതിനോടുള്ള കമ്മീഷന്റെ പ്രതികരണം അറിവായിട്ടില്ല.

അതിനിടെ, രാജ്യത്ത് സ്വദേശിവല്‍ക്കരണ നയങ്ങള്‍ ശക്തമായി തുടരുമെന്ന് കഴിഞ്ഞ ദിവസം കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെയും തൊഴിലില്ലായ്മയുടെയും പശ്ചാത്തലത്തില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വദേശി വത്കരണം അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചതായി കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നിലവില്‍ എത്ര പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ട് എന്നതിന്റെ കണക്ക് സമര്‍പ്പിക്കാന്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കമ്മീഷന്‍. ഏതൊക്കെ സ്ഥാപനങ്ങളാണ് സ്വദേശിവത്കരണത്തിന്റെ തോത് കൈവരിക്കുന്നതില്‍ പിറകില്‍ എന്ന കാര്യം കണ്ടെത്തുന്നതിനു വേണ്ടിയാണിത്.

പ്രവാസി ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് നിയമപ്രകാരമുള്ള സ്വദേശിവത്കരണത്തിന്റെ തോത് കൈവരിക്കാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം കമ്മീഷന്‍ സ്ഥാപനങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം താത്കാലികമായി മരവിപ്പിക്കാനാണ് കമ്മീഷന്റെ തീരുമാനം. സ്വദേശിവല്‍ക്കരണ തോതിന് അനുസൃതമായി സ്വദേശികളെ നിയമിച്ചാല്‍ മാത്രമേ അവയ്ക്കുള്ള തുക റിലീസ് ചെയ്യുകയുള്ളൂ. 2017ല്‍ ആരംഭിച്ച സ്വദേശിവല്‍ക്കരണ നയം അനുസരിച്ച് 2022 പൂര്‍ത്തിയാവുമ്പോഴേക്ക് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മുഴുവന്‍ ജീവനക്കാരും സ്വദേശികളായിരിക്കണമെന്നതാണ് വ്യവസ്ഥ. നിലവില്‍ ആകെയുള്ള ജോലികളില്‍ എത്ര പേര്‍ സ്വദേശികള്‍, എത്ര പേര്‍ പ്രവാസികള്‍ എന്നിങ്ങനെ തരം തിരിച്ചുള്ള കണക്കുകള്‍ നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്വദേശിവത്കരണ ലക്ഷ്യത്തിലെത്താത്ത സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് ജൂലൈ ഒന്നു മുതല്‍ നിര്‍ത്തിവെയ്ക്കാനാണ് ധനകാര്യ മന്ത്രാലയത്തിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതിനിടെ, രാജ്യത്തെ സര്‍ക്കാര്‍ മേഖലയോടൊപ്പം സ്വകാര്യ മേഖലയിലെ വിവിധ ജോലികളിലും സ്വദേശികളെ മാത്രം നിയമിക്കാനും സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മാരിടൈം, സാഹിത്യം, മാധ്യമരംഗം, കലാ രംഗം, പബ്ലിക് റിലേഷന്‍സ്, അഡ്മിനിസ്ട്രേഷന്‍, സ്റ്റാറ്റിസ്റ്റിക്സ് ജോലികളാണ് ഈ വരുന്ന സെപ്തംബറോടെ പൂര്‍ണമായും സ്വദേശികള്‍ക്ക് മാത്രമാക്കി മാറ്റുക. നിലവില്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ അപ്പോഴേക്കും ജോലിയില്‍ നിന്ന് പിരിച്ചുവിടാനാണ് പദ്ധതി. ഇതിനു പുറമെ, സ്വകാര്യ മേഖലാ ജോലികളില്‍ കുവൈറ്റ് പൗരന്‍മാരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാനും പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും പ്രത്യേക സമിതിക്ക് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ രൂപം നല്‍കിയിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും സമിതി സമര്‍പ്പിക്കും.

പ്രവാസി ജീവനക്കാര്‍ക്ക് തൊഴിലുടമയില്‍ നിന്ന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ രാജ്യം വിടണമെന്ന നിബന്ധന റദ്ധാക്കി കുവൈത്ത്

കുവൈത്ത് സിറ്റി:പ്രവാസി ജീവനക്കാര്‍ക്ക് തൊഴിലുടമയില്‍ നിന്ന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ രാജ്യം വിടണമെന്ന നിബന്ധന റദ്ധാക്കി കുവൈത്ത്. ഈ വ്യവസ്ഥ ഭരണഘടനാ ലംഘനമാണെന്ന് കോടതി വിലയിരുത്തി. 2018ല്‍ കുവൈത്ത് മാന്‍പവര്‍ അതോരിറ്റി (Kuwait Manpower Authority) കൊണ്ടുവന്ന നിബന്ധനയാണ് ഇപ്പോള്‍ കോടതി റദ്ദാക്കിയത്. കുവൈത്തില്‍ തന്നെ തുടരുന്നവര്‍ക്ക് അവര്‍ ആദ്യം ജോലി ചെയ്‍ത സ്ഥാപനത്തില്‍ നിന്ന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെതിരെയാണ് ഇപ്പോഴത്തെ വിധി. അതേസമയം രാജ്യത്ത് ഒരു മേഖലയില്‍ നിന്ന് മറ്റൊരു മേഖലയിലേക്ക് ഇഖാമ മാറ്റുന്നതിനും വിസ ക്യാന്‍സല്‍ ചെയ്യുന്നതിനും തൊഴിലാളികള്‍ നേരിട്ട് തൊഴില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് മാന്‍പവര്‍ അതോരിറ്റി അറിയിച്ചു.

കുവൈത്തിൽ ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കാം, എന്നാല്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ പിന്‍വലിക്കും

കുവൈത്ത് സിറ്റി:  ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങി ഓണ്‍ലൈന്‍ വഴി പ്രവാസികള്‍ ലൈസന്‍സ് പുതുക്കൽ ആരംഭിച്ചു. എന്നാല്‍ വീണ്ടും ലൈസന്‍സ് വിഷയം പ്രതിസന്ധിയാവുകയാണ്. രാജ്യത്ത് വിവിധയിടങ്ങളില്‍ സ്ഥാപിച്ച കിയോസ്കുകളില്‍ നിന്ന് ലൈസന്‍സ് പുതുക്കി പ്രിന്‍റ് ചെയ്തെടുക്കാം എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കൊമേഴ്സ്യല്‍ കോംപ്ലക്സുകളില്‍ സ്ഥാപിച്ച ഓട്ടോമേറ്റഡ് ഡിവൈസുകള്‍ വഴി ലൈസന്‍സ് പ്രിന്‍റ് ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും നിരാശയായിരുന്നു ഫലം.

ലൈസന്‍സ് പുതുക്കാനായി ഫീസ്‌ അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് പ്രിന്‍റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ലൈസന്‍സ് പ്രിന്‍റ് ചെയ്ത് ലഭിക്കുന്നതിന് പകരം ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടാനുള്ള സന്ദേശം ലഭിക്കുകയായിരുന്നു. ലൈസന്‍സ് പുതുക്കുന്നതും കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട നിശ്ചിത വ്യവസ്ഥകള്‍ പാലിക്കാത്തവര്‍ക്കാണ് ഈ പ്രശ്നം അനുഭവപ്പെടുന്നത്. ഇത്തരം ലൈസന്‍സുകള്‍ പിന്‍വലിക്കുകയും ഇതുസംബന്ധിച്ച അറിയിപ്പ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയും ചെയ്യും.

പ്രവാസികളുടെ സിവിൽ ഐ ഡി റദ്ദാക്കില്ല : പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ

കുവൈത്ത് :കുവൈത്തിൽ പ്രവാസികളുടെ സിവിൽ ഐ ഡി റദ്ദാകുമെന്ന പ്രചാരണങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നിഷേധിച്ചു 1982 ലെ നിയമം നമ്പർ 32 അനുസരിച്ച് പൗരന്മാർക്കും പ്രവാസികൾക്കും സിവിൽ ഇൻഫർമേഷൻ സിസ്റ്റത്തിന്റെ അടിസ്ഥാനത്തിൽ സിവിൽ ഐഡി നൽകുന്നത് തുടരുമെന്ന് അതോറിറ്റി പത്ര പ്രസ്താവനയിൽ അറിയിച്ചു. പ്രവാസികളുടെ സിവിൽ ഐ ഡി റദ്ദാകുമെന്ന ഊഹാപോഹങ്ങൾ പ്രചരിച്ചതോടെയാണ് അധികൃതരുടെ വിശദീകരണം

കുവൈത്തിൽ മയക്കുമരുന്നുമായി നാല് പ്രവാസികളെ അറസ്റ്റ് ചെയ്‍തു

കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി നാല് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി . അഞ്ച് കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍മെത്തും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഓരോരുത്തരും സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു.കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് കടത്ത് നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ വ്യാപക അന്വേഷണം നടത്തുകയായിരുന്നു. ലഹരിമരുന്ന് മാഫിയയിലെ കണ്ണികളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി. വിവരങ്ങള്‍ സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ താമസ സ്ഥലങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിലാണ് അഞ്ച് കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍മെത്തും കണ്ടെടുത്തത്. ഒരു ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.

ബൂസ്റ്റര്‍ ഡോസ് വാക്സിന് ആവശ്യക്കാരേറുന്നു, കുവൈത്തില്‍ 333,000 പേര്‍ ബൂസ്റ്റര്‍ ഷോട്ട് എടുത്തു

 കുവൈത്ത്‌ സിറ്റി :  രാജ്യത്ത്  ബൂസ്റ്റര്‍ ഡോസ് വാക്സിന് ആവശ്യക്കാരേറുന്നതിന്റെ തെളിവായി കണക്കുകള്‍. ശനിയാഴ്ച ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ വരെയുള്ള ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആകെ 333,000 പേര്‍ ബൂസ്റ്റര്‍ ഷോട്ട് സ്വീകരിച്ചു. രണ്ടാമത്തെ ഡോസ്‌ സ്വീകരിച്ച്‌ 9 മാസം പിന്നിട്ടവർക്ക്‌ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂടുതലായി അനുഭവപ്പെട്ട് തുടങ്ങിയത്. ആദ്യ രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ 3,330,945 പേരാണ് (85 ശതമാനം). 32,12,103 പേര്‍ (82 ശതമാനം) ആദ്യ ഡോസ് മാത്രവും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

കുവൈറ്റില്‍ പുതിയ നിയമം വരുന്നു; രണ്ടു ലക്ഷത്തിലേറെ പ്രവാസികള്‍ക്ക് സ്വകാര്യ വാഹനം ഓടിക്കാനാവില്ല

കുവൈറ്റ് സിറ്റി:കുവൈറ്റില്‍ നിര്‍മാണ ആവശ്യത്തിനും പൊതു ആവശ്യങ്ങള്‍ക്കും വേണ്ടി ഡ്രൈവിംഗ് ലൈസന്‍സ് നേടിയവര്‍ ആ ലൈസന്‍സ് ഉപയോഗിച്ച് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന കാര്യം ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് പരിഗണിക്കുന്നതായി അല്‍ ജരീദ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ മേഖലയിലെ ഒരു മുന്‍നിര സ്ഥാപനം ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ശുപാര്‍ശയാണ് അധികൃതര്‍ പരിഗണിക്കുന്നത്. പൊതു ആവശ്യങ്ങള്‍ക്കും നിര്‍മാണ ആവശ്യങ്ങള്‍ക്കും വാഹനം ഓടിക്കാന്‍ അനുവാദമുള്ളവര്‍ അവര്‍ക്ക് ലഭിച്ചിരിക്കുന്ന ലൈസന്‍സ് ആ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമേ ഉപയോഗിക്കാന്‍ അനുവദിക്കാവൂ എന്നതാണ് ശുപാര്‍ശ. ഇത് അംഗീകരിക്കപ്പെടുകയാണെങ്കില്‍ അവര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാനാവില്ല.


ഈ രീതിയില്‍ നിര്‍മാണ, പൊതു ആവശ്യങ്ങള്‍ക്കായി അനുവദിക്കപ്പെട്ടിട്ടുള്ള ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണം രണ്ട് ലക്ഷത്തിലേറെ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ ഈ ലൈസന്‍സുകള്‍ ഉപയോഗിച്ച് സ്വകാര്യ വാഹനങ്ങളും ഇവര്‍ ഡ്രൈവ് ചെയ്യുന്നുണ്ട്. രണ്ടു ലക്ഷത്തോളം ഡ്രൈവര്‍മാര്‍ക്ക് ഇതിനുള്ള അനുമതി നിഷേധിക്കണമെന്ന ശുപാര്‍ശയാണ് അധികൃതര്‍ പരിഗണിക്കുന്നത്. രണ്ട് ലക്ഷത്തിലേറെ ഡ്രൈവര്‍മാര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുന്നതിലൂടെ രാജ്യത്തെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരം കണ്ടെത്താനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.


അതിനിടെ, കുവൈറ്റിലെ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം പറയുമ്പോഴും തത്വത്തില്‍ നിരോധനം തുടരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിര്‍ന്ന ട്രാഫിക് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയോടെ മാത്രമേ പ്രവാസികളുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നുള്ളൂ എന്നും അല്‍ ജരീദ പത്രം വ്യക്തമാക്കി. ലൈസന്‍സ് പുതുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും കഴിഞ്ഞ ദിവസം അഭ്യന്തര മന്ത്രാലയം പ്രവസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് അനധികൃത ലൈസന്‍സുകള്‍ കണ്ടെത്തി കാന്‍സല്‍ ചെയ്യുന്ന നടപടിയുടെ ഭാഗമായി പ്രവാസികളുടെ ലൈസന്‍സുകള്‍ പുതുക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായുള്ള വാര്‍ത്തകള്‍ക്കുള്ള പ്രതികരണമെന്ന നിലയ്ക്കായിരുന്നു മന്ത്രാലയത്തിന്റെ പ്രസ്താവന. എന്നാല്‍ മന്ത്രാലയത്തിന്റെ വാദം ശരിയല്ലെന്നാണ് അല്‍ ജരീദ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.


പ്രവാസികളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള വിലക്ക് ആറ് ഗവര്‍ണറേറ്റുകളിലും നിലവിലുണ്ടെന്നും പ്രത്യേക കേസുകളില്‍ മാത്രമാണ് അന്വേഷണ വിധേയമായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുതുക്കാന്‍ അനുമതി നല്‍കുന്നതെന്നും പത്രം വ്യക്തമാക്കി. ലൈസന്‍സ് പുതുക്കി ലഭിക്കേണ്ടവര്‍ ട്രാഫിക് വിഭാഗം ഓഫീസില്‍ നേരിട്ടെത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ രേഖകള്‍ ഹാജരാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് പുതുക്കി നല്‍കുകയും ചെയ്യുന്ന രീതിയാണ് നിലവില്‍ അനുവര്‍ത്തിക്കുന്നത്. അപേക്ഷകരുടെ ജോലി, ശമ്പളം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ലൈസന്‍സ് പുതുക്കി നല്‍കുന്നത്. ഇത് അഴിമതിക്കും സ്വജനപക്ഷപാതത്തിലും വഴി വയ്ക്കുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉള്ളതായും പത്രം പറയുന്നു.


600 ദിനാര്‍ മിനിമം ശമ്പളം, സര്‍വകലാശാലാ ബിരുദം, രണ്ട് വര്‍ഷത്തില്‍ കുറയാതെ കുവൈത്തില്‍ സ്ഥിര താമസം എന്നിവയാണ് വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പ്രധാനം മാനദണ്ഡങ്ങള്‍. ഡ്രൈവര്‍, പിആര്‍ഒ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍, യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍, നയതന്ത്ര കാര്യാലയം പ്രതിനിധികള്‍, പ്രൊഫഷനല്‍ കായിക താരങ്ങള്‍, എണ്ണക്കമ്പനികളിലെ ടെക്‌നീഷ്യന്‍, പൈലറ്റ്, കപ്പിത്താന്‍ എന്നിവരും അവരുടെ സഹായികളും, നഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റ്, മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്നിവര്‍ക്ക് ഈ മൂന്നു വ്യവസ്ഥകളിലും ഇളവുണ്ട്. എന്നാല്‍ രാജ്യത്തെ പ്രവാസികള്‍ക്ക് നല്‍കിയിട്ടുള്ള ലൈസന്‍സുകളില്‍ രണ്ടര ലക്ഷത്തോളം ലൈസന്‍സുകള്‍ അനധികൃതമായി കൈവശം വയ്ക്കുന്നവയാണെന്നാണ് റിപ്പോര്‍ട്ട്.