വ്യക്തിഗത, കുടുംബ താമസങ്ങൾക്ക് പ്രത്യേക വ്യവസ്ഥകൾ; നിയമലംഘനത്തിന് 5 ലക്ഷം ദിർഹം വരെ പിഴ
ദുബൈ: ഷെയറിംഗ് താമസസൗകര്യങ്ങൾക്ക് അനുമതിയുള്ള മേഖലകളും പാലിക്കേണ്ട നിബന്ധനകളും വ്യക്തമാക്കി ദുബൈ മുനിസിപ്പാലിറ്റി. 44-ലധികം മേഖലകളിൽ പൂർണമായോ നിർദിഷ്ട ഭാഗങ്ങളിൽ മാത്രമായോ താമസത്തിന് അനുമതിയുണ്ട്. ദേരയിലെ അൽ റാസ്, നായിഫ്, അൽ റിഗ്ഗ, അൽ മുറാർ, അൽ മുതീന, ഖിസൈസ്, അൽ നഹ്ദ, കറാമ, ഊദ് മേത്ത, ജുമൈറ, ബർഷ, അൽ വർഖ തുടങ്ങിയ മേഖലകൾ പട്ടികയിൽ ഉൾപ്പെടുന്നു. അബൂഹൈൽ, മൻഖൂൽ, അൽ സത്വ, പോർട്ട് സഈദ്, അൽ മംസാർ, ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ നിർദിഷ്ട ഭാഗങ്ങളിൽ മാത്രമാണ് അനുമതി. ബനിയാസ് റോഡ്, ശൈഖ് സായിദ് റോഡ്, ജുമൈറ റോഡ്, അൽ വസൽ റോഡ് തുടങ്ങിയ പ്രധാന മേഖലകളിൽ കുടുംബ താമസത്തിന് മാത്രമായിരിക്കും അനുമതി.
പുതിയ മാർഗനിർദേശപ്രകാരം ഷെയറിംഗ് താമസത്തെ വ്യക്തിഗത താമസം (ബാച്ചിലേഴ്സ്), കുടുംബ താമസം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. ഒരു താമസ യൂണിറ്റ് ഈ വിഭാഗങ്ങളിൽ ഒന്നിന് മാത്രമേ അനുവദിക്കൂ. ഓരോ വ്യക്തിക്കും കിടപ്പുമുറിയിൽ കുറഞ്ഞത് അഞ്ച് ചതുരശ്ര മീറ്റർ സ്ഥലം ഉറപ്പാക്കണം. അടുക്കള, ബാത്ത്റൂം, ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും അലക്കിനുമുള്ള സൗകര്യങ്ങളും നിർബന്ധമാണ്. ഷെയറിംഗ് താമസം നടത്തുന്നതിന് പ്രത്യേക പെർമിറ്റും ആവശ്യമാണ്.
നിലവിലുള്ള താമസകേന്ദ്രങ്ങൾക്ക് പുതിയ ചട്ടങ്ങൾ പാലിച്ച് ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ 2027 സെപ്റ്റംബർ 8 വരെ സമയം അനുവദിച്ചിട്ടുണ്ട്. നിയമങ്ങൾ ലംഘിക്കുന്നവർക്ക് 500 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴ ചുമത്താമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഷെയറിംഗ് താമസത്തിൽ കഴിയുന്നവരും താമസസൗകര്യം നൽകുന്നവരും തങ്ങളുടെ മേഖലയിലെ അനുമതിയും ആവശ്യമായ പെർമിറ്റും ഉറപ്പാക്കണം.














