ഭാവിയിലെ സുരക്ഷയ്ക്ക് പുതിയ ദിശ; ‘ഹൊറൈസൺ എക്സ്’ പദ്ധതിയുമായി ദുബൈ പോലീസ്

വരാനിരിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ടെത്തി നൂതന സുരക്ഷാ പദ്ധതികളാക്കുകയാണ് ലക്ഷ്യം

ദുബൈ:ഭാവിയിലെ വെല്ലുവിളികളും സാധ്യതകളും മുൻകൂട്ടി തിരിച്ചറിഞ്ഞ് അവയെ ആധുനിക സുരക്ഷാ പദ്ധതികളാക്കി മാറ്റുന്നതിനായി ‘ഹൊറൈസൺ എക്സ്’ എന്ന പുതിയ സംരംഭവുമായി ദുബൈ പോലീസ്. നാളെയുടെ ആവശ്യങ്ങൾക്കനുസരിച്ച് പോലീസ് സേവനങ്ങളും പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദുബൈ പോലീസിലെ ഫ്യൂച്ചർ ഫോർസൈറ്റ് സെന്ററിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

വിപണിയിലും സാങ്കേതികവിദ്യയിലും ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ നേരത്തെ മനസ്സിലാക്കി ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പ്രായോഗിക പദ്ധതികളാക്കി മാറ്റാൻ പോലീസ് സ്റ്റേഷനുകൾക്കും വിവിധ വിഭാഗങ്ങൾക്കും ‘ഹൊറൈസൺ എക്സ്’ മാർഗനിർദേശം നൽകും. ഭാവിയിൽ സംഭവിക്കാനിടയുള്ള മാറ്റങ്ങൾ ഇന്നുതന്നെ തിരിച്ചറിഞ്ഞ് ആവശ്യമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഫ്യൂച്ചർ ഫോർസൈറ്റ് സെന്റർ ഡയറക്ടർ ബ്രിഗേഡിയർ ഹംദാൻ അൽ ഗാസി പറഞ്ഞു. ദുബൈ ഫ്യൂച്ചർ റെഡിനസ് ഇൻഡക്സിന്റെ അഞ്ച് പ്രധാന തൂണുകളെ അടിസ്ഥാനമാക്കിയാണ് പദ്ധതി മുന്നോട്ട് പോകുന്നത്.

പോലീസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ആഗോള നിലവാരത്തിലുള്ള സുരക്ഷാ മാതൃകകൾ വികസിപ്പിക്കാനും പദ്ധതി സഹായിക്കുമെന്ന് ഫ്യൂച്ചർ ഫോർസൈറ്റ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഉമർ ഖലീഫ ബൽ ഉബൈദ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ദുബൈ പോലീസിലെ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് പ്രത്യേക വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കും. ഇവയിൽ ഉയർന്നുവരുന്ന ആശയങ്ങളുടെ പ്രായോഗികതയും സുരക്ഷാ മേഖലയിലെ പ്രാധാന്യവും വിലയിരുത്തിയ ശേഷമായിരിക്കും അനുയോജ്യമായ പദ്ധതികൾ തിരഞ്ഞെടുക്കുക.



വ്യാജ സന്ദേശങ്ങൾ ഫോർവേഡ് ചെയ്താലും നിയമനടപടി; യു.എ.ഇയിൽ മുന്നറിയിപ്പ്

വാട്‌സ്‌ആപ്പിലോ സോഷ്യൽ മീഡിയയിലോ സന്ദേശങ്ങൾ പങ്കിടുന്നതിന് മുൻപ് സത്യാവസ്ഥ ഉറപ്പാക്കണമെന്ന് ടി.ഡി.ആർ.എ

അബൂദബി:വാട്‌സ്‌ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലഭിക്കുന്ന സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്നതിന് മുൻപ് അവയുടെ സത്യസന്ധത പരിശോധിക്കണമെന്ന് യു.എ.ഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടി.ഡി.ആർ.എ) മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ നിർദേശിച്ചു. വ്യാജ വെബ്‌സൈറ്റ് ലിങ്കുകൾ, അക്ഷരത്തെറ്റുകൾ, അസ്വാഭാവികമായ ലേഔട്ട് തുടങ്ങിയവ വ്യാജ സന്ദേശങ്ങളുടെ പ്രധാന ലക്ഷണങ്ങളാണ്.

സന്ദേശം താൻ തയ്യാറാക്കിയതല്ലെന്ന കാരണത്താൽ മാത്രം നിയമനടപടിയിൽ നിന്ന് ഒഴിവാകാനാകില്ല. മറ്റൊരാളിൽ നിന്ന് ലഭിച്ച വ്യാജ സന്ദേശം ഫോർവേഡ് ചെയ്യുന്നതും നിയമപരമായി പുതിയൊരു പ്രസിദ്ധീകരണമായി കണക്കാക്കാം. ദുരുദ്ദേശ്യമില്ലാതെയാണ് പങ്കുവെച്ചതെങ്കിലും വ്യാജ വിവരങ്ങളോ അനുമതിയില്ലാത്ത സ്വകാര്യ വിവരങ്ങളോ പ്രചരിപ്പിച്ചാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടിവരാം.

വാട്‌സ്‌ആപ്പ് ഉൾപ്പെടെയുള്ള സ്വകാര്യ ഗ്രൂപ്പുകളിലും ഇതേ നിയമങ്ങൾ ബാധകമാണ്. സ്വകാര്യ ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ ആയതിനാൽ യു.എ.ഇയിലെ സൈബർ നിയമങ്ങളിൽ നിന്ന് ഒഴിവാകില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ലഭിക്കുന്ന ഓരോ സന്ദേശവും പരിശോധിച്ച ശേഷം മാത്രം ഫോർവേഡ് ചെയ്യണമെന്നും സംശയമുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.



ബിസിനസ് പരാജയപ്പെട്ടാൽ ക്രിമിനൽ കേസാകില്ല; ദുബൈ അപ്പീൽ കോടതി

 സാമ്പത്തിക കണക്കുകളിലെ തർക്കങ്ങൾ സിവിൽ കോടതിയിലാണ് പരിഹരിക്കേണ്ടതെന്ന് നിർണായക വിധി

ദുബൈ: ബിസിനസ് നഷ്ടത്തിലാകുന്നതോ പങ്കാളികൾ തമ്മിലുള്ള സാമ്പത്തിക കണക്കുകൾ തീർപ്പാക്കാത്തതോ മാത്രം ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ലെന്ന് ദുബൈ അപ്പീൽ കോടതി വ്യക്തമാക്കി. സെക്കൻഡ് ഹാൻഡ് കാർ സ്പെയർ പാർട്സ് ബിസിനസിൽ പങ്കാളിയെ വഞ്ചിച്ചെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ വ്യവസായിയെ വെറുതെവിട്ട കീഴ്ക്കോടതി വിധി ശരിവെച്ചാണ് അപ്പീൽ കോടതിയുടെ നിർണായക ഉത്തരവ്. ബിസിനസ് തകർന്നതിനെ തുടർന്ന് ഒരു പങ്കാളി നൽകിയ പവർ ഓഫ് അറ്റോർണി ദുരുപയോഗം ചെയ്ത് പണം തട്ടിയെടുത്തെന്നായിരുന്നു ആരോപണം.

സാക്ഷിമൊഴികൾ, കമ്പനി രേഖകൾ, വിദഗ്ധ സമിതിയുടെ റിപ്പോർട്ട് എന്നിവ വിശദമായി പരിശോധിച്ച കോടതി, ഇത് സാമ്പത്തിക തിരിമറിയല്ലെന്നും കണക്കുകൾ കൃത്യമായി തീർപ്പാക്കാത്തതിനെ തുടർന്നുണ്ടായ ബിസിനസ് തർക്കമാണെന്നും വിലയിരുത്തി. വഞ്ചന ചെയ്യണമെന്ന ഉദ്ദേശത്തോടെ പണം തട്ടിയെടുത്തതായി തെളിയിക്കുന്ന മതിയായ തെളിവുകളും ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ പ്രതിക്കെതിരായ ക്രിമിനൽ കുറ്റം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

ബിസിനസ് നഷ്ടത്തിലാകുന്നതോ അക്കൗണ്ടുകളിൽ വ്യക്തതയില്ലാത്തതോ മാത്രം വഞ്ചനാക്കുറ്റമായി കണക്കാക്കാനാകില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. ഇത്തരം സാമ്പത്തിക തർക്കങ്ങൾ ക്രിമിനൽ നടപടികളിലൂടെ അല്ല, സിവിൽ കോടതികൾ വഴിയാണ് പരിഹരിക്കേണ്ടത്. ബിസിനസ് പങ്കാളികൾ തമ്മിലുള്ള തർക്കങ്ങളെ ക്രിമിനൽ കേസുകളാക്കി മാറ്റുന്നതിനെതിരെ വ്യക്തമായ സന്ദേശം നൽകുന്നതാണ് ദുബൈ അപ്പീൽ കോടതിയുടെ ഈ വിധി.



ദുബൈയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ആധുനിക സംരക്ഷണ കേന്ദ്രങ്ങൾ

മാനസികാരോഗ്യത്തിനും സുരക്ഷിതമായ സാമൂഹിക ഇടപെടലുകൾക്കും മുൻഗണന

ദുബൈ:സ്ത്രീകളുടെയും കുട്ടികളുടെയും മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടെയുള്ള സംരക്ഷണ കേന്ദ്രങ്ങൾ ഒരുക്കാൻ ദുബൈ. ദുബൈ മുനിസിപ്പാലിറ്റിയും ദുബൈ ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രനും ഇതുമായി ബന്ധപ്പെട്ട സഹകരണ കരാറിൽ ഒപ്പുവച്ചു. മികച്ച എൻജിനീയറിംഗ് നിലവാരവും മാനുഷിക പരിചരണവും സമന്വയിപ്പിച്ച സമഗ്ര സംരക്ഷണ കേന്ദ്രങ്ങളുടെ മാതൃകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വുമൺ ആൻഡ് ചിൽഡ്രൻ ഫൗണ്ടേഷന്റെ പുനരധിവാസ-പരിചരണ മേഖലയിലെ അനുഭവസമ്പത്തും ദുബൈ മുനിസിപ്പാലിറ്റിയുടെ എൻജിനീയറിംഗ്, സാങ്കേതിക, പ്രോജക്ട് മാനേജ്മെന്റ് ശേഷിയും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതികളുടെ പഠനം, രൂപകൽപ്പന, നിർമാണ മേൽനോട്ടം, പരിപാലനം തുടങ്ങിയ മേഖലകളിൽ ദുബൈ മുനിസിപ്പാലിറ്റി സാങ്കേതിക പിന്തുണ നൽകും.

വ്യക്തിഗത സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷിതമായ സാമൂഹിക ഇടപെടലുകൾക്ക് അവസരം നൽകുന്ന തരത്തിലായിരിക്കും കേന്ദ്രങ്ങളുടെ രൂപകൽപ്പന. പ്രകൃതിദത്ത പ്രകാശം, അനുയോജ്യമായ വർണങ്ങൾ, മികച്ച വായുസഞ്ചാരം, ആവശ്യമായ സേവന സൗകര്യങ്ങൾ എന്നിവയ്ക്കും പ്രത്യേക പരിഗണന നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വവും മാനസിക പ്രശാന്തതയും ഉറപ്പാക്കുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തിൽ മാതൃകയാക്കാവുന്ന സംരക്ഷണ കേന്ദ്രങ്ങളായിരിക്കും ഇവയെന്ന് അധികൃതർ വ്യക്തമാക്കി.



ആർ.ടി.എ ട്രാഫിക് പിഴ ഇനി ഗഡുക്കളായി അടയ്ക്കാം

ടാബി സേവനം ആർ.ടി.എയുടെ എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ലഭ്യം

ദുബൈ: ട്രാഫിക് പിഴകളും മറ്റ് സേവന ഫീസുകളും ഇനി ഗഡുക്കളായി അടയ്ക്കാൻ സൗകര്യം. ആർ.ടി.എയുടെ വെബ്സൈറ്റ്, ആർ.ടി.എ ആപ്പ്, നോൾ പേ ആപ്പ് തുടങ്ങിയ എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഇൻസ്റ്റാൾമെന്റ് പേയ്മെന്റ് പ്ലാറ്റ്ഫോമായ ‘ടാബി’ സംയോജിപ്പിച്ചു.

നേരത്തെ ആർ.ടി.എയുടെ സ്മാർട്ട് കിയോസ്കുകളിൽ മാത്രം ലഭിച്ചിരുന്ന ഗഡു പേയ്മെന്റ് സൗകര്യമാണ് ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിപ്പിച്ചത്. ടാബി വഴി അടയ്ക്കേണ്ട തുക നാല് ഗഡുക്കളായി തിരിച്ചടയ്ക്കാം.

വാഹന, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ട്രാഫിക് പിഴ അടയ്ക്കൽ തുടങ്ങി 170-ഓളം ആർ.ടി.എ സേവനങ്ങൾക്ക് ഈ സൗകര്യം ഉപയോഗിക്കാം. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ വാങ്ങുന്നതിനും ടാബി വഴിയുള്ള ഈ ഫ്ലെക്സിബിൾ പേയ്മെന്റ് സംവിധാനം പ്രയോജനപ്പെടുത്താം.



പ്രവാസി തൊഴിലാളി ക്ഷേമപദ്ധതികൾ ഇനി കൂടുതൽ ഡിജിറ്റൽ

സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കാൻ ദുബായ് ജിഡിആർഎഫ്എ ധാരണാപത്രം ഒപ്പുവച്ചു

ദുബായ്: ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസി തൊഴിലാളികൾക്കായി ദുബായിൽ നടപ്പാക്കുന്ന ക്ഷേമപദ്ധതികളും ബോധവൽക്കരണ പ്രവർത്തനങ്ങളും കൂടുതൽ ഡിജിറ്റൽ സംവിധാനത്തിലേക്ക്. തൊഴിലാളികൾക്കുള്ള വിവിധ സേവനങ്ങൾ വെർച്വൽ പ്ലാറ്റ്‌ഫോമുകളിലൂടെ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് യുഎഇ ആസ്ഥാനമായ ‘അഡ്വാന്റേജ് ടെക്നോളജി’യുമായി ദുബായ് ജിഡിആർഎഫ്എ ധാരണാപത്രം ഒപ്പുവച്ചത്.

കരാറിൽ ദുബായ് ജിഡിആർഎഫ്എ ലേബർ റിലേഷൻസ് റെഗുലേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ ഒമർ മത്തർ അൽ മസീനയും അഡ്വാന്റേജ് ടെക്നോളജി ഉടമ ഫൈസൽ അബ്ദുൽ അസീസ് അബ്ദുല്ല അൽ സറൂനിയും ഒപ്പുവച്ചു. തൊഴിലാളികൾക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും കൂടുതൽ സൗകര്യപ്രദമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ദുബായുടെ ഡിജിറ്റൽ പരിവർത്തന കാഴ്ചപ്പാടിന് കൂടുതൽ കരുത്ത് പകരുന്നതിനൊപ്പം സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു. ഇതിലൂടെ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും പ്രവാസി തൊഴിലാളികൾക്ക് കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.



അബൂദബിയിൽ ബദൽ ശിക്ഷാ നടപടികൾക്ക് വൻ വളർച്ച

ചെറിയ കുറ്റങ്ങളിൽ തടവിന് പകരം സാമൂഹിക സേവനവും ഇലക്ട്രോണിക് നിരീക്ഷണവും വ്യാപകമാകുന്നു

അബൂദബി: ചെറുകിട കുറ്റകൃത്യങ്ങൾക്കും ഗുരുതരമല്ലാത്ത നിയമലംഘനങ്ങൾക്കും തടവുശിക്ഷയ്ക്ക് പകരം ബദൽ ശിക്ഷയും പുനരധിവാസ സംവിധാനങ്ങളും നടപ്പാക്കുന്നതിൽ വലിയ പുരോഗതി കൈവരിച്ചതായി അബൂദബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (ADJD) അറിയിച്ചു. കുറ്റവാളികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കാനും സാമൂഹിക ഉത്തരവാദിത്തബോധം വളർത്താനും ലക്ഷ്യമിട്ടുള്ള നീതിന്യായ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ ശക്തമാക്കിയത്.

2023 മുതൽ 2025 വരെയുള്ള കാലയളവിൽ ഇലക്ട്രോണിക് നിരീക്ഷണ ഉത്തരവുകൾ ശരാശരി 170 ശതമാനവും, സാമൂഹിക സേവന ശിക്ഷകൾ 83.5 ശതമാനവും വർധിച്ചതായി ഡിപ്പാർട്മെന്റ് വ്യക്തമാക്കി. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയും അബൂദബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാന്റെ ദീർഘവീക്ഷണപരമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്ന് അണ്ടർസെക്രട്ടറി കൗൺസിലർ യൂസുഫ് സഈദ് അൽ അബ്റി പറഞ്ഞു.

അണ്ടർസെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കറക്ഷണൽ ആൻഡ് റീഹാബിലിറ്റേഷൻ പോളിസീസ് കമ്മിറ്റി യോഗത്തിലാണ് ഈ നേട്ടങ്ങൾ വിലയിരുത്തിയത്. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് ജയിൽവാസത്തിന് പകരം സാമൂഹിക സേവനം നൽകുന്ന രീതിക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നതായി യോഗം വിലയിരുത്തി. അത്യാധുനിക ഇലക്ട്രോണിക് മോണിറ്ററിങ് സംവിധാനത്തിന്റെ സഹായത്തോടെ കുറ്റവാളികളുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാനും നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമത കൂടുതൽ മെച്ചപ്പെടുത്താനും കഴിഞ്ഞതായും അധികൃതർ അറിയിച്ചു.



പാർട്ട് ടൈം ജോലി വാഗ്ദാനം; വീണ്ടും തട്ടിപ്പ് മുന്നറിയിപ്പുമായി ദുബൈ പോലീസ്

 സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ ജോലി ഓഫറുകളിൽ ജാഗ്രത പാലിക്കണമെന്ന് പ്രവാസികളോട് നിർദേശം

ദുബൈ: സോഷ്യൽ മീഡിയയും മെസേജിംഗ് ആപ്പുകളും വഴി പ്രചരിക്കുന്ന വ്യാജ പാർട്ട് ടൈം ജോലി ഓഫറുകളിൽ വീഴരുതെന്ന് ദുബൈ പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി. വ്യാജ ജോലി വാഗ്ദാനം നൽകി ഒരു യുവാവിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് അനധികൃത പണമിടപാടുകൾ നടത്തിയ സംഭവം കണ്ടെത്തിയതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ്. ചെറിയ ജോലികൾക്ക് വലിയ വരുമാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ആളുകളെ കുടുക്കുന്നതെന്ന് പോലീസ് അറിയിച്ചു.

വിദേശത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച തട്ടിപ്പുകാർ യുവാവിനെ സമീപിക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ പണം കമ്മീഷൻ വാങ്ങി മറ്റ് അക്കൗണ്ടുകളിലേക്ക് അയച്ചുനൽകാൻ ഇയാളെ പ്രേരിപ്പിച്ചു. പിന്നീട് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ അന്വേഷണത്തിലാണ് അക്കൗണ്ട് വഴി കൈമാറിയത് തട്ടിപ്പിലൂടെ ലഭിച്ച പണമാണെന്ന് വ്യക്തമായത്.

ജോലി തേടുന്നവരുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും തട്ടിയെടുക്കാനും നിയമവിരുദ്ധമായി സമ്പാദിച്ച പണം വെളുപ്പിക്കാനും ഇത്തരം തട്ടിപ്പുകൾ ഉപയോഗിക്കുന്നതായി ദുബൈ പോലീസ് വ്യക്തമാക്കി. അറിഞ്ഞോ അറിയാതെയോ ഇത്തരത്തിലുള്ള ഇടപാടുകളിൽ പങ്കാളികളാകുന്നവർക്ക് ഗുരുതരമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും സംശയാസ്പദമായ ജോലി ഓഫറുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



അബൂദബിയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ നേരിട്ടുള്ള സർവീസുകൾ; നാല് പുതിയ നഗരങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്

നവി മുംബൈ, ഇൻഡോർ, ലഖ്നോ സർവീസുകൾ തുടങ്ങി; ഗുവാഹത്തി സർവീസ് ഓഗസ്റ്റ് 7 മുതൽ


അബൂദബി: യു.എ.ഇ-ഇന്ത്യ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി അബൂദബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലെ നാല് നഗരങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നു. നവി മുംബൈ, ഇൻഡോർ, ലഖ്നോ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. അസം തലസ്ഥാനമായ ഗുവാഹത്തിയിലേക്കുള്ള നേരിട്ടുള്ള സർവീസ് ഓഗസ്റ്റ് 7 മുതൽ ആരംഭിക്കും.

യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വർധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ സർവീസുകൾ സഹായിക്കുമെന്ന് അബൂദബി എയർപോർട്സ് സി.ഇ.ഒ അഹമ്മദ് ജുമാ അൽ ശംസി പറഞ്ഞു. പ്രാദേശിക വിമാനക്കമ്പനികളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ ലഭിക്കുമെന്നും, അബൂദബിയുടെ ടൂറിസം, സാമ്പത്തിക മേഖലകൾക്ക് ഇത് കൂടുതൽ കരുത്തേകുമെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എ.ഇ എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രധാന അന്താരാഷ്ട്ര വിപണികളിലൊന്നാണെന്നും അബൂദബി കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന നഗരമാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ നിപുൺ അഗർവാൾ പറഞ്ഞു. നിലവിൽ ഇത്തിഹാദ് എയർവേയ്സ്, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികൾ അബൂദബിയിൽ നിന്ന് മുംബൈ, ന്യൂഡൽഹി, കൊച്ചി ഉൾപ്പെടെയുള്ള പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്ക് ദിവസേന സർവീസുകൾ നടത്തുന്നുണ്ട്.



ഷാർജയിൽ വേനൽ ആഘോഷങ്ങൾക്ക് തുടക്കം; 50-ലേറെ കമ്മ്യൂണിറ്റി പരിപാടികളുമായി ശുറൂഖ്

ആഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ ഏഴാഴ്ച നീളുന്ന പരിപാടികൾ; കുടുംബങ്ങൾക്കും കുട്ടികൾക്കും ഫിറ്റ്നസ് പ്രേമികൾക്കും നിരവധി അവസരങ്ങൾ

ഷാർജ: ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ഏഴാഴ്ച നീളുന്ന വിപുലമായ വേനൽക്കാല കമ്മ്യൂണിറ്റി പരിപാടികളുമായി ഷാർജ നിക്ഷേപ വികസന അതോറിറ്റി (ശുറൂഖ്) രംഗത്ത്. ബീച്ച് ഫിറ്റ്നസ്, ഷാർജ സാറ്റർഡേ റൺ, കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ്, തിയേറ്റർ ഷോകൾ, കുടുംബ വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടെ ഷാർജയുടെ വിവിധ ഭാഗങ്ങളിലായി 50-ലേറെ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കുടുംബങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.

ആഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 19 വരെ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും വൈകിട്ട് 6 മുതൽ 7 വരെ അൽ ഹീറ ബീച്ചിലും ഖോർഫക്കാൻ ബീച്ചിലുമായി സൗജന്യ ബീച്ച് ഫിറ്റ്നസ് ക്ലാസുകൾ നടക്കും. പ്രൊഫഷണൽ പരിശീലകരുടെ നേതൃത്വത്തിൽ ആകെ 28 സെഷനുകളാണ് സംഘടിപ്പിക്കുന്നത്. എല്ലാ പ്രായക്കാരെയും പരിഗണിച്ചാണ് പരിശീലന പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

കമ്മ്യൂണിറ്റി റണ്ണിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി നാല് സൗജന്യ ‘ഷാർജ സാറ്റർഡേ റൺ’ പരിപാടികളും നടക്കും. അൽ ഖസ്ബയും അൽ മജാസ് വാട്ടർഫ്രണ്ടും ആരംഭ കേന്ദ്രങ്ങളായിരിക്കും. വൈകിട്ട് 6ന് ഓട്ടം ആരംഭിക്കുന്നതിനാൽ പങ്കെടുക്കുന്നവർ 5.45നകം മീറ്റിങ് പോയിന്റുകളിൽ എത്തണം. അൽ ഖസ്ബയിൽ സ്റ്റാർബക്സിനും അൽ മജാസ് വാട്ടർഫ്രണ്ടിൽ ടിം ഹോർട്ടൺസിനും സമീപമാണ് മീറ്റിങ് പോയിന്റുകൾ. പങ്കെടുക്കാൻ താൽപര്യമുള്ളവർ Discover Shurooq വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.



ഷാർജയിലെ സ്വകാര്യ സ്‌കൂളുകളുടെ 2026-27 അക്കാദമിക് കലണ്ടർ പുറത്തിറങ്ങി

ക്ലാസുകൾ ആഗസ്റ്റ് 31ന് തുടങ്ങും; ശൈത്യ-വസന്ത അവധികളുടെ തീയതികളും പ്രഖ്യാപിച്ചു


ഷാർജ: ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) 2026-2027 അധ്യയന വർഷത്തേക്കുള്ള സ്വകാര്യ സ്‌കൂളുകളുടെ അക്കാദമിക് കലണ്ടർ പുറത്തിറക്കി. പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ 2026 ആഗസ്റ്റ് 31ന് ആരംഭിക്കും. ഇന്ത്യൻ, പാകിസ്ഥാനി കരിക്കുലം പിന്തുടരുന്ന സ്‌കൂളുകൾ ഒഴികെയുള്ള ഷാർജയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും ഈ കലണ്ടർ ബാധകമാണ്.

പ്രഖ്യാപിച്ച കലണ്ടർ പ്രകാരം, വിദ്യാർഥികൾക്കുള്ള ശൈത്യകാല അവധി 2026 ഡിസംബർ 14ന് ആരംഭിക്കും. അവധിക്ക് ശേഷം 2027 ജനുവരി 4ന് ക്ലാസുകൾ വീണ്ടും തുടങ്ങും. വസന്തകാല അവധി 2027 ഏപ്രിൽ 5 മുതൽ 8 വരെയായിരിക്കും. തുടർന്ന് ഏപ്രിൽ 12ന് അധ്യയനം പുനരാരംഭിക്കും.

2026-2027 അധ്യയന വർഷം 2027 ജൂലൈ 1ന് അവസാനിക്കും. പഠനക്രമം, പരീക്ഷകൾ, വിവിധ അവധികൾ എന്നിവ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സ്‌കൂളുകൾക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സഹായകരമാകുന്നതിനാണ് അക്കാദമിക് കലണ്ടർ നേരത്തേ പ്രഖ്യാപിച്ചതെന്ന് അതോറിറ്റി അറിയിച്ചു.



ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി ‘റെയിൽ ടു റോഡ്’ സേവനം; സ്റ്റേഷനിൽ നിന്ന് നേരിട്ട് കാർ വാടകയ്ക്ക്

 ട്രെയിൻ ടിക്കറ്റിനൊപ്പം തന്നെ വാഹനവും ബുക്ക് ചെയ്യാം

അബൂദബി: ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് സ്റ്റേഷനിലെത്തിയ ശേഷം തുടർയാത്ര കൂടുതൽ സൗകര്യപ്രദമാക്കാൻ പുതിയ ‘റെയിൽ ടു റോഡ്’ കാർ റെന്റൽ സേവനം പ്രഖ്യാപിച്ചു. പ്രമുഖ കാർ റെന്റൽ സ്ഥാപനമായ ത്രിഫ്റ്റി കാർ റെന്റൽ യു.എ.ഇയുമായി അഞ്ചുവർഷത്തെ കരാറിന്റെ ഭാഗമായാണ് ഈ സേവനം ആരംഭിക്കുന്നത്. ഇത്തിഹാദ് റെയിലിന്റെ 11 പാസഞ്ചർ സ്റ്റേഷനുകളിലും ഡിജിറ്റൽ റെന്റൽ കിയോസ്‌കുകളും കസ്റ്റമർ അസിസ്റ്റൻസ് ഡെസ്കുകളും ഒരുക്കും. യാത്രക്കാർക്ക് ഇത്തിഹാദ് റെയിൽ ആപ്പ്, വെബ്സൈറ്റ്, അല്ലെങ്കിൽ ത്രിഫ്റ്റിയുടെ പ്ലാറ്റ്ഫോം വഴി വാഹനങ്ങൾ എളുപ്പത്തിൽ ബുക്ക് ചെയ്യാനാകും. ട്രെയിൻ ടിക്കറ്റും കാർ ബുക്കിംഗും ഒരേ ഡിജിറ്റൽ പ്രക്രിയയിലൂടെ പൂർത്തിയാക്കാനാകുന്നതും ഈ സേവനത്തിന്റെ പ്രത്യേകതയാണ്.

ഈ പദ്ധതിക്കായി ത്രിഫ്റ്റി ഒരു കോടിയിലധികം ദിർഹം നിക്ഷേപിക്കും. ആദ്യഘട്ടത്തിൽ 500 വാഹനങ്ങളാണ് സേവനത്തിനായി ഒരുക്കുന്നത്. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് വാഹനങ്ങളുടെ എണ്ണം പിന്നീട് വർധിപ്പിക്കും. നിർമിത ബുദ്ധി (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ ബുക്കിംഗ് നടപടികളും ഉപഭോക്തൃ സേവനങ്ങളും കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാനാണ് പദ്ധതി.

യാത്രക്കാരുടെ യാത്രാനുഭവം കൂടുതൽ സമഗ്രവും സുഗമവുമാക്കുകയാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് എ.എ. അൽമൂസ എൻറർപ്രൈസസ് സ്ഥാപകൻ അബ്ദുല്ല അഹമ്മദ് അൽമൂസ പറഞ്ഞു. അബൂദബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുള്ള ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട പാസഞ്ചർ സർവീസ് 2026 ജൂൺ 30-നാണ് ആരംഭിച്ചത്. ദുബൈ, ഷാർജ സ്റ്റേഷനുകൾ 2026 സെപ്റ്റംബർ 30-ന് പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.



ഒമാനിൽ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ; പുതിയ പ്രഖ്യാപനം

കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കാൻ താമസനിയമത്തിൽ ഭേദഗതി

വിദേശ സഞ്ചാരികളുടെ വരവ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒമാൻ സർക്കാർ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു. സുൽത്താനേറ്റിലെ വിദേശികളുടെ താമസവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയുടെ ഭാഗമായാണ് ഈ പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.

2026 ഓഗസ്റ്റ് 2-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീരുമാനപ്രകാരം, നിർദ്ദിഷ്ട രാജ്യങ്ങളിലെ പൗരന്മാർക്ക് ഈ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ ലഭ്യമാകും. യോഗ്യതയുള്ളവർ അപേക്ഷ സമർപ്പിച്ചാൽ ബന്ധപ്പെട്ട അധികാരികൾ വിസ അനുവദിക്കുമെന്നാണ് വ്യവസ്ഥ.

പുതിയ നടപടി ഒമാനിലേക്ക് കൂടുതൽ അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കാനും ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ്. വിസ ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയും മറ്റ് വിശദമായ മാനദണ്ഡങ്ങളും ബന്ധപ്പെട്ട അധികൃതർ പ്രത്യേകം വ്യക്തമാക്കും.



ഷെയറിങ് താമസത്തിന് പുതിയ നിയന്ത്രണം; ദുബൈയിൽ അനുമതിയില്ലാത്ത സബ്‌ലറ്റിങ് ഇനി നിയമവിരുദ്ധം

ദുബൈ: വാടകച്ചെലവ് കുറയ്ക്കാൻ ഷെയറിങ് താമസസൗകര്യങ്ങൾ ഉപയോഗിക്കുന്ന പ്രവാസികളെ ബാധിക്കുന്ന പുതിയ നിയമം അടുത്ത മാസം മുതൽ ദുബൈയിൽ പൂർണമായും പ്രാബല്യത്തിൽ വരും. 2026-ലെ ദുബൈ ഗസറ്റ് വിജ്ഞാപനത്തിലെ നിയമ നമ്പർ 4 പ്രകാരമാണ് സബ് കോൺട്രാക്ട് അടിസ്ഥാനത്തിൽ മുറികൾ വാടകയ്ക്ക് നൽകുന്നതും അനധികൃത സബ്‌ലറ്റിങ്ങും അമിത തിരക്കുള്ള ബെഡ്‌സ്‌പേസ് താമസവും നിയന്ത്രിക്കുന്നത്. മാർച്ചിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച നിയമം 180 ദിവസത്തെ കാലാവധി പൂർത്തിയാകുന്നതോടെയാണ് നടപ്പാകുന്നത്. താമസക്കാരുടെ സുരക്ഷയും താമസസൗകര്യങ്ങളിലെ ക്രമീകരണവും ഉറപ്പാക്കുകയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. പ്രോപ്പർട്ടി ഉടമകൾ, ലൈസൻസുള്ള ഓപ്പറേറ്റർമാർ, ഷെയറിങ് താമസത്തിനായി അനുവദിച്ച യൂണിറ്റുകളിൽ താമസിക്കുന്നവർ എന്നിവരെയാണ് നിയമം പ്രധാനമായും ബാധിക്കുന്നത്.

പുതിയ നിയമപ്രകാരം, പ്രോപ്പർട്ടി ഉടമയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഒരു വാടകക്കാരനും തന്റെ അപാർട്ട്മെന്റോ അതിലെ മുറികളോ മറ്റൊരാൾക്ക് സബ്‌ലറ്റ് ചെയ്യാനോ കൈമാറാനോ കഴിയില്ല. വാടകക്കരാറിൽ അതിനുള്ള അനുമതി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാത്രമേ ഇളവ് ലഭിക്കൂ. അനുമതിയില്ലാതെ മുറികൾ മറ്റൊരാൾക്ക് നൽകുന്നത് കരാർ ലംഘനമായി കണക്കാക്കി നിയമനടപടികൾക്ക് ഇടയാക്കും. എന്നാൽ കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നതിനും നിയമാനുസൃതമായി രജിസ്റ്റർ ചെയ്ത താമസക്കാരെ കൂടെ പാർപ്പിക്കുന്നതിനും തടസ്സമില്ല.

അതേസമയം, അനൗദ്യോഗികമായി ബെഡ്‌സ്‌പേസുകളോ മുറികളോ വാടകയ്ക്ക് നൽകുന്നതും ആവശ്യമായ അനുമതിയില്ലാതെ താൽക്കാലിക പാർട്ടീഷനുകൾ നിർമ്മിക്കുന്നതും അനുവദനീയ പരിധിയേക്കാൾ കൂടുതൽ ആളുകളെ ഒരേ യൂണിറ്റിൽ താമസിപ്പിക്കുന്നതും ഇത്തരം താമസസൗകര്യങ്ങൾ നിയമവിരുദ്ധമായി പരസ്യം ചെയ്ത് ആളുകളെ ആകർഷിക്കുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾക്കെതിരെ ബന്ധപ്പെട്ട അധികാരികൾ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.



ദുബൈയിൽ പുതിയ സൈക്കിൾ-നടപ്പാലം തുറന്നു

 അൽ മംസാറിനെയും അൽ ഖവാനീജിനെയും ഇനി സുരക്ഷിതമായി ബന്ധിപ്പിക്കും

ദുബൈ: കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായി യാത്ര ചെയ്യാൻ സഹായിക്കുന്ന പുതിയ പാലം ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) തുറന്നു. 820 മീറ്റർ നീളമുള്ള ഈ പാലം അൽ നഹ്ദ വഴിയായി അൽ മംസാറിനെയും അൽ ഖവാനീജിനെയും ബന്ധിപ്പിക്കുന്നതാണ്. നഗരത്തിലെ പ്രധാന സൈക്ലിംഗ് പാതകളെ പരസ്പരം ബന്ധിപ്പിക്കുന്നതിലും ഈ പദ്ധതി നിർണായക പങ്കുവഹിക്കും.

ഈ പുതിയ പാത അൽ ഖവാനീജ്, അൽ വർഖ സൈക്ലിംഗ് ട്രാക്കുകളുമായി നേരിട്ട് ബന്ധിപ്പിക്കുകയും സെയ്ഹ് അൽ സലാം വരെ യാത്ര തുടരാൻ സൗകര്യമൊരുക്കുകയും ചെയ്യുന്നു. ഇതോടെ സൈക്കിൾ യാത്രക്കാർക്ക് കൂടുതൽ ദൈർഘ്യമുള്ള റൂട്ടുകളിൽ എളുപ്പത്തിലും തടസ്സമില്ലാതെയും സഞ്ചരിക്കാൻ കഴിയും.

നഗരത്തിൽ സുസ്ഥിര ഗതാഗതവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയത്. പുതിയ പാലം പ്രവർത്തനസജ്ജമായതോടെ സൈക്കിൾ യാത്രികർക്കും കാൽനടയാത്രക്കാർക്കും ദുബൈയിലെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ സുരക്ഷിതമായും സൗകര്യപ്രദമായും യാത്ര ചെയ്യാൻ സാധിക്കും.

_