Abu Dhabi entry, സന്ദർശകരുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് അറിയിപ്പുമായി അധികൃതർ


അബുദാബി: വിനോദസഞ്ചാരികള്‍ക്ക് ( visiters )എമിറേറ്റില്‍ പ്രവേശിക്കാന്‍ കോവിഡ് ബൂസ്റ്റര്‍ ഷോട്ടുകള്‍ ആവശ്യമില്ലെന്ന് അബുദാബി (abu dhabi). യുഎഇ നിവാസികള്‍ക്കായി പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് വിനോദ സഞ്ചാരികളുടെ(touristers ) കാര്യത്തില്‍ അധികൃതര്‍ വ്യക്തത വരുത്തിയത്. വിനോദസഞ്ചാരികള്‍ക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, വിനോദ സഞ്ചാരികള്‍ ഡബിള്‍ ഷോട്ട് വാകിസിന്‍ എടുത്തതിന്റെ തെളിവ് ഹാജരാക്കുകയോ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ലഭിച്ച നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം അല്ലെങ്കില്‍ വിനോദസഞ്ചാരികളുടെ മാതൃരാജ്യത്ത് നിന്ന് ലഭിച്ച 48 മണിക്കൂര്‍ പിസിആര്‍ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. വാക്‌സിനേഷന്‍ എടുക്കാത്ത സന്ദര്‍ശകര്‍ക്ക് കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ ലഭിച്ച നെഗറ്റീവ് പിസിആര്‍ പരിശോധന ഫലം ഹാജരാക്കണം. അതിര്‍ത്തിയില്‍ വിനോദസഞ്ചാരികള്‍ക്കായി ഒരു പ്രത്യേക പാത അനുവദിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ദുബായ്-അബുദാബി റോഡ് എന്‍ട്രി പോയിന്റ് വഴി എമിറേറ്റിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികള്‍ക്കായി, ഡിസിടി-അബുദാബി വലത് പാത (ലെയിന്‍ 1) ടൂറിസ്റ്റ് പാതയായി നിശ്ചയിച്ചിട്ടുണ്ട്. ഏറ്റവും പുതിയ യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും ആവശ്യമായ കോവിഡ് -19 മുന്‍കരുതല്‍ നടപടികള്‍ക്കുമായി ഡിസിടി അബുദാബിയുടെ വെബ്സൈറ്റായ VisitAbuDhabi.ae പരിശോധിക്കുക. 

ദുബായ് വിമാനത്താവളത്തിലെ സുരക്ഷിതത്വം വീണ്ടും തെളിയിച്ച് എയര്‍പോര്‍ട്ട് ജീവനക്കാരനും പോലീസും.

    

ദുബായ്: ദുബായ് വിമാനത്താവളത്തിലെ സുരക്ഷിതത്വം വീണ്ടും തെളിയിച്ച് എയര്‍പോര്‍ട്ട് ജീവനക്കാരനും പോലീസും. ദുബായ് എയര്‍പോര്‍ട്ട് ജീവനക്കാരന്റെയും പൊലീസിന്റെ അര്‍പ്പണ ബോധത്താല്‍ ജര്‍മ്മന്‍കാരന് വന്‍തുക തിരികെ ലഭിച്ചു. യാത്രയ്ക്കിടെ പണം നഷ്ടപ്പെട്ട ജര്‍മ്മനിയില്‍ നിന്നുള്ള സീഗ്ഫ്രഡ് ടെല്‍ബാക്കിന് ദുബായ് പോലീസ് പണം തിരികെ നല്‍കി. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു പണം നഷ്ടപെട്ടത്. അവധിക്കാലമായത് കൊണ്ട് സ്വന്തം നാട്ടില്‍ നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി തായ്ലന്‍ഡിലേക്ക് യാത്ര ചെയ്യുകയായിരുന്നു സീഗ്ഫ്രഡ്. തായ്ലന്‍ഡിലെ ഹോട്ടലിലെത്തിയപ്പോയാണ് 33,600 യൂറോ (139,882 ദിര്‍ഹം) വരുന്ന തന്റ ബാഗ് നഷ്ടപ്പെട്ടതായി മനസിലായത്. സല്‍ഡോര്‍ഫ്, ദുബായ്, ബാങ്കോക്ക് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തതിനാല്‍ ബാഗ് എപ്പോള്‍, എവിടെ വെച്ചാണ് നഷ്ടപ്പെട്ടതെന്ന് ഓര്‍മയില്ലായിരുന്നു. ഇതേ സമയം ഒരു എയര്‍പോര്‍ട്ട് ജീവനക്കാരന്‍ ബാഗ് ലഭിക്കുകയും അയാള്‍ അത് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. തന്റെ ബാഗ് തിരികെ നല്‍കിയതിന് ദുബായ് പോലീസിനും എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും സീഗ്ഫ്രഡ്് നന്ദി പറഞ്ഞു. ദുബായി വിമാനത്താവളത്തിലെ സുരക്ഷിതത്വം വീണ്ടും തെളിയിക്കുകയാണ് ഈ എയര്‍പോര്‍ട്ട് ജീവനക്കാരനും പൊലീസും.

യുഎഇയില്‍ പഴയ വസ്ത്രങ്ങള്‍ നല്‍കിയാല്‍ പണം ലഭിക്കും


യുഎഇ‍: യുഎഇയില് പഴയ വസ്ത്രങ്ങള്‍ നല്‍കിയാല്‍ പണം ലഭിക്കും. കിസ്വയാണ് യുഎഇ നിവാസികള്‍ക്ക് വേണ്ടി ഓഫറുമായി മുന്നോട്ട് വന്നത്. വസ്ത്രങ്ങള്‍ പുനരുപയോഗം ചെയ്യുന്നതിനായി പുതുതായി ആരംഭിച്ച സ്ഥാപനമാണ് കിസ്വ. മാലിന്യവും മലിനീകരണവും കുറയ്ക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് അധിക വസ്ത്രങ്ങള്‍ വാങ്ങുകയും റീസൈക്കിളിങ്ങിന് അയക്കുകയും ചെയ്യുന്ന പദ്ധതിക്കാണ് ഇതിലൂടെ കിസ്വ ലക്ഷ്യം വെക്കുന്നത്. വസ്ത്രങ്ങള്‍, ഷൂസ്, ബാഗുകള്‍, ബെഡ് ഷീറ്റുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ പുനരുപയോഗത്തിനായി സംഭാവന ചെയ്യാം. സംഭാവനകള്‍ പിക്ക്-അപ്പില്‍ തൂക്കിനോക്കുന്നു, കിലോഗ്രാം അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് പണമോ കൂപ്പണുകളോ നല്‍കും. കിസ്വ പ്രതിനിധികള്‍ 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ നിന്ന് അധിക വസ്ത്രങ്ങള്‍ ശേഖരിക്കും. ശേഖരണത്തിന് ശേഷം, ഒരു പ്രത്യേക സംഘം യുഎഇയിലുടനീളമുള്ള മൂന്ന് വെയര്‍ഹൗസുകളിലായി വസ്ത്രങ്ങള്‍ തരംതിരിക്കുകയും ഫില്‍ട്ടര്‍ ചെയ്യുകയും ചെയ്യുന്നു. നല്ല അവസ്ഥയിലുള്ള വസ്ത്രങ്ങള്‍ വിദേശത്ത് വീണ്ടും വില്‍ക്കുന്നു, അതേസമയം കേടായ വസ്ത്രങ്ങള്‍ തരംതിരിച്ച് ഫര്‍ണിച്ചറുകള്‍ അല്ലെങ്കില്‍ കര്‍ട്ടനുകള്‍ പോലുള്ള മറ്റ് ആവശ്യങ്ങള്‍ക്കായി റീസൈക്കിള്‍ ചെയ്യുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ 4,24,100 വസ്ത്രങ്ങള്‍ റീസൈക്കിള്‍ ചെയ്യാന്‍ കിസ്വക്ക് സാധിച്ചിട്ടുണ്ട്. 20 ഓളം അര്‍പ്പണബോധമുള്ള ഡ്രൈവര്‍മാരുള്ളതിനാല്‍, ഈ സേവനത്തിന് പ്രതിദിനം 300-ലധികം പിക്ക്-അപ്പ് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്നും കിസ്വയുടെ ഡയറക്ടര്‍ അല്ലം പറഞ്ഞു. യുഎഇയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് www.kiswauae.com എന്ന വെബ്സൈറ്റിലോ 0569708000 എന്ന നമ്പറില്‍ WhatsApp ഉപയോഗിച്ചോ പിക്കപ്പ് അപ്പോയിന്റ്മെന്റ് നടത്താം.

സൗദിയിൽ 3 വർഷത്തിനിടെ ജോലി നഷ്ടമായത് 10 ലക്ഷത്തിലധികം പ്രവാസികൾക്ക്

റിയാദ്: മൂന്നര വര്‍ഷത്തിനിടെ സൗദിയിൽ ജോലി നഷ്ടമായത് പത്തര ലക്ഷം പ്രവാസികൾക്കെന്ന് റിപ്പോർട്ടുകൾ . 2018 ജനുവരി മുതല്‍ 2021 അവസാനം വരെയുള്ള കണക്കുകളാണിവ. പ്രവാസികളുടെ എണ്ണം കുറയുകയും സ്വദേശി ജീവനക്കാരുടെ എണ്ണം ഉയരുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ ആകെ വിദേശ തൊഴിലാളികളില്‍ 10.12 ശതമാനം പേര്‍ക്കാണ് ഇക്കാലയളവില്‍ ജോലി നഷ്ടപ്പെട്ടത്.2018 മുതലാണ് സ്വകാര്യ മേഖലയിലെ വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 400 റിയാലായി ഉയര്‍ത്തിയത്. 2019-ല്‍ 600 റിയാലായും 2020-ല്‍ 800 റിയാലായും ലെവി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ ആകെ 93.6 ലക്ഷം വിദേശ തൊഴിലാളികളുണ്ട്.
ലെവി ഉയര്‍ത്തുന്നതിനു മുമ്പ് 2017 അവസാനത്തില്‍ വിദേശ തൊഴിലാളികള്‍ 1.042 കോടിയായിരുന്നു. ഇക്കാലയളവില്‍ സൗദി ജീവനക്കാരുടെ എണ്ണം 5.66 ശതമാനമായി വര്‍ധിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആകെ സ്വദേശി ജീവനക്കരുടെ എണ്ണത്തില്‍ 1,79,000 ഓളം പേരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം ആകെ സ്വദേശി ജീവനക്കാര്‍ 33.4 ലക്ഷമാണ്. 2017 അവസാനത്തില്‍ സൗദി ജീവനക്കാര്‍ 31.6 ലക്ഷമായിരുന്നു.

യുഎഇയില്‍ തൊഴില്‍ വിപണി സജീവം; തൊഴിലന്വേഷിക്കുന്നവര്‍ക്ക് സുവര്‍ണാവസരം

അബുദാബി: യുഎഇയില്‍ തൊഴില്‍ വിപണി സജീവമായതിനാല്‍ തൊഴിലന്വേഷിക്കുന്നവര്‍ക്ക് ഇത് സുവര്‍ണാവസരം. കമ്പനികള്‍ റിക്രൂട്മെന്റ് ഊര്‍ജിതമാക്കുകയും തൊഴില്‍ വിപണി കോവിഡിന് മുമ്പുള്ള തലത്തിലേക്ക് മടങ്ങുന്നതും പുതിയ ജോലി തേടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. യുഎഇയിലെ 60% ജോലിക്കാരും 6 മാസത്തിനകം പുതിയ ജോലി തേടാന്‍ സാധ്യതയുണ്ടെന്ന് റിക്രൂട്ടിങ് കണ്‍സല്‍റ്റന്‍സി സ്ഥാപനമായ റോബര്‍ട്ട് ഹാഫ് മിഡില്‍ ഈസ്റ്റിന്റെ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

2021 ഡിസംബര്‍ 15-20 തീയതികളിലായി 500 ജീവനക്കാരില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. യുഎഇയിലെ 73% സ്ഥാപനങ്ങളും ഈ വര്‍ഷം 5% വരെ ശമ്പളം വര്‍ധിപ്പിക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇവരോടു പിടിച്ചുനില്‍ക്കാന്‍ ഇതര സ്ഥാപനങ്ങള്‍ക്കും ശമ്പളം കൂട്ടേണ്ടിവരും. യുഎഇയിലെ 30% കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ നല്‍കും. സ്വകാര്യമേഖലയിലെ 19% തൊഴിലുടമകളും വെള്ളിയാഴ്ച ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നല്‍കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. യുഎഇ തൊഴില്‍ വിപണി കോവിഡിന് മുമ്പുള്ള തലത്തിലേക്ക് മടങ്ങിവരുന്നത് തൊഴിലന്വേഷകര്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക.

ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടൽ; സൗദി പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് തവക്കൽനായിൽ ഇമ്യുൺ സ്റ്റാറ്റസ് നഷ്ടപ്പെടുന്നത് സംബന്ധിച്ച് നിരവധി പ്രവാസികളാണ് സംശയങ്ങൾ ഉന്നയിക്കുന്നത്.

ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് ഫെബ്രുവരി 1 മുതൽ വാണിജ്യ സ്ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കുകയില്ല എന്ന അധികൃതരുടെ മുന്നറിയിപ്പും പലരെയും ആശങ്കപ്പെടുത്തുന്നുണ്ട്.

അപോയിന്റ്മെന്റ് കിട്ടാതെ എങ്ങനെയാണു ബൂസ്റ്റർ ഡോസ് സ്വീകരിക്കുക എന്നാണ് പല പ്രവാസികളും ഇത്തരം മുന്നറിയിപ്പുകൾ കാണുമ്പോൾ ഗൾഫ് മലയാളിയുടെ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ചോദിക്കുന്നത്.

എന്നാൽ ഇത് സംബന്ധിച്ച ആശങ്കകൾക്ക് മറുപടിയെന്നോണം സൗദി ആരോഗ്യ മന്ത്രാലയം ബൂസ്റ്റർ ഡോസ് സംബന്ധിച്ചും ഇമ്യൂൺ സ്റ്റാറ്റസ് സംബന്ധിച്ചും ഇന്ന് വിശദീകരണം നൽകിയിരിക്കുകയാണ്‌.


സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം പിന്നിട്ടവർക്ക് ഫെബ്രുവരി 1 മുതൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടും. അതേ സമയം സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം പൂർത്തിയാകാത്തവരുടെ ഇമ്യൂൺ സ്റ്റാറ്റസ് മാറില്ല എന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
 
അതായത് സെക്കൻഡ് ഡോസ് സ്വീകരിച്ച്   8 മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചെങ്കിൽ മാത്രമേ ഇമ്യൂൺ സ്റ്റാറ്റസ് നില നിർത്താൻ സാധിക്കുകയുള്ളൂ എന്നർഥം.

അതോടൊപ്പം സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം വരെ ഇമ്യൂൺ സ്റ്റാറ്റസ് നില നിൽക്കുമെന്നതിനാൽ ഫെബ്രുവരി 1 ആകുംബോൾ സെക്കന്റ് ഡോസ് സ്വീകരിച്ച് 8 മാസം തികയാത്തവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിലും ആശങ്കപ്പെടേണ്ടതില്ല എന്നും മനസ്സിലാക്കാം.

എങ്കിലും ഇപ്പോൾ സെക്കൻഡ് ഡോസ് സ്വീകരിച്ച് 3 മാസം പിന്നിട്ടാൽ തന്നെ ബൂസ്റ്റർ ഡോസിനുള്ള അപോയിന്റ്മെന്റ് ലഭിക്കുമെന്നതിനാൽ പ്രവാസികൾ 8 മാസം വരെ കാത്തിരിക്കാതെ തന്നെ ബൂസ്റ്റർ ഡോസിനു ശ്രമിക്കുകയായിരിക്കും ബുദ്ധി.

ജോലി തട്ടിപ്പ്: ഗത്യന്തമില്ലാതെ 60ഓളം പ്രവാസികള്‍.


ദുബായ്: യുഎഇയില്‍ ജോലി തട്ടിപ്പിനിരയായ 60 ഓളം പ്രവാസികള്‍ ഗത്യന്തമില്ലാതെ അലയുന്നു. ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 60ഓളം പേരെയാണ് റിക്രൂട്ടിംഗ് ഏജന്‍സി തട്ടിപ്പിനിരയാക്കിയത്. ഇവര്‍ മുറഖബാത്ത് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സെക്യൂരിറ്റി സ്ഥാപനത്തില്‍ സെക്യൂരിറ്റി, സൂപ്പര്‍വൈസര്‍ ജോലികള്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് ഇവരെ സന്ദര്‍ശക വിസയില്‍ യു.എ.ഇയില്‍ എത്തിച്ചത്. ഒരുമാസമായിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. ഓണ്‍ലൈനില്‍ പരസ്യം കണ്ടാണ് ഇവര്‍ ജോലിക്കായി അപേക്ഷിച്ചത്. യോഗ്യതയോ മുന്‍പരിചയമോ ആവശ്യമില്ലെന്നും പരിശീലനത്തിനു ശേഷമായിരിക്കും ജോലി നല്‍കുക എന്നുമായിരുന്നു അറിയിപ്പ്. സെക്യൂരിറ്റി ഗാര്‍ഡിന് 2200 ദിര്‍ഹവും സൂപ്പര്‍വൈസര്‍ക്ക് 4000 ദിര്‍ഹവുമായിരുന്നു വാഗ്ദാനം. ദേരയിലെ ഓഫിസിലേക്ക് ഇവരെ വിളിച്ചുവരുത്തിയെങ്കിലും അപേക്ഷ നല്‍കുന്നതിനായി പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. സെക്യൂരിറ്റി ജോലിക്കാര്‍ 1800 ദിര്‍ഹവും സൂപ്പര്‍വൈസര്‍ ജോലിക്കാര്‍ 3000 ദിര്‍ഹവും നല്‍കണമെന്നായിരുന്നു ആവശ്യം. ഇത് നല്‍കിയശേഷം ഒരുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ദേരയിലെ ഓഫിസിലെത്തിയ ഇവര്‍ കണ്ടത് അടഞ്ഞുകിടക്കുന്ന ഓഫിസാണ്. മാസങ്ങള്‍ക്കു മുമ്പ് തുറന്ന ഓഫിസിന്റെ ലൈസന്‍സിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുന്നതിന് മൂന്നു ദിവസം മുമ്പ് സ്ഥാപന ഉടമ രാജ്യംവിട്ടതായി പൊലീസ് കണ്ടെത്തി. സ്ഥാപനത്തിലെ ജീവനക്കാരെ പൊലീസ് ചോദ്യംചെയ്‌തെങ്കിലും ഉടമയെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്തു ചെയ്യണമെന്നറിയാതെ കഷ്ടപ്പെടുകയാണ് ഒരു കൂട്ടം പ്രവാസികള്‍. 

അബുദാബിയില്‍ പുതിയ ലുലു ഫ്രഷ് മാര്‍ക്കറ്റ് ആരംഭിച്ചു.


അബുദാബി: അബുദാബി അല്‍ ദഫ്രയില്‍ ലുലു lulu ഗ്രൂപ്പിന്റെ പുതിയ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചു. ഗ്രോസറി, ഫ്രഷ് ഉല്‍പന്നങ്ങള്‍, പഴം-പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. അബുദാബിയിലെ പ്രാദേശിക കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച പഴം പച്ചക്കറികള്‍ എന്നിവയും ഇവിടെയുണ്ട്. മിര്‍ഫയിലും സമീപ പ്രദേശങ്ങളിളും താമസിക്കുന്ന സ്വദേശികള്‍ക്കും താമസക്കാര്‍ക്കും ഏറെ സൗകര്യപ്രദമാണ് പുതിയ ഫ്രഷ് മാര്‍ക്കറ്റ്. അല്‍ ദഫ്ര മുന്‍സിപ്പാലിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി താരേഷ് അല്‍ മെഹറിബി ഉദ്ഘാടനം ചെയ്തു. ലുലു അബുദാബി ഡയറക്ടര്‍ ടി.പി. അബൂബക്കര്‍, റീജനല്‍ മാനേജര്‍ അജയ് കുമാര്‍, അല്‍ ദഫ്ര ഓപ്പറേഷന്‍സ് മാനേജര്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. അല്‍ ദഫ്ര മുന്‍സിപ്പാലിറ്റി മാനേജര്‍ സാലെ അല്‍ മരാര്‍, ഡോ.അലി സൈഫ് അല്‍ മസ്രോയി എന്നിവരും പങ്കെടുത്തു.