കുവൈറ്റ് സിറ്റി:കുവൈറ്റില്‍ നിര്‍മാണ ആവശ്യത്തിനും പൊതു ആവശ്യങ്ങള്‍ക്കും വേണ്ടി ഡ്രൈവിംഗ് ലൈസന്‍സ് നേടിയവര്‍ ആ ലൈസന്‍സ് ഉപയോഗിച്ച് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന കാര്യം ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് പരിഗണിക്കുന്നതായി അല്‍ ജരീദ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ മേഖലയിലെ ഒരു മുന്‍നിര സ്ഥാപനം ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ശുപാര്‍ശയാണ് അധികൃതര്‍ പരിഗണിക്കുന്നത്. പൊതു ആവശ്യങ്ങള്‍ക്കും നിര്‍മാണ ആവശ്യങ്ങള്‍ക്കും വാഹനം ഓടിക്കാന്‍ അനുവാദമുള്ളവര്‍ അവര്‍ക്ക് ലഭിച്ചിരിക്കുന്ന ലൈസന്‍സ് ആ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമേ ഉപയോഗിക്കാന്‍ അനുവദിക്കാവൂ എന്നതാണ് ശുപാര്‍ശ. ഇത് അംഗീകരിക്കപ്പെടുകയാണെങ്കില്‍ അവര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാനാവില്ല.
ഈ രീതിയില്‍ നിര്‍മാണ, പൊതു ആവശ്യങ്ങള്‍ക്കായി അനുവദിക്കപ്പെട്ടിട്ടുള്ള ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണം രണ്ട് ലക്ഷത്തിലേറെ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ ഈ ലൈസന്‍സുകള്‍ ഉപയോഗിച്ച് സ്വകാര്യ വാഹനങ്ങളും ഇവര്‍ ഡ്രൈവ് ചെയ്യുന്നുണ്ട്. രണ്ടു ലക്ഷത്തോളം ഡ്രൈവര്‍മാര്‍ക്ക് ഇതിനുള്ള അനുമതി നിഷേധിക്കണമെന്ന ശുപാര്‍ശയാണ് അധികൃതര്‍ പരിഗണിക്കുന്നത്. രണ്ട് ലക്ഷത്തിലേറെ ഡ്രൈവര്‍മാര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുന്നതിലൂടെ രാജ്യത്തെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരം കണ്ടെത്താനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
അതിനിടെ, കുവൈറ്റിലെ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം പറയുമ്പോഴും തത്വത്തില്‍ നിരോധനം തുടരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിര്‍ന്ന ട്രാഫിക് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയോടെ മാത്രമേ പ്രവാസികളുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നുള്ളൂ എന്നും അല്‍ ജരീദ പത്രം വ്യക്തമാക്കി. ലൈസന്‍സ് പുതുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും കഴിഞ്ഞ ദിവസം അഭ്യന്തര മന്ത്രാലയം പ്രവസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് അനധികൃത ലൈസന്‍സുകള്‍ കണ്ടെത്തി കാന്‍സല്‍ ചെയ്യുന്ന നടപടിയുടെ ഭാഗമായി പ്രവാസികളുടെ ലൈസന്‍സുകള്‍ പുതുക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായുള്ള വാര്‍ത്തകള്‍ക്കുള്ള പ്രതികരണമെന്ന നിലയ്ക്കായിരുന്നു മന്ത്രാലയത്തിന്റെ പ്രസ്താവന. എന്നാല്‍ മന്ത്രാലയത്തിന്റെ വാദം ശരിയല്ലെന്നാണ് അല്‍ ജരീദ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രവാസികളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള വിലക്ക് ആറ് ഗവര്‍ണറേറ്റുകളിലും നിലവിലുണ്ടെന്നും പ്രത്യേക കേസുകളില്‍ മാത്രമാണ് അന്വേഷണ വിധേയമായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുതുക്കാന്‍ അനുമതി നല്‍കുന്നതെന്നും പത്രം വ്യക്തമാക്കി. ലൈസന്‍സ് പുതുക്കി ലഭിക്കേണ്ടവര്‍ ട്രാഫിക് വിഭാഗം ഓഫീസില്‍ നേരിട്ടെത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ രേഖകള്‍ ഹാജരാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് പുതുക്കി നല്‍കുകയും ചെയ്യുന്ന രീതിയാണ് നിലവില്‍ അനുവര്‍ത്തിക്കുന്നത്. അപേക്ഷകരുടെ ജോലി, ശമ്പളം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ലൈസന്‍സ് പുതുക്കി നല്‍കുന്നത്. ഇത് അഴിമതിക്കും സ്വജനപക്ഷപാതത്തിലും വഴി വയ്ക്കുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉള്ളതായും പത്രം പറയുന്നു.
600 ദിനാര്‍ മിനിമം ശമ്പളം, സര്‍വകലാശാലാ ബിരുദം, രണ്ട് വര്‍ഷത്തില്‍ കുറയാതെ കുവൈത്തില്‍ സ്ഥിര താമസം എന്നിവയാണ് വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പ്രധാനം മാനദണ്ഡങ്ങള്‍. ഡ്രൈവര്‍, പിആര്‍ഒ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍, യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍, നയതന്ത്ര കാര്യാലയം പ്രതിനിധികള്‍, പ്രൊഫഷനല്‍ കായിക താരങ്ങള്‍, എണ്ണക്കമ്പനികളിലെ ടെക്‌നീഷ്യന്‍, പൈലറ്റ്, കപ്പിത്താന്‍ എന്നിവരും അവരുടെ സഹായികളും, നഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റ്, മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്നിവര്‍ക്ക് ഈ മൂന്നു വ്യവസ്ഥകളിലും ഇളവുണ്ട്. എന്നാല്‍ രാജ്യത്തെ പ്രവാസികള്‍ക്ക് നല്‍കിയിട്ടുള്ള ലൈസന്‍സുകളില്‍ രണ്ടര ലക്ഷത്തോളം ലൈസന്‍സുകള്‍ അനധികൃതമായി കൈവശം വയ്ക്കുന്നവയാണെന്നാണ് റിപ്പോര്‍ട്ട്.