കുവൈത്തിലെ മിന അൽ അഹമ്മദി റിഫൈനറി തീപിടിത്തം : മരണപ്പെട്ട ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു.


കുവൈത്ത് : കുവൈത്തിലെ മിന അൽ അഹമ്മദി റിഫൈനറിയിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് ഇന്ത്യക്കാർ മരണപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ അഹമ്മദി റിഫൈനറിയിലെ ഗ്യാസ് ലിക്വിഫാക്ഷൻ ഫാക്ടറിയുടെ 32-ാം നമ്പർ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്‌നാട് സ്വദേശി സിക്കന്തൂർ കസാലി മരൈകയാർ, ഒഡീസ സ്വദേശി ഹരി ചന്ദ്ര റെഡ്ഡി കോണ എന്നിവരാണ് മരിച്ചത്. ഇവിടത്തെ കരാർ തൊഴിലാളികളാണ് ഇവർ. പൊള്ളലേറ്റ പത്തോളം പേരെ അൽ അദാൻ ആശുപത്രിയിലേക്കും ഗുരുതരമായി പൊള്ളലേറ്റവരെ അൽ ബാബ്റ്റൈൻ ബേൺ ഹോസ്പിറ്റലിലേക്കുമാണ് മാറ്റിയത്. തീപിടിത്തത്തിൽ മരിച്ച ഇന്ത്യൻ പൗരന്മാരുടെ മരണത്തിൽ ഇന്ത്യൻ അംബാസഡർ എച്ച്ഇ സിബി ജോർജ് അനുശോചനം രേഖപ്പെടുത്തി. കുവൈത്ത് ഉപപ്രധാനമന്ത്രിയും എണ്ണ-വൈദ്യുതി വകുപ്പ് മന്ത്രിയുമായ ഡോ.മുഹമ്മദ് അബ്ദുല്‍ അലതേഫ് അല്‍-ഫാരിസും ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും അല്‍ ബാബ്‌ടൈന്‍ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. അഹമ്മദി റിഫൈനറിയിലെ അഗ്നിബാധയെ കുറിച്ച് പഠിക്കാനും വിലയിരുത്താനും പരിചയസമ്പന്നരും വിദഗ്ധരുമായ ഉന്നതതല അന്വേഷണ സമിതി രൂപീകരിക്കാൻ ഉപപ്രധാന മന്ത്രി മുഹമ്മദ് അൽ ഫാരിസ് നിർദേശം നൽകിയിട്ടുണ്ട്. 

വിദേശത്ത് നിന്ന് ഉംറക്ക് വരുന്നവർക്ക് പരമാവധി നിർവ്വഹിക്കാവുന്ന ഉംറകളുടെ എണ്ണം വെളിപ്പെടുത്തി സൗദി ഹജ്ജ് ഉംറ മന്ത്രാലയം



മക്ക: ഒരാൾക്ക് ആവർത്തിച്ച് ഉംറ നിർവ്വഹിക്കുന്നതിനു 10 ദിവസത്തെ ഇടവേള നിജപ്പെടുത്തിയിട്ടുണ്ടെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആവർത്തിച്ചു.

പ്രസ്തുത നിയമം സൗദിക്ക് പുറത്ത് നിന്ന് വരുന്ന വിദേശ തീർഥാടകർക്കും ബാധകമാകുമെന്നും മന്ത്രാലയം അറിയിക്കുന്നു.
 
ഇതോടെ സൗദിയിലെ 30 ദിവസത്തെ താമസത്തിനിടെ ഒരു തീർഥാടകനു പരമാവധി 3 ഉംറ മാത്രമേ നിർവ്വഹിക്കാൻ സാധിക്കുകയുള്ളൂ.
 
ഒരാൾക്ക് ഉംറ നിവ്വഹിക്കാൻ അപോയിൻ്റ്മെൻ്റ് ലഭിച്ചാൽ ഉംറക്ക് നാലു മണിക്കൂർ മുംബ് വരെ പ്രസ്തുത അപോയിൻ്റ്മെൻ്റ് കാൻസൽ ചെയ്യാൻ അനുമതിയുണ്ട്.

ഉംറ നിർവ്വഹിക്കാനായി ഇപ്പോൾ കേരളത്തിൽ നിന്നടക്കമുള്ള തീർഥാടകർ വിശുദ്ധ ഭൂമിയിലേക്ക് എത്തുന്നുണ്ട്.

പ്രവാസികളെ പിരിച്ചുവിടല്‍; നാലു വര്‍ഷത്തേക്ക് തീരുമാനം നടപ്പിലാക്കാനാവില്ലെന്ന് കുവൈറ്റ് യൂനിവേഴ്‌സിറ്റി


കുവൈറ്റ്: സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കണമെന്ന വ്യവസ്ഥ നാലു വര്‍ഷത്തേക്ക് നടപ്പിലാക്കാനാവില്ലെന്ന് സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുവൈറ്റ് യൂനിവേഴ്‌സിറ്റി വ്യക്തമാക്കി. അക്കാദമിക താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് യൂനിവേഴ്‌സിറ്റി അധികൃതര്‍ സിവില്‍ സര്‍വീസ് കമ്മീഷനെ അറിയിച്ചു. 2017ല്‍ ആരംഭിച്ച സ്വദേശിവല്‍ക്കരണം നയത്തിന് വിരുദ്ധമായാണ് യൂനിവേഴ്‌സിറ്റി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 2017 മുതല്‍ ഓരോ വര്‍ഷവും രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിശ്ചിത തോതില്‍വിദേശി ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും പകരം സ്വദേശികളെ നിയമിക്കുകയും ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ വ്യവസ്ഥ പാലിക്കാനാവില്ലെന്നാണ് യൂനിവേഴ്‌സിറ്റിയുടെ ഭാഷ്യം.

നിലവില്‍ കുവൈറ്റ് യൂനിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്ന പ്രവാസികളെ പിരിച്ചുവിടുന്നത് സ്ഥാപനത്തിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍ രാജ്യത്തെ ഔദ്യോഗിക എംപ്ലോയ്‌മെന്റ് ഏജന്‍സിയായ കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷനെ അറിയിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ആധിക്യം കാരണം പഴയ ക്യാംപസില്‍ നിന്ന് യൂനിവേഴ്‌സിറ്റി പുതിയ ക്യാംപസിലേക്ക് മാറ്റുകയാണെന്നും അതിനാല്‍ കൂടുതല്‍ ജീവനക്കാരെ ആവശ്യമുണ്ടെന്നും അധികൃതര്‍ അറിയിച്ചതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അതോടൊപ്പം വിദ്യാര്‍ഥികളുടെ വര്‍ധനവിന് അനുസരിച്ച് കൂടുതല്‍ ജീവനക്കാരെ നിയമിക്കേണ്ടതുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ നിലവിലെ വിദേശികളായ ജീവനക്കാരെ പിരിച്ചുവിടുന്നത് യൂനിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങളെയും പഠന നിലവാരത്തെയും ബാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പുതിയ അക്കാദമിക വര്‍ഷത്തേക്ക് അഡ്മിഷന്‍ എടുത്ത വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് നാലു വര്‍ഷം എടുക്കും. അതുവരെ നിലവിലെ ജീവനക്കാരെ തുടരാന്‍ അനുവദിക്കണമെന്നും അതിനു മുമ്പ് അവരെ പിരിച്ചുവിട്ട് പകരക്കാരെ നിയോഗിക്കാനാവില്ലെന്നുമാണ് യൂണിവേഴ്‌സിറ്റിയുടെ നിലപാട്. അക്കാദമിക കാര്യങ്ങളിലും ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലും സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ യൂനിവേഴ്‌സിറ്റിക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള അധികാരമുണ്ടെന്നും ഇക്കാര്യത്തില്‍ ഇടപെടാന്‍ സിവില്‍ സര്‍വീസ് കമ്മീഷന് നിയമപരമായ അവകാശമില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടിയതായും അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് സിവില്‍ സര്‍വീസ് കമ്മീഷന്റെ നേതൃത്വത്തില്‍ 2017 മുതല്‍ നടപ്പിലാക്കി വരുന്ന സ്വദേശിവല്‍ക്കരണ വ്യവസ്ഥ പ്രകാരം കുവൈറ്റ് യൂനിവേഴ്‌സിറ്റിയിലെ 534 വിദേശ ജീവനക്കാരില്‍ 391 പേരെ ഈ വര്‍ഷം ആകുമ്പോഴേക്ക് പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കണമെന്നാണ് നിയമം. ഓരോ വര്‍ഷത്തെയും സ്വദേശിവല്‍ക്കരണത്തിന്റെ തോത് പാലിക്കുന്നതിന്റെ ഭാഗമായാണിത്. യൂനിവേഴ്‌സിറ്റിയിലെ വിദേശി ജീവനക്കാരില്‍ കൂടുതല്‍ പേരും അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ഇവരെ നാലു വര്‍ഷത്തേക്ക് പിരിച്ചുവിടാനാവില്ലെന്ന നിലപാടിലാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍. നാലു വര്‍ഷം കഴിഞ്ഞ് മാത്രമേ സ്വദേശിവല്‍ക്കരണത്തിന്റെ ഈ തോത് കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അധികൃതര്‍ സിവില്‍ സര്‍വീസ് കമ്മീഷനെ അറിയിച്ചു. എന്നാല്‍ ഇതിനോടുള്ള കമ്മീഷന്റെ പ്രതികരണം അറിവായിട്ടില്ല.

അതിനിടെ, രാജ്യത്ത് സ്വദേശിവല്‍ക്കരണ നയങ്ങള്‍ ശക്തമായി തുടരുമെന്ന് കഴിഞ്ഞ ദിവസം കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെയും തൊഴിലില്ലായ്മയുടെയും പശ്ചാത്തലത്തില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വദേശി വത്കരണം അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചതായി കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നിലവില്‍ എത്ര പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ട് എന്നതിന്റെ കണക്ക് സമര്‍പ്പിക്കാന്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കമ്മീഷന്‍. ഏതൊക്കെ സ്ഥാപനങ്ങളാണ് സ്വദേശിവത്കരണത്തിന്റെ തോത് കൈവരിക്കുന്നതില്‍ പിറകില്‍ എന്ന കാര്യം കണ്ടെത്തുന്നതിനു വേണ്ടിയാണിത്.

പ്രവാസി ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് നിയമപ്രകാരമുള്ള സ്വദേശിവത്കരണത്തിന്റെ തോത് കൈവരിക്കാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം കമ്മീഷന്‍ സ്ഥാപനങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം താത്കാലികമായി മരവിപ്പിക്കാനാണ് കമ്മീഷന്റെ തീരുമാനം. സ്വദേശിവല്‍ക്കരണ തോതിന് അനുസൃതമായി സ്വദേശികളെ നിയമിച്ചാല്‍ മാത്രമേ അവയ്ക്കുള്ള തുക റിലീസ് ചെയ്യുകയുള്ളൂ. 2017ല്‍ ആരംഭിച്ച സ്വദേശിവല്‍ക്കരണ നയം അനുസരിച്ച് 2022 പൂര്‍ത്തിയാവുമ്പോഴേക്ക് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മുഴുവന്‍ ജീവനക്കാരും സ്വദേശികളായിരിക്കണമെന്നതാണ് വ്യവസ്ഥ. നിലവില്‍ ആകെയുള്ള ജോലികളില്‍ എത്ര പേര്‍ സ്വദേശികള്‍, എത്ര പേര്‍ പ്രവാസികള്‍ എന്നിങ്ങനെ തരം തിരിച്ചുള്ള കണക്കുകള്‍ നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്വദേശിവത്കരണ ലക്ഷ്യത്തിലെത്താത്ത സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് ജൂലൈ ഒന്നു മുതല്‍ നിര്‍ത്തിവെയ്ക്കാനാണ് ധനകാര്യ മന്ത്രാലയത്തിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതിനിടെ, രാജ്യത്തെ സര്‍ക്കാര്‍ മേഖലയോടൊപ്പം സ്വകാര്യ മേഖലയിലെ വിവിധ ജോലികളിലും സ്വദേശികളെ മാത്രം നിയമിക്കാനും സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മാരിടൈം, സാഹിത്യം, മാധ്യമരംഗം, കലാ രംഗം, പബ്ലിക് റിലേഷന്‍സ്, അഡ്മിനിസ്ട്രേഷന്‍, സ്റ്റാറ്റിസ്റ്റിക്സ് ജോലികളാണ് ഈ വരുന്ന സെപ്തംബറോടെ പൂര്‍ണമായും സ്വദേശികള്‍ക്ക് മാത്രമാക്കി മാറ്റുക. നിലവില്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ അപ്പോഴേക്കും ജോലിയില്‍ നിന്ന് പിരിച്ചുവിടാനാണ് പദ്ധതി. ഇതിനു പുറമെ, സ്വകാര്യ മേഖലാ ജോലികളില്‍ കുവൈറ്റ് പൗരന്‍മാരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാനും പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും പ്രത്യേക സമിതിക്ക് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ രൂപം നല്‍കിയിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും സമിതി സമര്‍പ്പിക്കും.

ബൂസ്റ്റര്‍ ഡോസ് ആയി അസ്ട്രസെനക്ക വാക്‌സിന്‍ സ്വീകരിക്കാം അനുമതി നല്‍കി ഒമാൻ

ഒമാൻ : ഒമാനിൽ ബൂസ്റ്റര്‍ ഡോഡ് ആയി അസ്ട്രസെനക്ക വാക്സിൻ നൽകാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ആദ്യ രണ്ടു ഡോസ് അസ്ട്രാസെനക്ക വാക്സിനെടുത്തവർക്ക് ആണ് ബൂസ്റ്റർ ഡോസായി അസ്ട്രാസെനക്ക സ്വീകരിക്കാൻ അനുമതി നൽകിയിരിക്കുന്നത്. രാജ്യത്ത് 18 വയസിനു മുകളിലുള്ളവര്‍ക്കാണ് ബൂസ്റ്റർ സോസ് സ്വീകരിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഏത് വാക്സിന്‌ സ്വീകരിച്ചവർക്കും ഫൈസര്‍ വാക്സിൻ ആണ് ബൂസ്റ്റർ ഡോസായി നൽകിയിരുന്നത്.

വാക്സിൻ സ്വീകരിക്കാത്തവരിൽ ആണ് കൂടുതലായും വൈറസ് ബാധ കണ്ടെത്തുന്നതെന്ന് ഒമാൻ സുപ്രീം കമ്മിറ്റി. അഭിപ്രായപ്പെട്ടു. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചുട്ടുണ്ട്. കൂടാതെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളമായി വിവിധ ഗവർണറേറ്റുകളിലെ ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണവും കൂടുതലാണ്.

5-12 വയസുള്ള കുട്ടികളിൽ അസുഖം ബാധിക്കുന്നത് കൂടുതലായി കണ്ടെത്തുന്നു. അത് കൊണ്ടാണ് പ്രൈമറി ക്ലാസുകളിൽ ഓണ്‍ലൈനിലേക്ക് മാറ്റാനും ഒമാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം നൽകിയത്. ഒമിക്രോണ്‍ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഒമാനിൽ കൂടുതലാണ്. രാജ്യത്തെ എല്ലാ ജനങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, രാജ്യത്തിന് പുറത്തേക്കുള്ള ആവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. തുടങ്ങിയവയാണ് സുപ്രീംകമ്മിറ്റി നൽക്കുന്ന നിർദേശങ്ങൾ.

ദോഹ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കം

ദോഹ: 31-ാമത് ദോഹ രാജ്യാന്തര പുസ്തക മേളയ്ക്ക് തുടക്കമായി. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അൽതാനി 10 ദിവസം നീളുന്ന പുസ്തക മേള ഉദ്ഘാടനം ചെയ്തു . ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ വച്ച് നടക്കുന്ന പുസ്തകമേളയുടെ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം അറിവ് വെളിച്ചമാണ് എന്നതാണ് . 

37 രാജ്യങ്ങളിൽ നിന്നുള്ള 430 പുസ്തക പ്രസാധകരുടെ പങ്കാളിത്തത്തിലാണ് മേള സംഘടിപ്പിക്കുക . സന്ദർശകർക്ക് വായന ശീലം വികസിപ്പിക്കാൻ സഹായകമാകുന്ന റീഡർ ഗൈഡുകളാണ് ഇത്തവണത്തെ പ്രത്യേകത. മേളയുടെ ഭാഗമായി ചെറുതും വലുതുമായ 800 ഓളം പരിപാടികളാണ് നടക്കുക.

കുട്ടികൾക്ക് പുസ്തക മേളയിൽ പ്രവേശനമില്ലെങ്കിലും ക്രിയേറ്റിവിറ്റി ഗാർഡനിലൂടെ പ്രത്യേക പരിപാടികളാണ് ടെലിവിഷനിലും മറ്റുമായി സംഘടിപ്പിച്ചിരിക്കുന്നത്. ഗൈഡും ഇത്തവണത്തെ പ്രത്യേകതയാണ്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 30 ശതമാനം ശേഷിയിലാണ് പുസ്തക മേള നടക്കുന്നത്. ഒരേ സമയം 2,000 പേർക്ക് പ്രവേശിക്കാം. ശനി മുതൽ വ്യാഴം വരെ രാവിലെ 9.00 മുതൽ രാത്രി 10.00 വരെയും വെളളിയാഴ്ചകളിൽ ഉച്ചയ്ക്ക് 3.00 മുതൽ രാത്രി 10.00 വരെയുമാണ് പ്രദർശനം നടക്കുക .

ദുബായില്‍ കൂടുതല്‍ നവീകരണങ്ങള്‍ വരുന്നു; പാര്‍ക്കിംഗ് സൗകര്യം വര്‍ധിക്കും.

 

ദുബായ്: ദുബായില്‍ കൂടുതല്‍ നവീകരണങ്ങള്‍ വരുന്നു. ദുബായ് ഗവണ്‍മെന്റിന്റെ ഫ്രീ സോണും ഗവണ്‍മെന്റ് അതോറിറ്റിയുമായ ഡിഎംസിസി, ജുമൈറ ലേക്ക്‌സ് ടവേഴ്‌സിന് (ജെഎല്‍ടി) സമീപം വരുത്തിയ മാറ്റങ്ങളുടെ തുടര്‍ നടപടിയായാണ് നവീകരണങ്ങള്‍ പ്രഖ്യാപിച്ചത്. പുതിയ റോഡ് ശൃംഖല നിര്‍മ്മിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി, ജെഎല്‍ടിയ്ക്കും ജുമൈറ ദ്വീപ് പ്രദേശത്തിനും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ ഇത് സഹായിക്കും. കൂടാതെ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ പാര്‍ക്കിംഗ് ഇടങ്ങള്‍ നല്‍കുന്ന ലാന്‍ഡ്സ്‌കേപ്പിംഗ് ജോലികളും പ്രോജക്ടില്‍ ഉള്‍പ്പെടുന്നു. തടാകത്തിന്റെ ഭിത്തികള്‍ ഉയര്‍ത്തുകയും ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നത് ഉള്‍പ്പെടെ, ജെഎല്‍ടിയിലുടനീളമുള്ള വിവിധ തടാകങ്ങള്‍ നവീകരിക്കുകയും ചെയ്യും. 100,000 ആളുകളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി പുതിയ കായിക വിനോദ സൗകര്യങ്ങളും 2022-ല്‍ ജെഎല്‍ടിയില്‍ ചേര്‍ക്കും.

ഒമിക്രോണ്‍ ലക്ഷണങ്ങളും ചികിത്സാ നടപടികളും പ്രഖ്യാപിച്ച് ഖത്തർ



ഖത്തർ : കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്ന മിക്ക ആളുകൾക്കും ചെറിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമാവുന്നതെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരക്കാർ ആശുപത്രിയിലേക്ക് ചികിത്സക്കായി എത്തേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചു. കൊവിഡിന്റെ ചെറിയ ലക്ഷണങ്ങളും, ഗുരുതരമായി ബാധിക്കുന്ന ലക്ഷണങ്ങളും എന്തെല്ലാമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച പ്രത്യേക അറിയിപ്പും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. വിവിധ തരത്തിലുള്ള ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ സ്വീകരിക്കേണ്ട മുൻ കരുതൽ നടപടികളും അധികൃതര്‍ വിവരിക്കുന്നുണ്ട്.
തൊണ്ട വേദന, മൂക്കൊലിപ്പ്, ചെറിയ പനി, ചുമ, മണവും രുചിയും തിരിച്ചറിയാതിരിക്കുക, വയറിളക്കം, ഛര്‍ദി, ക്ഷീണം, തലവേദന ഇത്തരം ലക്ഷണങ്ങൾ ആണ് ചെറിയ രോഗലക്ഷണങ്ങള്‍ ആയി കാണുന്നത്. ഇത്തരം രോഗലക്ഷണങ്ങള്‍ ഉള്ളവർ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ കഴിയണം. അസുഖം മാറുന്നത് വരെ യാത്രകൾ ഒഴിവാക്കണം. അധികം പുറത്തുപോകാതെ ഇരിക്കുക. പാരസെറ്റാമോള്‍ കഴിക്കുക, ധാരാളം വെള്ളം കുടിക്കുക ഇവയാണ് ചെയ്യേണ്ടത്. കൂടാതെ സ്വയം പരിശോധിക്കാവുന്ന റാപ്പിഡ് കൊവിഡ് ടെസ്റ്റ് നടത്താം. പോസീറ്റീവാണെന്ന് കണ്ടാൽ അംഗീകൃത മെഡിക്കല്‍ സെന്ററില്‍ പോയി ഔദ്യോഗികമായി കൊവിഡ് പരിശോധന നടത്താം.
വിറയല്‍ പനി, ശരീരം വേദന, ക്ഷീണം, ശക്തമായ ചുമ, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവ ഇടത്തരം രോഗലക്ഷണങ്ങളുടെ കൂട്ടത്തിൽപെടുത്താം. ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരിൽ നിന്നും അകന്ന് കഴിയണം. പാരസെറ്റാമോള്‍ കഴിക്കാം, ധാരാളം വെള്ളം കുടിക്കുക എന്നിവയാണ് ചെയ്യേണ്ടത്. പുറത്തിറങ്ങാതെയിരിക്കുക, യാത്രകൾ ഒഴിവാക്കുക. ഗുരുതര രോഗങ്ങളായ ക്യാന്‍സര്‍, ഹൃദ്രോഗം, വൃക്ക രോഗങ്ങള്‍ എന്നിവയുള്ളവർ ഇത്തരത്തിലുള്ള രോഗലക്ഷണങ്ങൽ വരുന്നതെങ്കിൽ 16000 എന്ന നമ്പറില്‍ വിളിച്ച് സഹായം തേടണം.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ആണെങ്കിൽ അധികൃതരുടെ സഹായം തേടുക. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് സ്വന്തമായി നടത്താം. പോസിറ്റീവാണെങ്കില്‍ മെഡിക്കല്‍ സെന്ററില്‍ പോയി കൊവിഡ് പരിശോധന നടത്തിയ ശേഷം
ഇഹ്‍തിറാസ് ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് മാറ്റുക.
ശക്തമായ നെഞ്ച് വേദന, ശരീരം മുഴുവൻ നീല നിറം, ശരീര വേദനയും ക്ഷീണവും, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവ കടുത്ത രോഗ ലക്ഷണങ്ങളിൽ പെടുത്താം. ഇവർ ഉടൻ തന്നെ ചികിത്സ തേടണം. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് ജീവൻ നഷ്ടമാകുന്ന സ്ഥിതി ഉണ്ടെങ്കിൽ 999 എന്ന നമ്പറില്‍ വിളിക്കുക

ഗൾഫിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ ലുലു നിയമിക്കുന്നു…

ജിസിസി: ജിസിസിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ ലുലു നിയമിക്കുന്നു

ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് വിദേശത്തുള്ള ലുലു ഗ്രൂപ്പ് ശാഖകളിൽ ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നു. നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴിയായിരിക്കും തിരഞ്ഞെടുപ്പ്. ഇന്ത്യയിൽ നിന്നുള്ള താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന തസ്തികയിലേക്ക് 2022 ജനുവരി 20-നോ അതിനു മുമ്പോ അപേക്ഷിക്കാം.

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക പരസ്യം ശ്രദ്ധാപൂർവ്വം പരിശോധിക്കാൻ നിർദ്ദേശിക്കുന്നു.

തസ്തികയുടെപേര്: അക്കൗണ്ടുകളും ഓഡിറ്റ് അസിസ്റ്റന്റുമാരും

യോഗ്യതാ മാനദണ്ഡം: അപേക്ഷിക്കാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ M.com പാസായിരിക്കണം.

പരിചയം ആവശ്യമാണ്: സമാനമായ മേഖലയിൽ കുറഞ്ഞത് 2 വർഷം.

പ്രായപരിധി: 30 വയസ്സിന് താഴെയായിരിക്കണം.

അപേക്ഷിക്കേണ്ടവിധം:  താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ എല്ലാ രേഖകളും സഹിതം അപ്‌ഡേറ്റ് ചെയ്‌ത CV 2022 ജനുവരി 20-നോ അതിനുമുമ്പോ തന്നിരിക്കുന്ന മെയിൽ ഐഡിയിലേക്ക് അയയ്‌ക്കേണ്ടതാണ്.

careers@ae.lulumea.com