വീണ്ടും നിയമം ലംഘിച്ചാൽ അധ്യയന വർഷം മുഴുവൻ ഫോൺ തിരികെ നൽകില്ല
അബൂദബി: യു.എ.ഇയിലെ പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ സ്കൂളുകളിൽ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിക്കുന്ന വിദ്യാർഥികൾക്കെതിരെ കർശന നടപടി. സ്കൂൾ ക്യാമ്പസിൽ മൊബൈൽ ഫോൺ കണ്ടെത്തിയാൽ ആദ്യ തവണ ഒരു മാസത്തേക്ക് ഫോൺ അധികൃതർ പിടിച്ചുവയ്ക്കും. വീണ്ടും നിയമലംഘനം നടത്തിയാൽ അധ്യയന വർഷം അവസാനിക്കുന്നതുവരെ ഫോൺ സ്കൂൾ അധികൃതരുടെ കസ്റ്റഡിയിൽ സൂക്ഷിക്കും. ഫോൺ പിടിച്ചെടുത്ത വിവരം ഉടൻ രക്ഷിതാക്കളെ അറിയിക്കണം. പിടിച്ചുവയ്ക്കുമ്പോൾ രക്ഷിതാവ് ‘ഫോം 24’ ഒപ്പിട്ട് നൽകണം. ഫോൺ തിരികെ നൽകുമ്പോൾ ‘ഫോം 25’ പ്രകാരം രേഖപ്പെടുത്തുകയും വേണം. വിദ്യാർഥികളുടെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട 2018ലെ 851-ാം നമ്പർ മന്ത്രാലയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ.
🔍 ബാഗുകൾ പരിശോധിക്കാം; ശരീരപരിശോധന പാടില്ല
മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി സ്കൂളുകൾക്ക് വിദ്യാർഥികളുടെ ബാഗുകളും മറ്റ് സാധനങ്ങളും പരിശോധിക്കാം. എന്നാൽ വിദ്യാർഥികളുടെ സ്വകാര്യത പൂർണമായി സംരക്ഷിക്കണം. പരിശോധനയ്ക്കിടെ സ്കൂൾ ജീവനക്കാർ വിദ്യാർഥിയുടെ ശരീരത്തിൽ സ്പർശിക്കാൻ പാടില്ല. പരിശോധനാ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ പോക്കറ്റുകളിലോ ബാഗുകളിലോ ഉള്ള സാധനങ്ങൾ പുറത്തെടുക്കാൻ വിദ്യാർഥിയോട് ആവശ്യപ്പെടാം. അനധികൃതമോ അധാർമികമോ ആയ പ്രവർത്തനങ്ങൾക്ക് ഫോൺ ഉപയോഗിക്കുന്നതും അധ്യാപകരുടെയോ വിദ്യാർഥികളുടെയോ ചിത്രങ്ങൾ അനുമതിയില്ലാതെ പകർത്തുന്നതും ഗുരുതര അച്ചടക്കലംഘനമായി കണക്കാക്കും. ഇത്തരം സംഭവങ്ങൾ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രത്യേക അതോറിറ്റിക്ക് കൈമാറുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും.
⌚ സ്മാർട്ട് വാച്ചിനും ഗെയിമിങ് ഉപകരണങ്ങൾക്കും നിയന്ത്രണം
മൊബൈൽ ഫോണിന് പുറമെ സ്മാർട്ട് വാച്ചുകൾ, ഗെയിമിങ് ഉപകരണങ്ങൾ തുടങ്ങിയവയ്ക്കും നിരവധി സ്കൂളുകൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ടാബ്‌ലെറ്റുകളും ഐപാഡുകളും അധ്യാപകർ നിർദേശിക്കുന്ന വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാവൂ. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്കൂളുകളിൽ ഈ നിയമങ്ങൾ ബാധകമാണ്. അതേസമയം, മറ്റ് കരിക്കുലങ്ങൾ പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾക്ക് സ്വന്തം ഉപകരണ ഉപയോഗ നയങ്ങൾ രൂപീകരിക്കാനും നടപ്പാക്കാനും കഴിയും.


.jpeg)


.jpeg)
.jpeg)

.jpeg)


