യുഎഇ: 2022 ജനുവരിയിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു

യുഎഇ: മുൻ മാസത്തെ പെട്രോൾ വില 2.77 ദിർഹമായിരുന്നു .ജനുവരി 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.65 ദിർഹമാണ് വില,സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.53 ദിർഹമാണ്, ഡിസംബറിൽ 2.53 ദിർഹവുമായിരുന്നു.
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.46 ദിർഹമാണ്, കഴിഞ്ഞ മാസം ഒരു ലിറ്ററിന് 2.58 ദിർഹമായിരുന്നു, അതേസമയം ഡിസംബറിൽ ഡീസലിന് 2.77 ദിർഹമാണ് എന്നാൽ ജനുവരിയിൽ ഡീസൽ ലിറ്ററിന് 2.56 ദിർഹം ഈടാക്കും

സൗദിയില്‍ ഡിസംബര്‍ മുപ്പതോടെ മൂന്ന് തൊഴില്‍ മേഖലകള്‍ കൂടി സ്വദേശിവത്ക്കരിക്കും

റിയാദ് : രാജ്യത്ത് സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമായി നടപ്പിലാക്കാന്‍ സൗദി അധികൃതര്‍. പുതുതായി മൂന്ന് തൊഴില്‍ മേഖലകള്‍ കൂടി സ്വദേശിവത്ക്കരിക്കാനാണ് അധികൃതരുടെ തീരുമാനം. ഡിസംബര്‍ 30 വ്യാഴാഴ്ച മുതലാണ് പുതിയ മേഖലകളിലെ സ്വദേശിവത്ക്കരണം നടപ്പിലാവുക. ഡ്രൈവിംഗ് സ്‌കൂളുകള്‍, കസ്റ്റംസ് ക്ലിയറന്‍സ്, ടെക്‌നിക്കല്‍ എന്‍ജിനീയറിംഗ് എന്നീ മേഖലകള്‍ പുതുതായി സ്വദേശിവത്കരിക്കുന്നത്. ഇതോടെ ഈ ജോലികളില്‍ സൗദികള്‍ക്ക് മാത്രമായിരിക്കും നിയമനം. പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവുന്ന തീരുമാനമാണിത്.

20 തൊഴില്‍ രംഗങ്ങളിലും അനുബന്ധ മേഖലകളിലും കൂടി സ്വദേശിവത്കരണം നടപ്പിലാക്കുന്നതിലൂടെ 2021ല്‍ സ്വദേശികളായ 3.78 ലക്ഷത്തിലധികം സൗദി പൗരന്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു നല്‍കിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഡിസംബര്‍ 30 മുതല്‍ മൂന്ന് പുതിയ മേഖലകളില്‍ കൂടി സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. രാജ്യത്ത് സ്വദേശികള്‍ക്കിടയില്‍ രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സ്വദേശിവത്ക്കരണ നടപടികള്‍, കൊവിഡ് സൃഷ്ടിച്ച തൊഴില്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

പുതുതായി സൗദിവത്ക്കരണം നടപ്പിലാക്കുന്ന മൂന്ന് മേഖലകളിലൊന്ന് കസ്റ്റംസ് ക്ലിയറന്‍സ് മേഖലയാണ്. ഈ മേഖലയിലെ ഏതാനും ചില ജോലികളില്‍ സ്വദേശിവല്‍ക്കരണം 100 ശതമാനമായി ഉയര്‍ത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതു വഴി രണ്ടായിരത്തില്‍ അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഗവണ്മെന്റ് റിലേഷന്‍സ് ഉദ്യോഗസ്ഥന്‍, ജനറല്‍ മാനേജര്‍, കസ്റ്റംസ് ക്ലിയറന്‍സ് ക്ലര്‍ക്ക്, കസ്റ്റംസ് ഏജന്റ്, കസ്റ്റംസ് ക്ലിയറന്‍സ് ബ്രോക്കര്‍, കസ്റ്റംസ് കാറ്റഗറൈസര്‍, വിവര്‍ത്തകന്‍ എന്നീ തൊഴിലുകളാണ് കസ്റ്റംസ് ക്ലിയറന്‍സ് മേഖലയില്‍ 100 ശതമാനം സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുകയെന്ന് നടപടിക്രമ ഗൈഡില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതു പ്രകാരം മേല്‍ പറഞ്ഞ ജോലികളില്‍ ഡിസംബര്‍ 30നു ശേഷം സ്വദേശികളല്ലാത്തവരെ നിയമിക്കുന്നത് കുറ്റകരമാവും.

ഡ്രൈവിംഗ് സ്‌കൂള്‍ മേഖലയാണ് സ്വദേശിവത്ക്കരണം ശക്തിപ്പെടുത്തിയ മറ്റൊരു രംഗം. ഈ മേഖലയിലെ നൂറ് ശതമാനം തൊഴിലുകളും സ്വദേശിവത്ക്കരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡ്രൈവിംഗ് പരിശീലകന്‍, ഡ്രൈവിംഗ് നിരീക്ഷകന്‍ തുടങ്ങിയ ജോലികള്‍ ഈ മാസം 30 വ്യാഴാഴ്ച മുതല്‍ സ്വദേശികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തും. ഡ്രൈവിംഗ് പരിശീലനം നല്‍കുന്ന ആളുടെ പ്രതിമാസ വേതനം 5,000 റിയാലില്‍ കുറവായിരിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ കാണിച്ചിരിക്കുന്ന ശമ്പളമാണ് ഇക്കാര്യത്തില്‍ പരിഗണിക്കുക. ചുരുങ്ങിയത് 5,000 എങ്കിലും മാസ ശമ്പളം ഉണ്ടെങ്കില്‍ മാത്രമേ ആ ജോലിയില്‍ സൗദികളെ നിയമിക്കാനാവൂ. ഡ്രൈവിംഗ് സ്‌കൂളുകളിലെ നിയമനങ്ങള്‍ സൗദികള്‍ക്കു മാത്രമാക്കുന്നതിലൂടെ 8,000 പുതിയ തൊഴിലവസരങ്ങളാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഡ്രൈവിംഗ് സ്‌കൂള്‍ മേഖലയെ സൗദിവല്‍ക്കരിക്കാനുള്ള തീരുമാനം വന്ന ഉടന്‍ തന്നെ, രാജ്യത്തെ ഈ മേഖലയിലെ തൊഴിലന്വേഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാന്‍ മന്ത്രാലയത്തിനു കീഴിലുള്ള ഹദഫ് ഫണ്ട് മുന്‍കൈയെടുത്തിരുന്നു.

ടെക്‌നിക്കല്‍ എഞ്ചിനീയറിംഗ് മേഖലയിലും സ്വദേശിവത്ക്കരണം ശക്തിപ്പെടുത്താനാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം. ഈ മേഖലയില്‍ മന്ത്രാലയം അംഗീകരിച്ച ജോലികളിലാണ് ഈ മാസം 30ഓടെ പൂര്‍ണമായും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുക. ഈ മേഖലയില്‍ അഞ്ചോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ സ്വദേശിവല്‍ക്കരണ തീരുമാനം ബാധകമായിരിക്കും. 12,000 തൊഴിലവസരങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജോലിക്ക് നിയോഗിക്കുന്ന ആളുടെ പ്രതിമാസ വേതനം 5,000 റിയാലില്‍ കുറയരുതെന്നും സൗദി എന്‍ജിനീയേഴ്സ് കൗണ്‍സിലിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് വേണമെന്നും നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ട്. 5000 റിയാലില്‍ കുറവാണ് ശമ്പളമെങ്കില്‍ അതിനെ സൗദിവല്‍ക്കരണത്തിന്റെ ശതമാനത്തില്‍ ഉള്‍പ്പെടുത്തില്ല.

പ്രവാസികളുടെ സിവിൽ ഐ ഡി റദ്ദാക്കില്ല : പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ

കുവൈത്ത് :കുവൈത്തിൽ പ്രവാസികളുടെ സിവിൽ ഐ ഡി റദ്ദാകുമെന്ന പ്രചാരണങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നിഷേധിച്ചു 1982 ലെ നിയമം നമ്പർ 32 അനുസരിച്ച് പൗരന്മാർക്കും പ്രവാസികൾക്കും സിവിൽ ഇൻഫർമേഷൻ സിസ്റ്റത്തിന്റെ അടിസ്ഥാനത്തിൽ സിവിൽ ഐഡി നൽകുന്നത് തുടരുമെന്ന് അതോറിറ്റി പത്ര പ്രസ്താവനയിൽ അറിയിച്ചു. പ്രവാസികളുടെ സിവിൽ ഐ ഡി റദ്ദാകുമെന്ന ഊഹാപോഹങ്ങൾ പ്രചരിച്ചതോടെയാണ് അധികൃതരുടെ വിശദീകരണം

കുവൈത്തിൽ മയക്കുമരുന്നുമായി നാല് പ്രവാസികളെ അറസ്റ്റ് ചെയ്‍തു

കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി നാല് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി . അഞ്ച് കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍മെത്തും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഓരോരുത്തരും സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു.കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് കടത്ത് നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ വ്യാപക അന്വേഷണം നടത്തുകയായിരുന്നു. ലഹരിമരുന്ന് മാഫിയയിലെ കണ്ണികളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി. വിവരങ്ങള്‍ സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ താമസ സ്ഥലങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിലാണ് അഞ്ച് കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍മെത്തും കണ്ടെടുത്തത്. ഒരു ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.

ജോലിയും ശംബളവുമില്ലാതെ ദുരിതത്തിലായ മലയാളികളുൾപ്പെടെയുള്ളവർക്ക് കോടതി ഇടപെടലിലൂടെ ശംബളം

അബുദാബി∙ മാസങ്ങളോളം ജോലിയും  ശംബളവുമില്ലാതെ ദുരിതത്തിലായിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികൾക്ക് കോടതി ഇടപെടലിലൂടെ കുടിശിക തുക തിരിച്ചുകിട്ടി. നാല് കമ്പനികളിലായി ജോലി ചെയ്ത 2794 തൊഴിലാളികള്‍ക്ക് 40 മില്യണ്‍ ദിര്‍ഹ (3,00,54,40,000 – 300 കോടിയിലധികം) മാണ് കുടിശിക തുകയായി മൊബൈല്‍ കോടതി നേടിക്കൊടുത്തത്. കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാ തൊഴിലാളികളുടെയും പരാതി പ്രത്യേകം കേട്ടു കമ്പനി അധികൃതരുമായി ചർച്ച നടത്തിയാണു കേസിൽ തീർപ്പുണ്ടാക്കിയത്. ശംബള കുടിശിക തീർത്തു നൽകുന്നതുവരെ തൊഴിലാളികളെ താമസ സ്ഥലത്തു നിന്ന് ഇറക്കിവിടുന്നതും കോടതി തടഞ്ഞിരുന്നു

യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം ലംഘിച്ചതിന് എക്‌സ്‌ചേഞ്ച് ഹൗസിന് പിഴ ചുമത്തി

 യുഎഇരാജ്യത്തെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം ലംഘിച്ചതിന് യുഎഇ സെൻട്രൽ ബാങ്ക് എക്‌സ്‌ചേഞ്ച് ഹൗസിന് 352,000 ദിർഹം പിഴ ചുമത്തി. 2018-ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ 20-ന്റെ വ്യവസ്ഥകൾക്കും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്കും അനുസൃതമായി രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ എക്‌സ്‌ചേഞ്ച് കമ്പനികൾക്കും എന്തെങ്കിലും പോരായ്മകൾ പരിഹരിക്കാനും പാലിക്കൽ പരിശോധിക്കാനും മതിയായ സമയം അനുവദിച്ചിട്ടുണ്ടെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ലംഘനങ്ങളോ പോരായ്മകളോ ഉണ്ടായാൽ നിയമത്തിൽ അനുശാസിക്കുന്ന പിഴകളെക്കുറിച്ച് അത്തരം സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനെതിരെ പോരാടുന്നതിനും രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു.

ബൂസ്റ്റര്‍ ഡോസ് വാക്സിന് ആവശ്യക്കാരേറുന്നു, കുവൈത്തില്‍ 333,000 പേര്‍ ബൂസ്റ്റര്‍ ഷോട്ട് എടുത്തു

 കുവൈത്ത്‌ സിറ്റി :  രാജ്യത്ത്  ബൂസ്റ്റര്‍ ഡോസ് വാക്സിന് ആവശ്യക്കാരേറുന്നതിന്റെ തെളിവായി കണക്കുകള്‍. ശനിയാഴ്ച ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ വരെയുള്ള ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആകെ 333,000 പേര്‍ ബൂസ്റ്റര്‍ ഷോട്ട് സ്വീകരിച്ചു. രണ്ടാമത്തെ ഡോസ്‌ സ്വീകരിച്ച്‌ 9 മാസം പിന്നിട്ടവർക്ക്‌ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂടുതലായി അനുഭവപ്പെട്ട് തുടങ്ങിയത്. ആദ്യ രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ 3,330,945 പേരാണ് (85 ശതമാനം). 32,12,103 പേര്‍ (82 ശതമാനം) ആദ്യ ഡോസ് മാത്രവും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

സൗദിയിൽ നാല് ലക്ഷത്തോളം ഗാർഹിക തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു

 ജിദ്ദ: ഈ വർഷം മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം സൗദിയിൽ നാല് ലക്ഷം ഗാർഹിക തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടതായി ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കുന്നു.

       ജോലി നഷ്ടപ്പെട്ട ഗാർഹിക തൊഴിലാളികളിൽ രണ്ട് ലക്ഷത്തോളം പേർ ഹൗസ് ഡ്രൈവർമാരാണ്.

       2020 മൂന്നാം പാദത്തിൽ 19.4 മില്യൺ ഹൗസ് ഡ്രൈവർമാരുണ്ടായിരുന്ന സ്ഥാനത്ത് 2021 മൂന്നാം പാദത്തിൽ 1.75 മില്യൺ ഹൗസ് ഡ്രൈവർമാരാണുള്ളത്.

      ഹോം ഗാർഡ്, ഹൗസ് ഫാർമർ, ടൈലർമാർ, ഹോം നഴ്സ് തുടങ്ങിയ പ്രൊഫഷനുകളിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. അതേ സമയം ഷെഫ്, വെയ്റ്റ്രസസ്, ഹൗസ് ഹോൾഡ് മാനേജേഴ്സ് എന്നീ മേഖലയിലുള്ളവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.