സ്ഥിരീകരിക്കാത്ത വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന് ഷാർജ പൊലീസിന്റെ മുന്നറിയിപ്പ്
ഷാർജ: സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും 1 ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കുമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. വ്യാജവാർത്തകൾ തടയുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ബോധവൽക്കരണ വീഡിയോയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. യാതൊരു പരിശോധനയും നടത്താതെ വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങളും വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കൈമാറുന്നത് സമൂഹത്തിൽ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഒരു സന്ദേശം പോലും നൂറുകണക്കിന് ആളുകളിലേക്ക് എത്തുകയും മാനസിക സംഘർഷത്തിന് കാരണമാകുകയും ചെയ്യാം. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സാമൂഹിക സ്ഥിരതയെ ബാധിക്കുമെന്നും ഷാർജ പൊലീസ് ബോധവൽക്കരണ വിഭാഗം ഡയറക്ടർ മേജർ സൗദ് അൽ ശൈബ പറഞ്ഞു. വ്യാജവാർത്തകളും കിംവദന്തികളും ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്നത് സൈബർ കുറ്റകൃത്യങ്ങളും വ്യാജവാർത്തകളും തടയുന്നതിനുള്ള നിയമപ്രകാരം ഗുരുതരമായ കുറ്റമാണെന്നും പൊലീസ് ഓർമിപ്പിച്ചു. ഇതിന് കുറഞ്ഞത് ഒരു വർഷം തടവും 1 ലക്ഷം ദിർഹം പിഴയും ലഭിക്കാം.
പൗരന്മാരും താമസക്കാരും വിവരങ്ങൾ പങ്കുവെക്കുമ്പോൾ പ്രത്യേകം ജാഗ്രത പാലിക്കണം. വാർത്തയോ വിവരമോ കൈമാറുന്നതിന് മുമ്പ് അതിന്റെ ആധികാരികത ഉറപ്പാക്കണമെന്നും പൊലീസ് നിർദേശിച്ചു. ഇതിനായി ഔദ്യോഗിക സർക്കാർ സ്രോതസ്സുകളെയും അംഗീകൃത വാർത്താ മാധ്യമങ്ങളെയും ആശ്രയിക്കണം. ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പെരുമാറ്റം എല്ലാവരുടെയും കടമയാണെന്നും, ഒരു തെറ്റായ സന്ദേശം പോലും വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാമെന്നും ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി.














